wayanad local

പുഴയൊഴുകും വഴിയെ നാടൊന്നാകെ

കല്‍പ്പറ്റ: നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്ന പച്ചപ്പ് പദ്ധതിയുടെയും ഹരിതകേരളം മിഷന്റെയും ആഭിമുഖ്യത്തില്‍ ജില്ലയിലെ പുഴകള്‍ ശുചീകരിക്കുന്ന പ്രവൃത്തിക്ക് 21നു തുടക്കമാവും. ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയപ്പാര്‍ട്ടി ഭാരവാഹികള്‍, മതമേലധ്യക്ഷന്‍മാര്‍, ചലച്ചിത്ര താരങ്ങള്‍, കലാകായിക-വിദ്യാഭ്യാസ മേഖലയിലെ പ്രതിഭകള്‍, ട്രേഡ് യൂനിയന്‍ പ്രവര്‍ത്തകര്‍, സര്‍വീസ് സംഘടനാ പ്രവര്‍ത്തകര്‍ പങ്കെടുക്കും. വൈത്തിരി മണ്ടമലയില്‍ ആരംഭിച്ച് പന്ത്രണ്ടാം പാലം വരെയുള്ള ശുചീകരണത്തില്‍ നിരവധി പേര്‍ പങ്കെടുക്കുമെന്നു ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി ഉഷാകുമാരി അറിയിച്ചു.
വാര്‍ഡ് തല സംഘാടക സമിതികള്‍ രൂപീകരിച്ച് ഓരോ 250 മീറ്ററിലും 25 പേരുടെ സന്നദ്ധ പ്രവര്‍ത്തനമാണ് നിശ്ചയിച്ചിട്ടുള്ളത്. പൊഴുതന ഗ്രാമപ്പഞ്ചായത്തില്‍ പെരുങ്കോട മുതല്‍ എടത്തറ കടവ് വരെയുള്ള 13 കിലോമീറ്റര്‍ നീളത്തില്‍ പുഴ ശുചീകരിക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചതായി പ്രസിഡന്റ് എന്‍ സി പ്രസാദ് അറിയിച്ചു. തോട്ടംതൊഴിലാളികളുടെ പങ്കാളിത്തം ഉറപ്പുവരുത്തി കുടിവെള്ള സ്രോതസ്സുകള്‍ ശുചീകരിക്കും.
തരിയോട് ഗ്രാമപ്പഞ്ചായത്തില്‍ എടത്തറ കടവ് മുതല്‍ പുഴക്കല്‍ പാലം വരെയാണ് ശുചീകരണത്തിനായി തിരഞ്ഞെടുത്തിട്ടുള്ളതെന്നു പ്രസിഡന്റ് റീനാ സുനില്‍ അറിയിച്ചു. ശുചീകരണത്തില്‍ പഞ്ചായത്ത് തല മല്‍സ്യകര്‍ഷക ക്ലബ്ബ് അംഗങ്ങളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും പങ്കാളിത്തം ഉറപ്പുവരുത്തിയിട്ടുണ്ട്.
വെങ്ങപ്പള്ളി ഗ്രാമപ്പഞ്ചായത്തില്‍ എട്ടു കിലോമീറ്റര്‍ നീളത്തില്‍ വലിയ പുഴ മൂന്നു സംഘങ്ങളായി തിരിഞ്ഞ് ശുചീകരിക്കുമെന്നു പ്രസിഡന്റ് പി എം നാസര്‍ അറിയിച്ചു. കോട്ടത്തറയില്‍ ചെറുപുഴയും വലിയ പുഴയും വാര്‍ഡ് തല ശുചീകരണ സമിതികളുടെ നേതൃത്വത്തില്‍ ശുചീകരിക്കുമെന്നു പ്രസിഡന്റ് ലീലാമ്മാ ജോസഫ് അറിയിച്ചു.
