wayanad local

പുഴകളും തോടുകളും സംരക്ഷിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണം: എംഎല്‍എ

കല്‍പ്പറ്റ: പുഴകളും തോടുകളും സംരക്ഷിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണമെന്നു സി കെ ശശീന്ദ്രന്‍ എംഎല്‍എ ആവശ്യപ്പെട്ടു. കല്‍പ്പറ്റ നിയമസഭാ മണ്ഡലത്തിലെ വികസന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി സിവില്‍ സ്‌റ്റേഷനില്‍ വിളിച്ചുചേര്‍ത്ത ത്രിതല പഞ്ചായത്ത്, നഗരസഭാ പ്രതിനിധികളുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം കോര്‍പറേഷനില്‍ വിജയകരമായി നടപ്പാക്കിയ മാലന്യസംസ്‌കരണ പദ്ധതി ഇവിടെയും നടപ്പാക്കാന്‍ ശ്രമിക്കും.
അഞ്ചു വര്‍ഷം കൊണ്ട് മണ്ഡലത്തിലെ വീടില്ലാത്തവര്‍ക്കെല്ലാം വീടുണ്ടാക്കണം. ഒരു സര്‍ക്കാര്‍ സ്‌കൂളിനെ എല്ലാ സൗകര്യങ്ങളും നല്‍കി മാതൃകാ വിദ്യാലയമാക്കണം. എംഎല്‍എ ഫണ്ടുപയോഗിച്ച് നടത്തുന്ന വികസന പ്രവൃത്തികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ ക്ഷണിച്ചാവുമെന്നും അദ്ദേഹം പറഞ്ഞു. ആര്‍എംഎസ്എ സ്‌കൂളുകളുടെ പൂര്‍ത്തീകരണത്തിനായി സര്‍ക്കാര്‍ അധിക വിഹിതം നല്‍കണമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി ആവശ്യപ്പെട്ടു. കുരങ്ങുകള്‍ക്ക് ഭക്ഷണവും ആവാസ വ്യവസ്ഥയും കിട്ടുന്ന രീതിയില്‍ സംരക്ഷണ പാര്‍ക്ക് സ്ഥാപിക്കുന്നതിനെക്കുറിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആലോചിക്കണമെന്ന് അവര്‍ നിര്‍ദേശിച്ചു. കോര്‍പസ് ഫണ്ട് വിനിയോഗത്തില്‍ ഫലപ്രദമായ ഇടപെടലുകള്‍ നടത്താന്‍ ജനപ്രതിനിധികള്‍ക്കാവണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
യോഗത്തില്‍ 10 ഗ്രാമപ്പഞ്ചായത്തുകള്‍, പനമരം, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തുകള്‍, കല്‍പ്പറ്റ നഗരസഭ, ജില്ലാ പഞ്ചായത്ത് ഡിവിഷനുകള്‍ എന്നിവയിലെ പ്രതിനിധികള്‍ പങ്കെടുത്ത് വികസന നിര്‍ദേശങ്ങളും പ്രശ്‌നങ്ങളും അവതരിപ്പിച്ചു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍, നഗരസഭാ അധ്യക്ഷ ബിന്ദു ജോസ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ രാജു വര്‍ഗീസ്, പൂതാടി ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി സിബി വര്‍ഗീസ് സംസാരിച്ചു.
Next Story

RELATED STORIES

Share it