malappuram local

പുഴയില്‍ പാര് കെട്ടി മീന്‍പിടിത്തം സജീവം

പൊന്നാനി: പുഴയിലും കോള്‍നിലങ്ങളിലെ തോടുകളിലും പാര് കെട്ടി മീന്‍പിടിത്തം സജീവം. തെങ്ങിന്റെ ഓലകളുപയോഗിച്ചു വെള്ളത്തില്‍ വട്ടത്തില്‍ കുത്തിനിര്‍ത്തി അതില്‍ തെങ്ങിന്റെ കുലച്ചിലുകളും സ്ഥാപിച്ച് മീനുകളെ പിടിക്കുന്ന രീതിയാണിത്.
രണ്ടുമാസം മുതല്‍ മൂന്ന് മാസം വരെയാണ് ഇത് വെള്ളത്തില്‍ സ്ഥാപിക്കുക. ഇതില്‍ വലയും സ്ഥാപിച്ചിട്ടുണ്ടാവും. കുലച്ചിലുകള്‍ക്കടിയില്‍ നല്ല തണുപ്പ് ലഭിക്കുന്നതോടെ കൂട്ടത്തോടെ മീനുകള്‍ ഇവിടെ പാ ര്‍ക്കും. മല്‍സ്യങ്ങള്‍ക്ക് പ്രജനനം നടത്താന്‍ അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതിനാല്‍ ചെറിയ മീനുകളെയടക്കം കൂട്ടത്തോടെ പിടിക്കാം. ഇത്തരത്തില്‍ പാര് കെട്ടിയുള്ള മീന്‍പിടുത്തം കുണ്ടുകടവ് പുഴയിലും നരണിപ്പുഴയിലും കോളിനോട് ചേര്‍ന്നുള്ള നൂറടിത്തോടിന്റെ ചിലഭാഗങ്ങളിലും സജീവമാണ്.
വള്ളങ്ങളില്‍ പോയിവേണം ഇത്തരത്തില്‍ മീനുകളെ പിടിക്കാന്‍. വേനല്‍ക്കാലമായാല്‍ പാര് ഉപയോഗിച്ചു  മല്‍സ്യത്തെ കൂട്ടമായി പിടിക്കുന്ന സംഘം മേഖലയില്‍ സജീവമാണ്. തെങ്ങിന്റെ കുലച്ചിലുകള്‍ ഇതിനായി വില്‍ക്കുന്ന സംഘവുമുണ്ട്. അതേസമയം ഇതൊരു അശാസ്ത്രീയമായ മീന്‍ പിടുത്തമാണെന്നതാണു യാഥാര്‍ത്ഥ്യം. ചെറിയ മല്‍സ്യക്കുഞ്ഞുങ്ങളെ വരെ പിടികൂടുന്ന  ഈ രീതി നിരോധിക്കണമെന്നു പാരമ്പര്യ മല്‍സ്യപിടുത്തക്കാര്‍ വര്‍ഷങ്ങളായി ആവശ്യപ്പെടുന്നുണ്ട്. തെങ്ങിന്‍ കുലച്ചില്‍ ഉപയോഗിച്ച് നടത്തുന്ന മീന്‍പിടിത്തം മല്‍സ്യങ്ങളുടെ നിലനില്‍പ്പിനെ ഗുരുതരമായ രീതിയില്‍ ദോഷകരമായി ബാധിക്കുമെന്നാണു പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നത്.
പുറത്തുനിന്നെത്തുന്നവര്‍ തെങ്ങിന്‍കുലച്ചില്‍ മാലപോലെ കെട്ടി വെള്ളത്തില്‍ താഴ്ത്തി മീന്‍പിടിക്കുന്നതിനാല്‍ പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ക്ക് മല്‍സ്യം കിട്ടാത്ത സാഹചര്യമുണ്ടാവുന്നു. കുലച്ചില്‍ ജീര്‍ണിച്ച് വെള്ളം മലിനമാവുകയും ചെയ്യുന്നു. അതിനാല്‍, ഈ അശാസ്ത്രീയമായ മീന്‍പിടുത്തം തടയണമെന്നാണ് ഇവരുടെ ആവശ്യം.
Next Story

RELATED STORIES

Share it