palakkad local

പുഴകളിലെ നീരൊഴുക്കു കുറഞ്ഞു: താല്‍ക്കാലിക തടയണ നിര്‍മാണം വൈകുന്നു

പത്തിരിപ്പാല: ജില്ലയില്‍ വേനല്‍ കനത്തതോടെ പുഴകളില്‍ നീരൊഴുക്ക് കുറയുന്ന സാഹചര്യത്തില്‍ താല്‍ക്കാലിക തടയണകളുടെ നിര്‍മാണം വൈകുന്നു. ഭാരതപ്പുഴയിലെ തടയണ നിര്‍മാണം വൈകിയതോടെ പടിഞ്ഞാറന്‍ മേഖലകളില്‍ ഇത്തവണ കുടിവെള്ളം മുട്ടുന്ന സ്ഥിതിയാണ്. മുന്‍ വര്‍ഷങ്ങളില്‍ പതിവുണ്ടായിരുന്ന തടയണകളുടെ നിര്‍മാണമാണ് അനന്തമായി നീളുന്നത്. ജില്ലയില്‍ വേനല്‍ക്കാലത്ത് ഏറ്റവുമധികം കുടിവെള്ളക്ഷാമം നേരിടുന്ന കിഴക്കന്‍ പടിഞ്ഞാറന്‍ മേഖലകളിലെ മുന്‍കാലങ്ങളില്‍ സന്നദ്ധ സംഘടനകളെയും വിദ്യാര്‍ഥികളെയും വ്യാപാരികളെയുമെല്ലാം ഉള്‍പ്പെടുത്തി ശ്രമദാനം വഴി റവന്യൂവകുപ്പ് നേരിട്ടിടപ്പെട്ട് തടയണ നിര്‍ണാണം നടത്തിയിരുന്നു. വേനല്‍ കനക്കുന്ന സാഹചര്യത്തില്‍ കരുതിവെയ്പ്പായി ഈ തടയണകളിലെ വെള്ളം ഉപയോഗിക്കാന്‍ കഴിയും. എന്നാല്‍ ഇത്തവണ ഫെബ്രുവരിയോടുകൂടി തന്നെ ജില്ലയില്‍ വേനല്‍ കനത്തുതുടങ്ങിയെങ്കിലും മിക്കപുഴകളിലും തടയണ നിര്‍മാണമായിട്ടില്ല. ഭാരതപ്പുഴയുള്‍പ്പടെയുള്ള മിക്ക പുഴകളിലും ഇപ്പോള്‍ നീരൊഴുക്ക് വന്‍തോതില്‍ കുറഞ്ഞിരിക്കുകയാണ്. കാലവര്‍ഷം ദുര്‍ബലമായതും തുലാമഴ ലഭിക്കാത്തതുമെല്ലാം ജില്ലയിലെ തടയണക്കെട്ടുകളില്‍ ജലത്തിന്റെ അളവ് കുറച്ചിരിക്കുകയാണ്. മലമ്പുഴ, പേ ാത്തുണ്ടി, വാളയാര്‍, മീങ്കര, ചുള്ളിയാര്‍ഡാം, കാഞ്ഞിരപ്പുഴ എന്നിവിടങ്ങളിലെല്ലാം ഇപ്പേ ാള്‍തന്നെ വെള്ളം കുറഞ്ഞ സ്ഥിതിയാണ്. ഇതിനു പുറമെ കാര്‍ഷികാവശ്യത്തിനായി വെള്ളം തുറന്നുവിടുന്നത് കര്‍ഷകര്‍ക്ക് ആശ്വസമാകുന്നുണ്ട്.  കഴിഞ്ഞ വര്‍ഷം ഭാരതപ്പുഴയിലെ വെള്ളം കുറഞ്ഞതിനാല്‍ മലമ്പുഴയില്‍ നിന്നും വെള്ളം തുറന്നുവിട്ടിരുന്നുവെങ്കില്‍ ഇത്തവണയും അതു വേണ്ടിവരുമൊയെന്ന ആശങ്കയിലാണ്. കിണറുകളില്‍ വെള്ളമില്ലാത്തതും കുഴല്‍ക്കിണറുകളില്‍ ജലവിതാനം താഴുന്നതും ഗ്രാമീണ മേഖലകളുടെ ജലനിധി പോലുള്ള കുടിവെള്ള വിതരണം സംവിധാനങ്ങള്‍ നോക്കുകുത്തികളായതും ജനവാസ മേഖലകള്‍ക്ക് ഭീഷണിയാവുകയാണ്. അണക്കെട്ടിലെ നീരുറവ താഴുന്നതിനാല്‍ ഇത്തവണ ഏപ്രില്‍ മെയ് മാസങ്ങളില്‍ കുടിവെള്ളം പോലും കിട്ടുമോയെന്ന ആശങ്കയിലാണ് ജനങ്ങള്‍.
Next Story

RELATED STORIES

Share it