palakkad local

പുള്ളിപ്പുലികള്‍ ചത്ത നിലയില്‍; വിഷം നല്‍കിയതെന്നു സംശയം

പാലക്കാട്: മലമ്പുഴ കോഴിമലകുന്നില്‍ എട്ടും, ആറും വയസ്  പ്രായം തോന്നിക്കുന്ന രണ്ടു പുള്ളിപുലികളെ ചത്ത നിലയില്‍ കണ്ടെത്തി. രണ്ടു ദിവസത്തെ പഴക്കം വരുന്ന ആണ്‍-പെണ്‍ പുലിയുടെ ജഡമാണ് കോഴിമലയിലെ മാളത്തിനടത്തും തൊട്ടുതാഴെ മലമ്പുഴ ഡാമിനകത്തുമായും കാണപ്പെട്ടത്. ഇണപ്പുലികളാണിവ എന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. കോഴിമലയില്‍ തേന്‍ ശേഖരിക്കാന്‍ പോയ ആദിവാസികളാണ് പുലികളെ ചത്ത നിലയില്‍ കണ്ടത്.
വിഷം കലര്‍ന്ന ഭക്ഷണം കഴിച്ചതാണ് മരണത്തിനു കാരണമെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. കോഴിമലയിലും പരിസരങ്ങളിലുമായി പുലികളെ കുറേനാളുകളായി പലരും കണ്ടിട്ടുണ്ടെങ്കിലും ഇതുവരെ പ്രദേശവാസികള്‍ക്ക് ഇവയില്‍ നിന്നും ആക്രമണം ഉണ്ടായിട്ടില്ല. എന്നാല്‍, മലമ്പുഴ ഡാം പരിസരത്ത് മേയാന്‍ വിടുന്ന ആടുകളെയും പശുക്കുട്ടികളെയും ഇവ കൊലപ്പെടുത്തിയതായി നാട്ടുകാര്‍ നേരത്തെ പരാതിപെട്ടിരുന്നു.
വളര്‍ത്തു മൃഗങ്ങളെ പിടിക്കുന്നതില്‍ ദേഷ്യംപൂണ്ട ആരോ വിഷം വെച്ചതാവാമെന്ന സംശയവുമുയര്‍ന്നിട്ടുണ്ട്. ഇന്നലെ രാവിലെ വനംവകുപ്പ് വെറ്റിനറി ഡോ. മിഥുന്‍, മലമ്പുഴ വെറ്റിനറി ഡോ.ആശ വിന്‍സെന്റ്, ഡോ.ശ്രീറാം, അഡ്വ. നമഃശിവായം എന്നിവരുടെനേതൃത്വത്തിന്‍ പോസ്റ്റ് മോര്‍ട്ടും നടത്തി. പാലക്കാട് സിസിഎഫ് അടലരസന്‍, ഡിഎഫ്ഒ നരേന്ദ്രനാഥ് വേളൂരി, വാളയാര്‍ റേഞ്ച് ഓഫിസര്‍ സി ഷെരീഫ് എന്നിവര്‍  ഇന്‍ക്വസ്റ്റ് നടത്തി. വിശദ പരിശോധനക്കായി സാമ്പിള്‍ കൊച്ചിയിലെ ലാബിലേക്കയച്ചതായും ഫലം വന്നതിനു ശേഷമേ മരണകാരണം വ്യക്തമാക്കാന്‍ പറ്റുവെന്നും പാലക്കാട് ഡിഎഫ്ഒ പറഞ്ഞു.
Next Story

RELATED STORIES

Share it