കുറുമണി, മണ്ണാര്‍കുണ്ട് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് പടിഞ്ഞാറത്തറയില്‍ അഞ്ചു കിലോമീറ്റര്‍ ദൂരത്തില്‍ പുഴ ശുചീകരിക്കുന്നതെന്നു പ്രസിഡന്റ് പി ജി സജേഷ് അറിയിച്ചു. സ്റ്റുഡന്റ് പോലിസ്, എന്‍എസ്എസ് വോളന്റിയര്‍മാര്‍ ശുചീകരണത്തില്‍ പങ്കെടുക്കും. കണിയാമ്പറ്റ ഗ്രാമപ്പഞ്ചായത്തില്‍ ആറു കിലോമീറ്റര്‍ നീളത്തില്‍ പറളിക്കുന്ന് മുതല്‍ പനമരം വരെ പുഴ ശുചീകരിക്കുമെന്നും പഞ്ചായത്ത് തല ഉദ്ഘാടനം വരദൂര്‍ പാലത്തിന് സമീപം നടക്കുമെന്നും പ്രസിഡന്റ് കടവന്‍ ഹംസ അറിയിച്ചു.
മാണ്ടാട് പുഴ മുതല്‍ കൊളവയല്‍ വരെ ആറു കിലോമീറ്റര്‍ നീളത്തില്‍ ജനപങ്കാളിത്തത്തോടെ പുഴ ശുചീകരിക്കുമെന്നു പ്രസിഡന്റ് എ എം നജീം അറിയിച്ചു. സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ, ലൈബ്രറി കൗണ്‍സില്‍ എന്നിവയുടെ പങ്കാളിത്തമുണ്ടാവും. മേപ്പാടി ഗ്രാമപ്പഞ്ചായത്തിലെ വിത്തുകാട് മുതല്‍ പുത്തുര്‍വയല്‍ എആര്‍ ക്യാംപ് വരെയും ചെമ്പ്ര ഒന്നാം നമ്പര്‍ മുതല്‍ പുത്തുര്‍വയല്‍ വരെയും ശുചീകരിക്കും. കൂടാതെ ചാലിയാറിലേക്കൊഴുകുന്ന കള്ളാടി പുഴ, അരണമല പുഴ തുടങ്ങിയവയും ഇതോടൊപ്പം ശുചീകരിക്കുമെന്നു പ്രസിഡന്റ് കെ കെ സഹദ് അറിയിച്ചു.
കല്‍പ്പറ്റ നഗരസഭയില്‍ ആദ്യഘട്ടത്തില്‍ കൈത്തോടുകള്‍ ശുചീകരിക്കാനാണ് തീരുമാനം. പഴയ ബസ്സ്റ്റാന്റ് കേന്ദ്രീകരിച്ച് എത്തിച്ചേരുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ ഇരുവശങ്ങളിലെ തോടുകള്‍ ശുചീകരിച്ച് നഗരഹൃദയത്തിലെ ജലസ്രോതസ്സുകള്‍ വൃത്തിയാക്കും. പുതുതായി രൂപീകരിച്ച ഹരിതകര്‍മ സേനയുടെയും തൊഴിലുറപ്പ് പ്രവര്‍ത്തകരുടെയും യുവജന, സര്‍വീസ് സംഘടനകളുടെയും പ്രാതിനിധ്യം ഉറപ്പുവരുത്തിയെന്നു നഗരസഭാ ചെയര്‍പേഴ്‌സണ്‍ സനിതാ ജഗദീഷ്, കൗണ്‍സിലര്‍ വി ഹാരിസ് അറിയിച്ചു. കല്‍പ്പറ്റ പഴയ ബസ്സ്റ്റാന്റിന് സമീപം നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ സി കെ ശശീന്ദ്രന്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ എസ് സുഹാസ്, പൗരപ്രമുഖര്‍ സംബന്ധിക്കും.
Next Story

RELATED STORIES

Share it