wayanad local

പുല്‍പ്പള്ളി മേഖലയിലെ വരള്‍ച്ച; നഷ്ടം രണ്ടു കോടിയോളമെന്ന് പ്രാഥമിക റിപോര്‍ട്ട്

പുല്‍പ്പള്ളി: വരള്‍ച്ചാബാധിത പ്രദേശങ്ങളിലെ നാശനഷ്ടം രണ്ടു കോടിയോളമെന്ന് കൃഷിവകുപ്പിന്റെ പ്രാഥമിക റിപോര്‍ട്ട്. സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍തിയും എംഎല്‍എയുമായ ഐ സി ബാലകൃഷ്ണന്‍ വരള്‍ച്ച ഏറ്റവും കൂടുതല്‍ വേട്ടയാടുന്ന അതിര്‍ത്തി ഗ്രാമങ്ങളില്‍ സന്ദര്‍ശനം നടത്തി. സീതാമൗണ്ട്, കൊളവള്ളി, പാറക്കവല, ചാമപ്പാറ പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലാണ് അദ്ദേഹം സന്ദര്‍ശനം നടത്തിയത്. കാര്‍ഷികമേഖലയിലേക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമങ്ങള്‍ ആരംഭിച്ചതായും കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാനും കൃഷിനാശമുണ്ടായ കര്‍ഷകര്‍ക്ക് അടിയന്തര സഹായം എത്തിക്കുന്നതിനായും ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെടുമെന്നും എംഎല്‍എ പറഞ്ഞു. മുള്ളന്‍കൊല്ലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍, വൈസ് പ്രസിഡന്റ് ശിവരാമന്‍ പാറക്കുഴി, വര്‍ഗീസ് മുരിയന്‍കാവില്‍, കെ കെ അബ്രഹാം, എന്‍ യു ഉലഹന്നാന്‍ എംഎല്‍എയെ അനുഗമിച്ചു.
മുള്ളന്‍കൊല്ലി കൃഷിഭവനിലെ ഉദ്യോഗസ്ഥരാണ് നഷ്ടത്തിന്റെ കണക്കെടുത്തത്. വരുംദിവസങ്ങളില്‍ മേഖലയില്‍ സന്ദര്‍ശനം നടത്തി പൂര്‍ണമായ റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് കൃഷിവകുപ്പിന്റെ നീക്കം. കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായുള്ള അപേക്ഷ സ്വീകരിക്കല്‍ അുെത്ത ദിവസം മുതല്‍ ഉണ്ടാവുമെന്നു പ്രതീക്ഷിക്കുന്നതായി കൃഷി ഓഫിസര്‍ ഡോ. നീമ അറിയിച്ചു. കാപ്പിസെറ്റ് സീതാമൗണ്ട്, ചാമപ്പാറ, കബനിഗിരി, കൊളവള്ളി പ്രദേശങ്ങളിലെ കാപ്പി, കുരുമുളക് തെങ്ങ്, കവുങ്ങ്, ഏലം കൃഷികളാണ് വ്യാപകമായി നശിച്ചിരിക്കുന്നത്.
കൃഷിവകുപ്പ് നല്‍കുന്ന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുക. ഇതിനിടെ, കൃഷിവകുപ്പിന്റെ നടപടികളില്‍ അവകാശവാദം ഉന്നയിച്ച് എല്‍ഡിഎഫ് രംഗത്തെത്തി. കര്‍ഷകസംഘം നേതാക്കള്‍ സന്ദര്‍ശിച്ച് ജില്ലാ ഭരണകൂടത്തെ ഗൗരവം ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ആശ്വാസനടപടികള്‍ക്ക് കളമൊരുങ്ങിയിരിക്കുന്നതെന്ന് എല്‍ഡിഎഫ് നേതാക്കളായ സി പി വിന്‍സെന്റ്, ഷെല്‍ജന്‍ ചാലക്കല്‍ അവകാശപ്പെട്ടു.
Next Story

RELATED STORIES

Share it