Kollam Local

പുഴുശല്യം രൂക്ഷം: ആരോഗ്യ ഇന്‍ഷുറന്‍സ് ഫോട്ടോയെടുപ്പിനെത്തുന്നവര്‍ വലയുന്നു

കിളികൊല്ലൂര്‍: മങ്ങാട് ഗവ.എല്‍പിഎസ് കോംപൗണ്ടില്‍ പുഴുശല്യം രൂക്ഷം. ഇതുമൂലം ഇവിടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്കായുള്ള ഫോട്ടെയെടുപ്പിന് എത്തുന്നവര്‍ വലയുന്നു. സ്‌കൂള്‍ കോംപൗണ്ടില്‍ നില്‍ക്കുന്ന തേക്ക് മരത്തിലാണ് പുഴുക്കളുള്ളത്.
പുഴുക്കള്‍ കൂട്ടത്തോടെ തേക്കുകളുടെ ഇലകള്‍ പൂര്‍ണ്ണമായും തിന്നു തീര്‍ക്കുകയാണ്. ഇവ മരങ്ങളില്‍ നിന്ന് താഴേക്ക് വീഴുന്നതും ജനവാസ കേന്ദ്രങ്ങളില്‍ ഇഴഞ്ഞുകയറുന്നതുമാണ് ദുരിതമായിരിക്കുന്നത്. വീടിന്റെ ഭിത്തികളിലും തറയിലും പുഴുക്കള്‍ നിറഞ്ഞിരിക്കുന്നതും ഏറെ ബുദ്ധിമുട്ടായിരിക്കുന്നു. രാത്രിയോ പകലെന്നോ ഇല്ലാതെ നൂറുകണക്കിന് പുഴുക്കള്‍ മരങ്ങളില്‍ നിന്ന് താഴേക്ക് പതിക്കുകയാണ്. കറുത്ത ഒരിഞ്ച് നീളം വരുന്ന പുഴുക്കള്‍ മരങ്ങളില്‍ നിന്ന് നൂലുകെട്ടിയാണ് താഴെക്ക് ഇറങ്ങുന്നത്.
സ്‌കൂള്‍ കോംപൗണ്ടില്‍ നിന്നാല്‍ കാറ്റടിക്കുമ്പോള്‍ പുഴുക്കള്‍ ദേഹത്തേക്ക് വീഴുന്നത് മൂലം പുറത്ത് നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണ്. പുഴുക്കള്‍ ശരീരത്തില്‍ മുട്ടിയാല്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നതായി നാട്ടുകാര്‍ പറയുന്നു. പുഴുവിനെ സ്പര്‍ശിക്കാതെ സ്‌കൂളിലേക്ക് കടക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇവിടെയെത്തുന്നവര്‍. ചാത്തിനാംകുളം, കരിക്കോട്, അറുനൂറ്റിമംഗലം, മങ്ങാട് എന്നീ ഡിവിഷനുകളുടെ ഫോട്ടോയെടുപ്പാണ് ഈ സ്‌കൂളില്‍ വച്ച് നടക്കുന്നത്. 27ന് തുടങ്ങിയ ഫോട്ടോയെടുപ്പ് അടുത്തമാസം അഞ്ചിനാണ് സമാപിക്കുന്നത്. അതേസമയം, പ്രത്യേകതരം ഇലതീനി പുഴുക്കളാണ് ഇവയെന്നാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇല ഭക്ഷിച്ച് താഴെവീഴുന്ന പുഴുക്കള്‍ പ്യൂപയായി മാറുകയും രണ്ടു ദിവസത്തിനുള്ളില്‍ ശലഭങ്ങളായി തീരുകയും ചെയ്യും. ഇവ വിഷമുള്ളതല്ല.വേനലിനു ശേഷം ഉണ്ടാകുന്ന മഴയത്താണ് ഇവയെ കാണപ്പെടുന്നത്. ഇവയെ നശിപ്പിക്കാന്‍ ബാസിലസ് തുര്‍ഗിന്‍സിസ് എന്ന ഓര്‍ഗാനിക്ക് മിശ്രിതം തേക്കുമരങ്ങളുടെ ഇലകളില്‍ തളിച്ചാല്‍ നിയന്ത്രിക്കാനാകും. എന്നാല്‍ വലിയമരങ്ങളുടെ ഇലകളില്‍ തളിക്കുക ശ്രമകരമാണ്.
Next Story

RELATED STORIES

Share it