kozhikode local

പുഴസ്ഥലം കൈയേറി കെട്ടിട നിര്‍മാണം : വൈദ്യുതി ലഭിക്കാന്‍ ക്ലബ് സെക്രട്ടറി വ്യാജ സത്യവാങ്മൂലം നല്‍കിയതായി വിവരാവകാശ രേഖ



വടകര: നഗര പരിധിയിലെ പുതുപ്പണം കാരാട്ട് പുഴ കൈയേറി അനധികൃതമായി നിര്‍മിച്ച കെട്ടിടത്തിന് വൈദ്യുതി ലഭിക്കാന്‍ ദൃശ്യ കലാസമിതി സെക്രട്ടറി അനീഷ് വ്യാജ സത്യവാങ് മൂലം നല്‍കിയതായി വിവരാവകാശ രേഖ. വൈദ്യുതി ബോര്‍ഡിന് സര്‍വീസ് കണക്ഷനു വേണ്ടി നല്‍കിയ അപേക്ഷയിലാണ് അപേക്ഷകന്‍ കെട്ടിട ഉടമയാണോ എന്ന ചോദ്യത്തിന് ഉടമസ്ഥന്‍ എന്ന് മാര്‍ക്ക് ചെയ്തിരിക്കുന്നത്. 2010 ജൂലൈ 30ന് കലാസമിതി സെക്രട്ടറി അനീഷ് കെഎസ്ഇബി വടകര സൗത്ത് സെക്ഷനില്‍ സമര്‍പ്പിച്ച സമ്മത പത്രത്തില്‍ ഈ കെട്ടിടത്തിന് നഗരസഭ നമ്പര്‍  അനുവദിക്കാത്ത കാര്യവും പരാമര്‍ശിക്കുന്നുണ്ട്. കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി കെട്ടിടം നിര്‍മ്മിച്ചതാണെന്ന് കണ്ടെത്തിയാല്‍ വൈദ്യുതി കണക് ഷന്‍ വിച്ഛേദിക്കാന്‍ നഗരസഭ സെക്രട്ടറിയോ മറ്റോ രേഖാമൂലം ബോര്‍ഡ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുന്നപക്ഷം കണക്ഷന്‍ വിച്ഛേദിക്കാന്‍ അധികാരമുണ്ടെന്നും, ഇതുമൂലമുണ്ടാവുന്ന എല്ലാ ചിലവുകളും വഹിച്ചുകൊള്ളാമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. കെട്ടിടത്തിന് സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വൈദ്യുതി അനുവദിക്കാന്‍ അന്നത്തെ ചെയര്‍മാന്‍ ടി പി ചന്ദ്രന്‍ സാക്ഷ്യപത്രവും നല്‍കിയതായി വിവരാവകാശ രേഖയില്‍ പറയുന്നു. പുഴ കൈയേറ്റവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ നിലനില്‍ക്കുന്നതിനിടയിലാണ് ഡിസിസി സെക്രട്ടറി ശശിധരന്‍ കരിമ്പനപ്പാലം വൈദ്യുതി ബോര്‍ഡിന് ന ല്‍കിയ വിവരാവകാശ രേഖയിലാണ് വ്യാജ സത്യവാഗ്മൂലം നലകിയതായി വ്യക്തമാക്കുന്നത്. റവന്യൂ അധികൃതര്‍ നടത്തിയ സര്‍വേയില്‍ 25 സെന്റ് സ്ഥലം കൈയേറിയതായി കണ്ടെത്തിയിരുന്നു. ഈ സ്ഥലവുമായി ബന്ധപ്പെട്ട് തുടര്‍ നടപടിക്കായി റവന്യൂ അധികൃതര്‍ നഗരസഭയ്ക്ക് റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതിനിടയിലാണ് കൈയേറ്റവുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്.
Next Story

RELATED STORIES

Share it