പുഴയിലിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

മൂവാറ്റുപുഴ: പിറവം പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. ഈസ്റ്റ് മാറാടി കൊച്ചി എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികളായ പറവൂര്‍ കാരുവള്ളി കണിയാടി പരേതനായ പി വി ചന്ദ്രസേനന്റെ മകന്‍ ഷിജിന്‍കുമാര്‍(24), വൈപ്പിന്‍ നായരമ്പലം വേലിയത്ത് വീട്ടില്‍ വിമുക്തഭടന്‍ സന്തോഷിന്റെ മകന്‍ ഋഷി(21) എന്നിവരാണു മരിച്ചത്.
ഇന്നലെ വൈകീട്ട് നാലോടെ മാറാടി പാറയക്കകടവിലായിരുന്നു അപകടം. ഉച്ചകഴിഞ്ഞ് ക്ലാസില്ലാതിരുന്നതിനാല്‍ സഹപാഠി അക്വിനുമൊത്ത് ഇരുവരും പുഴയില്‍ കുളിക്കാനിറങ്ങുകയായിരുന്നു. കുളിക്കുന്നതിനിടെ ഋഷിയും സിജിന്‍കുമാറും ഒഴുക്കില്‍പ്പെട്ടു. അക്വിന്‍ അലമുറയിട്ട് കരഞ്ഞതോടെ സമീപത്തുണ്ടായിരുന്ന നാട്ടുകാര്‍ പുഴയിലേക്കു ചാടിയെങ്കിലും ഒഴുക്കില്‍പ്പെട്ടവരെ കണ്ടെത്താനായില്ല. സംഭവമറിഞ്ഞ് മൂവാറ്റുപുഴയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘത്തിലെ മുങ്ങല്‍ വിദഗ്ധരായ കെ ബി ഷാജിമോന്‍, ഷിബു പി ജോര്‍ജ് എന്നിവരാണു കാണാതായവരെ കണ്ടെടുത്തത്.
തുടര്‍ന്ന് ഇരുവരെയും മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹങ്ങള്‍ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും.
മരിച്ച ഷിജിന്‍കുമാറും മാതാവും രണ്ടുമാസംമുമ്പാണ് മന്നം പോസ്റ്റ് ഓഫിസിന് കിഴക്കുവശം വാടകവീട്ടില്‍ താമസമാക്കിയത്. പിതാവ് ചന്ദ്രസേനന്‍ ആറുമാസം മുമ്പ് ദുബയില്‍ സൂപ്പര്‍വിഷന്‍ ജോലിക്കിടെ കെട്ടിടത്തില്‍ നിന്നു വീണ് മരിച്ചിരുന്നു. ഷിജിന്‍കുമാറിന്റെ സഹോദരി ലിജിമോള്‍. രേണുകയാണ് ഋഷിയുടെ മാതാവ്. സഹോദരി: വര്‍ഷ.
Next Story

RELATED STORIES

Share it