palakkad local

പുഴ മോഷ്ടിക്കുന്നത് സാംസ്‌കാരിക ചോരണം:

സുഭാഷ് ചന്ദ്രന്‍

ഷൊര്‍ണ്ണൂര്‍: പുഴമണല്‍ മോഷ്ടിച്ചു കൊണ്ടു പോകുമ്പോള്‍ പുഴ മാത്രമല്ല മോഷ്ടിക്കപ്പെടുന്നതെന്നും പുഴയുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ഒരു പാട് പാട്ടു സംസ്‌കൃതി കൂടിയാണ് മോഷ്ടിക്കപ്പെടുന്നതെന്നും കഥാകൃത്ത് സുഭാഷ് ചന്ദ്രന്‍. ഷൊര്‍ണ്ണൂര്‍ ഭാരതപ്പുഴയില്‍ അരങ്ങേറുന്ന ഞെരളത്ത് കലാശ്രമം ഞെരളത്ത് രാമ പൊതുവാള്‍ സ്മാരക കേരള സംഗീതോല്‍സവമായ പാട്ടോളത്തോടനുബന്ധിച്ച് നടന്ന  സാംസ്‌കാരിക സമ്മേളനത്തില്‍ മുഖ്യാഥിതിയായി  സംസാരിക്കുകയായിരുന്നു സുഭാഷ് ചന്ദ്രന്‍. പ്രമുഖ ടിവി താരം സൂരജ് തേലക്കാട്, കേരള സംഗീത നാടക അക്കാദമി സെക്രട്ടറി  എന്‍ രാധാകൃഷ്ണന്‍ നായര്‍, നാടന്‍പാട്ട് കലാകാരന്‍ പ്രണവം ശശി, മസ്‌ക്കറ്റിലെ പ്രമുഖ വ്യവസായിയും സിനിമാ നിര്‍മാതാവുമായ അനില്‍ എഴുത്തച്ഛന്‍, വി കെ അനന്തകുമാര്‍ സംസാരിച്ചു. ആയുര്‍വേദ ശിരോമണി പദ്മനാഭന്‍ വൈദ്യരെ ചടങ്ങില്‍ ആദരിച്ചു. ആറങ്ങോട്ടുകര വയലി ഫോക് ഗ്രൂപ്പ് അവതരിപ്പിക്കുന്ന മരംകൊട്ട്, പുള്ളുവന്‍പാട്ട്, പാണര്‍പാട്ട്,  മാവിലര്‍പാട്ട്,  പാക്കനാര്‍പാട്ട്, തുമ്പിതുള്ളല്‍പാട്ട്,  നായാടിക്കളിപ്പാട്ട്, ചോഴിക്കളിപ്പാട്ട്, ചവിട്ടുകളിപ്പാട്ട്, ഒപ്പനക്കളിപ്പാട്ട്,  മുടിയാട്ടപ്പാട്ട്,  കിണ്ണംകളിപ്പാട്ട്, തിരുവാതിരച്ചോഴി തുടങ്ങിയവയാണ് ഇന്നത്തെ മുഖ്യ കൊട്ടുപാട്ടുരൂപങ്ങള്‍. എഴുത്തുകാരന്‍ സി രാധാകൃഷ്ണന്‍, സിനിമാതാരം അനൂപ് ചന്ദ്രന്‍ തുടങ്ങിയവര്‍ ഇന്നത്തെ ചടങ്ങില്‍ മുഖ്യാതിഥികളാകും. ഇടക്കവിസ്മയം,  വില്ലിന്മേല്‍ തായമ്പക, പുള്ളുവന്‍പാട്ട്,  കൈകൊട്ടിക്കളിപ്പാട്ട്, മുടിയേറ്റ്,  അട്ടപ്പാടിപ്പാട്ട്, കളംപാട്ട്, ബംഗാളി ബാവുല്‍ ഗായകന്‍  തരുണ്‍ദാസ് ബാവുലും സംഘവും അവതരിപ്പിക്കുന്ന ബാവുല്‍ സംഗീതം തുടങ്ങിയവയാണ് സമാപന ദിവസത്തെ മുഖ്യ പരിപാടികള്‍.
Next Story

RELATED STORIES

Share it