wayanad local

പുല്‍പ്പള്ളി സിറ്റിക്ലബ് വനവല്‍ക്കരണ പരിപാടിക്ക് തുടക്കമായി



പുല്‍പ്പള്ളി: വരള്‍ച്ചയും കൃഷിനാശവും പിടിമുറുക്കിയ പുല്‍പ്പള്ളി മേഖലയെ ഹരിതാഭമാക്കുകയെന്ന ലക്ഷ്യത്തോടെ സിറ്റി ക്ലബ്ബിന്റെ നേതൃത്വത്തില്‍ വനവല്‍ക്കരണ പരിപാടികള്‍ക്ക് തുടക്കമായി. പരിസ്ഥിതിദിനം വരെ നീളുന്ന വനവല്‍ക്കരണ പരിപാടി പ്രത്യേകം ആസൂത്രണം ചെയ്താണ് നടപ്പാക്കുന്നത്. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈകള്‍ ധാരാളമായി നടാറുണ്ടെങ്കിലും അതൊന്നും പരിപാലിക്കപ്പെടുന്നില്ലെന്നതിന്റെ ഉദാഹരമാണ് കാലാവസ്ഥാ വ്യതിയാനവും വരള്‍ച്ചയും. ഇതിന് പരിഹാരമെന്നോണമാണ് സിറ്റി ക്ലബ്ബ് പുതിയൊരു പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. നൂറോളം ക്ലബ്ബ് അംഗങ്ങള്‍ അവരുടെ കൃഷിയിടത്തില്‍ 25 വൃക്ഷത്തൈകള്‍ നട്ടുകൊണ്ടാണ് പദ്ധതിയുടെ ആദ്യഘട്ടം ആരംഭിക്കുന്നത്. ഈ വൃക്ഷത്തൈകള്‍ വേണ്ടവിധം പരിപാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. തുടര്‍ന്ന് രണ്ടാംഘട്ടമെന്ന നിലയില്‍ ക്ലബ്ബ് അംഗങ്ങള്‍ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും കൃഷിയിടത്തില്‍ വൃക്ഷത്തൈകള്‍ നട്ട് പരിപാലിക്കും. ഇതിന് മുന്നോടിയായി മരങ്ങള്‍ നട്ടുവളര്‍ത്തേണ്ടത് സംബന്ധിച്ച് ബോധവല്‍ക്കരണം നടത്താനും ക്ലബ്ബ് പദ്ധതിയിട്ടിട്ടുണ്ട്. പ്ലാവ്, മാവ്, പേര, സപ്പോട്ട, ബട്ടര്‍ഫ്രൂട്ട്, നെല്ലി, പുളി എന്നിങ്ങനെയുള്ള ഫലവൃക്ഷങ്ങളാണ് നടാന്‍ ഉദ്ദേശിച്ചിട്ടുള്ളത്. ഇതിനു പുറമെ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍, സ്വാശ്രയസംഘങ്ങള്‍, മറ്റ് പരിസ്ഥിതി സംഘടനകള്‍ എന്നിവയുമായി സഹകരിച്ച് വൃക്ഷത്തൈകള്‍ നടാനും പദ്ധതിയുണ്ട്. കൂടാതെ സര്‍ക്കാര്‍ ഓഫിസ് പരിസരങ്ങളിലും വൃക്ഷത്തൈകള്‍ നട്ടു പരിപാലിക്കും. ഫലവൃക്ഷങ്ങള്‍ക്ക് പുറമെ ചോലമരങ്ങളും പൂമരങ്ങളുമെല്ലാം വനവല്‍ക്കരണ പരിപാടിയുടെ ഭാഗമായി വളര്‍ത്തിയെടുക്കും. പുല്‍പ്പള്ളി മേഖലയില്‍ മാത്രമായി പതിനായിരത്തോളം വൃക്ഷത്തൈകള്‍ നടാനാണ് സിറ്റി ക്ലബ്ബ് ഒരുങ്ങുന്നത്. പദ്ധതിയുടെ ഉദ്ഘാടനം പാടിച്ചിറ പള്ളിയങ്കണത്തില്‍ വൃക്ഷത്തൈ നട്ടുകൊണ്ട് ഫാ. സജി പുഞ്ചയില്‍ ഉദ്ഘാടനം ചെയ്തു. ഒരുമാസം നീണ്ടുനില്‍ക്കുന്ന പദ്ധതിയില്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തതു പ്രകാരം വരുംദിവസങ്ങളില്‍ കൂടുതല്‍ വൃക്ഷത്തൈകള്‍ നടും.
Next Story

RELATED STORIES

Share it