Pathanamthitta local

പുസ്തകപ്പുര ഒരുക്കിയ ശ്യാം രാഷ്ട്രപതി ഭവനിലേക്ക്

ചിറ്റാര്‍: അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എപിജെ അബ്ദുല്‍ കലാമിന്റെ വിഖ്യാത പുസ്തകമായ അഗ്നിച്ചിറകുകളില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് പുസ്തകപ്പുര ഒരുക്കിയ വയ്യാറ്റുപുഴ വികെഎന്‍എംവിഎച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി ശ്യാം രാഷ്ട്രപതി ഭവനിലേക്ക് യാത്ര തിരിച്ചു.
നാഷനല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ രാമേശ്വരം മുതല്‍ ഡല്‍ഹിയിലെ രാഷ്ട്രപതി ഭവന്‍ വരെയുള്ള യാത്രയില്‍ അണിചേരാന്‍ ജില്ലയില്‍ നിന്നു തിരഞ്ഞെടുത്തിട്ടുള്ള രണ്ട് വിദ്യാര്‍ഥികളില്‍ ഒരാളാണ് ചിറ്റാര്‍ വയ്യാറ്റുപുഴ പുതുപ്പറമ്പില്‍ ശ്യാം. അട്ടച്ചാക്കല്‍ സെന്റ് ജോര്‍ജ് വിഎച്ച്എസ്എസിലെ അസ്ലിം പി സജിയാണ് ജില്ലയില്‍ നിന്നു ശ്യാമിനൊപ്പം ഡല്‍ഹിക്ക് പോവുന്ന മറ്റൊരു വിദ്യാര്‍ഥി. ഗ്രാമീണ മേഖലയില്‍ കുട്ടികളിലും മുതിര്‍ന്നവരിലും വായനാശീലം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്‌കൂളിലെ എന്‍എസ്എസ് വിഭാഗം ആവിഷ്‌കരിച്ച പദ്ധതി പ്രകാരമാണ് പുസ്തകപ്പുര എന്ന ആശയം ശ്യാം യാഥാര്‍ഥ്യമാക്കിയത്. മാതാപിതാക്കളും സ്‌കൂള്‍ ലീഡര്‍ അമല്‍ പ്രകാശും ശ്യാമിന് പ്രോല്‍സാഹനവുമായി രംഗത്തെത്തിയതോടെ പുസ്തകപ്പുര യാഥാര്‍ഥ്യമായി.
ഇന്നലെ വൈകീട്ട് ശ്യാം എറണാകുളം സൗത്ത് സ്‌റ്റേഷനില്‍ നിന്നു രാമേശ്വരത്തേക്ക് യാത്രയായി. കേരളത്തില്‍ നിന്നു 40 വിദ്യാര്‍ഥികളാണ് സംഘത്തിലുള്ളത്. 26ന് ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക്ക് പരേഡ് കണ്ടതിനുശേഷം ഇവര്‍ രാഷ്ട്രപതി ഭവനില്‍ എത്തും.
രാജുകുട്ടിയുടെയും രാജിയുടെയും ഇളയ മകനാണ് ശ്യാം. പിതാവ് രാജുകുട്ടി മേസ്തിരി പണിക്കാരനും അമ്മ തൊഴിലുറപ്പു പദ്ധതിയിലെ ജോലിക്കാരിയുമാണ്. ശരത്‌രാജ് സഹോദരനാണ്.
Next Story

RELATED STORIES

Share it