wayanad local

പുഴസംരക്ഷണത്തിന് നാട്; പ്രവൃത്തികള്‍ ഇന്ന്

കല്‍പ്പറ്റ: പുഴകളുടെ സംരക്ഷണം നാടിന്റെ സംരക്ഷണമാണെന്ന സന്ദേശവുമായി നാളെ നാടൊന്നാകെ പുഴ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. പച്ചപ്പ് പദ്ധതിയുടെ ഭാഗമായാണ് കല്‍പ്പറ്റ മണ്ഡലത്തിലെ മുഴുവന്‍ പുഴകളിലും 'നാടിന്‍ ദാഹമകറ്റാന്‍ നാടൊന്നിച്ച് നാലു മണിക്കൂര്‍' എന്ന പേരില്‍ നാലു മണിക്കൂര്‍ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഒരുക്കുക. പുഴ ശുചീകരണ കാംപയിന്‍ വിജയിപ്പിക്കാന്‍ സി കെ ശശീന്ദ്രന്‍ എംഎല്‍എ, പി യു ദാസ്, ബി സുധീര്‍കിഷന്‍, കെ ശിവദാസന്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.
അടുത്ത കാലത്തായി മഴ ഗണ്യമായി കുറഞ്ഞുവരികയാണ്. ഇതു തുടര്‍ന്നാല്‍ കടുത്ത പ്രതിസന്ധിയെ നാട് അഭിമുഖീകരിക്കേണ്ടിവരും. വേനല്‍മഴ ഇത്തവണ അല്‍പം ലഭിച്ചുവെങ്കിലും ശാശ്വതമല്ല. വര്‍ഷക്കാലത്ത് ഭൂമിയില്‍ പതിക്കുന്ന വെള്ളം പരമാധി സംരക്ഷിച്ചു നിര്‍ത്തുകയും പുഴകളെ ഉപയോഗപ്രദമാക്കുകയും വേണം. ഇതിനായി സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളും കൈകോര്‍ക്കും. രാഷ്ട്രീയപ്പാര്‍ട്ടി പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, മതമേലധ്യക്ഷന്മാര്‍, ചലച്ചിത്ര താരങ്ങള്‍, കലാകായിക വിദ്യാഭ്യാസ മേഖലയിലെ പ്രതിഭകള്‍, ട്രേഡ് യൂനിയന്‍ പ്രവര്‍ത്തകര്‍, സര്‍വീസ് സംഘടനകള്‍ വിവിധയിടങ്ങളില്‍ ശുചീകരണത്തില്‍ പങ്കാളികളാവും. വൈത്തിരി മണ്ടമലയില്‍ ആരംഭിച്ച് പന്ത്രണ്ടാം പാലം വരെ നീണ്ടുനില്‍ക്കുന്ന ശുചീകരണത്തില്‍ നൂറുകണക്കിന് ആളുകളെ അണിനിരത്താനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു.
വാര്‍ഡ്തല സംഘാടക സമിതികള്‍ രൂപീകരിച്ച് ഓരോ 250 മീറ്ററിലും 25 പേരുടെ സന്നദ്ധ പ്രവര്‍ത്തനമാണ് ഒരുക്കുക. പൊഴുതനയില്‍ പെരുങ്കോട മുതല്‍ എടത്തറക്കടവ് വരെയുള്ള 13 കിലോമീറ്റര്‍ നീളത്തില്‍ ശുചീകരിക്കും. തോട്ടം തൊഴിലാളികളുടെ പങ്കാളിത്തം ഉറപ്പുവരുത്തി കുടിവെള്ള സ്രോതസ്സുകള്‍ ശുചീകരിക്കും. തരിയോട് പഞ്ചായത്തില്‍ എടത്തറക്കടവ് മുതല്‍ പുഴക്കല്‍ പാലം വരെയാണ് ശുചീകരണത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ശുചീകരണത്തില്‍ പഞ്ചായത്ത്തല മല്‍സ്യകര്‍ഷക ക്ലബ്ബ് അംഗങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തും. വെങ്ങപ്പള്ളി പഞ്ചായത്തില്‍ വലിയ പുഴയില്‍ എട്ടു കിലോമീറ്റര്‍ ദൂരം ശുചീകരിക്കും. കോട്ടത്തറയില്‍ ചെറുപുഴയും വലിയ പുഴയും ശുചീകരിക്കും. കുറുമണി, മണ്ണാര്‍ക്കുണ്ട് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് പടിഞ്ഞാറത്തറയില്‍ അഞ്ചു കിലോമീറ്റര്‍ ദൂരത്തില്‍ പുഴ ശുചീകരിക്കുക. സ്റ്റുഡന്റ് പോലിസ്, എന്‍എസ്എസ് വോളന്റിയര്‍മാര്‍ എന്നിവരുടെ പങ്കാളിത്തവും ഉറപ്പുവരുത്തിയിട്ടുണ്ട്. കണിയാമ്പറ്റ പഞ്ചായത്തില്‍ ആറു കിലോമീറ്റര്‍ നീളത്തില്‍ പറളിക്കുന്ന് മുതല്‍ പനമരം വരെയുള്ള പുഴ ശുചീകരിക്കും. മുട്ടില്‍ പഞ്ചായത്തില്‍ മാണ്ടാട് പുഴ മുതല്‍ കൊളവയല്‍ വരെ ആറു കിലോമീറ്റര്‍ നീളത്തില്‍ ജനപങ്കാളിത്തത്തോടെ പുഴ ശുചീകരിക്കും. സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ, ലൈബ്രറി കൗണ്‍സില്‍ എന്നിവരുടെ പങ്കാളിത്തം ഉണ്ടാവും. മേപ്പാടി പഞ്ചായത്തില്‍ വിത്തുകാട് മുതല്‍ പുത്തൂര്‍വയല്‍ എആര്‍ ക്യാംപ് വരെ ചെമ്പ്ര ഒന്നാംനമ്പര്‍ മുതല്‍ പുത്തൂര്‍വയല്‍ വരെയും ശുചീകരിക്കും. കൂടാതെ ചാലിയാറിലേക്ക് ഒഴുകുന്ന കള്ളാടി പുഴ, അരണമല പുഴ തുടങ്ങിയവയും ഇതോടൊപ്പം ശുചീകരിക്കും. കല്‍പ്പറ്റ നഗരസഭയില്‍ ആദ്യഘട്ടത്തില്‍ കൈത്തോടുകള്‍ ശുചീകരിക്കാനാണ് തീരുമാനം. പഴയ സ്റ്റാന്റ് കേന്ദ്രീകരിച്ച് എത്തുന്നവര്‍ ഇരുവശത്തുമുള്ള തോടുകള്‍ ശുചീകരിച്ച് നഗരഹൃദയത്തിലൂടെ ഒഴുകുന്ന തോട് വൃത്തിയാക്കും.
Next Story

RELATED STORIES

Share it