പുവര്‍ ഹോമിലെ പെണ്‍കുട്ടിയുടെ മരണം; ചികില്‍സാ പിഴവെന്ന് റിപോര്‍ട്ട്

തിരുവനന്തപുരം: പനിബാധിച്ച് ശ്രീചിത്ര പുവര്‍ഹോമിലെ അന്തേവാസിയായ അഞ്ജു (18) മരിച്ചത് ചികില്‍സാ പിഴവെന്ന് റിപോര്‍ട്ട്. മനുഷ്യാവകാശ കമ്മീഷന് അഡീഷനല്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ നല്‍കിയ റിപോര്‍ട്ടിലാണ് മരണത്തിനു കാരണമായ ഗുരുതര വീഴ്ചകള്‍ ചൂണ്ടിക്കാട്ടുന്നത്. പൊതു പ്രവര്‍ത്തകനായ കവടിയാര്‍ ഹരികുമാര്‍ നല്‍കിയ പരാതി  പ്രകാരമാണ് കമ്മീഷന്‍ റിപോര്‍ട്ട് തേടിയത്. അഞ്ജുവിന്റെ മരണവുമായി ബന്ധപ്പെട്ട സുപ്രധാനമായ വിവരങ്ങള്‍ ആരോഗ്യവകുപ്പ് മറച്ചുവയ്ക്കുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പനി മൂര്‍ച്ഛിച്ചതിനാല്‍ രക്തപരിശോധന അടക്കമുള്ള വിശദ പരിശോധന നിര്‍ദേശിച്ചിട്ടും പെണ്‍കുട്ടിക്ക് അവയൊന്നും നല്‍കിയിരുന്നില്ല എന്ന് റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.  2017 ഡിസംബര്‍ ഒന്നിനാണ് പനിബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജ്  ആശുപത്രിയില്‍ അഞ്ജു മരിച്ചത്. സംഭവം വിവാദമായതോടെ  അഡീഷനല്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. നീന റാണി, ജില്ലാ  മലേറിയ ഓഫിസര്‍ രാജശേഖരന്‍ എന്നിവര്‍ ചിത്ര ഹോം സന്ദര്‍ശിച്ച് വിശദവിവരങ്ങള്‍ അന്വേഷിച്ചു. പനിയും നടുവേദനയുമായി നവംബര്‍ 29ന് അഞ്ജുവിനെ പുവര്‍ഹോം അധികൃതര്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ കൊണ്ടുവന്നിരുന്നു. പനിക്കുള്ള കഷായവും പൊടിരൂപത്തിലുള്ള മരുന്നും ഡോക്ടര്‍ നല്‍കിയെന്ന് റിപോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ഈ മരുന്നുകള്‍ പെണ്‍കുട്ടിക്ക് നല്‍കിയോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. അസുഖം കുറയാത്തതിനാല്‍ തൊട്ടടുത്ത ദിവസം ഫോര്‍ട്ട് ആശുപത്രിയില്‍ കാണിച്ചെങ്കിലും മരുന്നൊന്നും നല്‍കിയില്ല. രണ്ട് ദിവസം കഴിഞ്ഞ് രക്തപരിശോധന നടത്തണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നെങ്കിലും നടത്തിയിരുന്നില്ല. ഇക്കാര്യം റിപോര്‍ട്ടില്‍ ഉള്‍പ്പെടുത്താത്തത് ഗുരുതര വീഴ്ചയാണ്. ഇത്തരം സുപ്രധാന വസ്തുതകള്‍ പൂഴ്ത്തിവച്ചുവെന്ന ആക്ഷേപമാണ് ഉയര്‍ന്നിരുന്നത്.  അഞ്ജുവിന്  പനിബാധിച്ചതറിഞ്ഞ് അമ്മൂമ്മ വരുകയും 30ന് കുട്ടിയെ പേരൂര്‍ക്കട ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. എന്നാല്‍, രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വൈകുന്നേരം നാലുമണിയോടെ  മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അപ്പോഴേക്കും നില അതീവ  ഗുരുതരമായിക്കഴിഞ്ഞിരുന്നു. തുടര്‍ന്ന് ഡിസംബര്‍ ഒന്നിനാണ് പെണ്‍കുട്ടി മരിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സിച്ച ഡോക്ടറുടെ വിശദീകരണം, കുട്ടിക്ക് പ്ലേറ്റ്‌ലറ്റ് കുറഞ്ഞതുമൂലമുണ്ടായ രക്തസ്രാവവും ഗുരുതരമായ ശ്വാസതടസ്സമുണ്ടായിരുന്നുവെന്നാണ്. എന്നാല്‍, 29, 30 തിയ്യതികളില്‍ രണ്ട് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സിച്ച വിവരങ്ങള്‍ റിപോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. കുട്ടിയുടെ ബന്ധുക്കള്‍ക്ക് ചികില്‍സാ പിഴവ് സംബന്ധിച്ച് പരാതി ഉണ്ടായിരുന്നുവെന്നും മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്താന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന കാര്യവും റപോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
Next Story

RELATED STORIES

Share it