Alappuzha local

പുഴമല്‍സ്യങ്ങളില്‍ അഴുകല്‍രോഗം വ്യാപകം

ഹരിപ്പാട്: ജലാശയങ്ങളിലെ പുഴ മല്‍സ്യങ്ങള്‍ക്ക് അഴുകല്‍ രോഗം വ്യാപകമാകുന്നു. നദികളിലും തോടുകളിലുമുള്ള പരമ്പരാഗത മല്‍സ്യങ്ങളിലാണ് അഴുകല്‍ രോഗം വ്യാപകമായി കണ്ടു വരുന്നത്.
മല്‍സ്യങ്ങളുടെ വാലിന്റെയും തലയുടേയും മുകള്‍ ഭാഗത്തെ മാംസ ഭാഗങ്ങള്‍ അഴുകി വൃണമാകുന്ന അവസ്ഥയാണുള്ളത്. ഇത്തരം മല്‍സ്യങ്ങളെ മയങ്ങിയ അവസ്ഥയില്‍ കാണപ്പെടുകയും ദിവസങ്ങള്‍ക്കകം ചത്ത് പൊന്തുകയുമാണ് ചെയ്യുന്നത്. ജലാശയങ്ങളില്‍ സാധാരണ കാണപ്പെടുന്ന വരാല്‍, മുഷ, വാഹ, പരല്‍, കാരി ഉള്‍പ്പടെയുള്ള മല്‍സ്യങ്ങളെയാണ് രോഗാവസ്ഥയില്‍ കാണുന്നത്. എന്നാല്‍ വളര്‍ത്തു മല്‍സ്യങ്ങളായ കട്‌ല, രൂഹു, ഗ്രാസ് കാര്‍പ്പ്, റെഡ് ബല്ലി തുടങ്ങിയ മല്‍സ്യങ്ങളിലൊന്നും രോഗാവസ്ഥയില്ല. എപ്പിസോറ്റിക് അള്‍സറേറ്റീവ് സിന്‍ഡ്രോം എന്ന രോഗമാണ് ഇതെന്നാണ് ഫിഷറീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ജലാശയങ്ങളില്‍ ജലത്തിന്റെ അളവ് ക്രമാതീതമായി കുറയുന്ന വേളകളിലാണ് മല്‍സ്യങ്ങളില്‍ ഈ രോഗാവസ്ഥ കൂടുതലായി കണ്ടുവരുന്നത്. വളര്‍ത്തു മല്‍സ്യങ്ങളില്‍ ആവശ്യമായ തീറ്റ നല്‍കുകയും മലിനജലം നീക്കം ചെയ്ത് ശുദ്ധജലം എത്തിക്കുകയും ചെയ്യുന്നത് സാധാരണമാണ്. അതിനാലാണോ വളര്‍ത്തു മല്‍സ്യങ്ങളില്‍ രോഗാവസ്ഥ അനുഭവപ്പെടാത്തത് എന്ന സംശയം ഉള്‍നാടന്‍ മല്‍സ്യതൊഴിലാളികള്‍ക്കിടയിലുണ്ട്.
പാടശേഖരങ്ങളിലെ വിഷലിപ്തമായ ജലം നദികളിലേക്കെത്തുന്നതാകാം നദികളിലെ മല്‍സ്യസമ്പത്തിന് നാശം സംഭവിക്കുന്ന തരത്തിലുള്ള രോഗാസ്ഥക്ക് കാരണമെന്നും തൊഴിലാളികള്‍ പറയുന്നു. രോഗത്തിന്റെ അവസ്ഥ തിരിച്ചറിഞ്ഞ് ജലാശയങ്ങളിലെ മല്‍സ്യസമ്പത്ത് സംരക്ഷിക്കുന്നതിന് നടപടി വേണമെന്ന ആവശ്യവും ശക്തമാണ്.

Next Story

RELATED STORIES

Share it