malappuram local

പുല്‍പ്പറ്റയിലെ ലീഗ് നിലപാട്: കോണ്‍ഗ്രസ് കമ്മിറ്റി രണ്ടു തട്ടില്‍

മഞ്ചേരി: പുല്‍പ്പറ്റയിലെ കോണ്‍ഗ്രസ് കമ്മിറ്റി രണ്ടു തട്ടിലായി. യുഡിഎഫ് സംസ്ഥാന സമിതി, കെപിസിസി എന്നിവരുടെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച ലീഗിലെയും കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിലേയും നിലപാടില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടിയില്‍ ഭിന്നതയുണ്ടായത്. ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുത്ത കണ്‍വന്‍ഷന്‍ ഡിസിസി അംഗം എ കെ ഗോപിയാണ് ഉദ്ഘാടനം ചെയ്തത്.
പാര്‍ട്ടി ചിഹ്നത്തില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളേയും പാര്‍ട്ടി ചിഹ്നം നിഷേധിച്ചതിന്റെ പേരില്‍ സ്വതന്ത്രരാവേണ്ടി വന്നവരെയും പിന്തുണക്കാന്‍ കണ്‍െവന്‍ഷന്‍ തീരുമാനിച്ചു. കളത്തുംപടി, പുല്‍പ്പറ്റ, പാലക്കാട്, പടിഞ്ഞാറ്റകം, പൂക്കളത്തൂര്‍ വാര്‍ഡുകളെയാണ് ഭൂരിപക്ഷം കോണ്‍ഗ്രസ് പ്രവര്‍ത്തകരും പിന്തുണക്കുക. അതേ സമയം പാര്‍ട്ടിയുടെ കൈപ്പത്തി ചിഹ്നം ലഭിച്ചിട്ടും സ്വതന്ത്രരായി മല്‍സരിക്കുന്ന ഒളമതില്‍, തൃപ്പനച്ചി വാര്‍ഡുകളിലെ സ്ഥാനാര്‍ഥികളെ പിന്തുണക്കില്ലെന്നും ഇവര്‍ അറിയിച്ചു. പാര്‍ട്ടിയെ വഞ്ചിച്ച ഇവര്‍ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വോട്ട് ലഭിക്കില്ല. അതേസമയം പാര്‍ട്ടിയിലെ ഭിന്നിപ്പിന് പ്രധാന കാരണം മുസ്‌ലിം ലീഗെടുത്ത ഏകപക്ഷീയ തീരുമാനമാണെന്ന് മണ്ഡലം ഭാരവാഹികള്‍ പറഞ്ഞു. ഒറ്റക്ക് ഭരിക്കണമെന്ന ലീഗ് നിലപാട് കനത്ത വില നല്‍കേണ്ടി വരുമെന്നും ഇവര്‍ വ്യക്തമാക്കി.
ഇത്തവണയും ഏതു രീതിയിലും ഭരണം തിരിച്ചു പിടി—ക്കാന്‍ റിബല്‍ തന്ത്രം മെനയുകയാണ് ലീഗ്. 10ാം വാര്‍ഡായ ഷാപ്പിന്‍കുന്നില്‍ കോണി ചിഹ്നത്തില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥിക്കെതിരേ പോലൂം ലീഗ് തന്നെ റിബല്‍ നിര്‍ത്തിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ പാലക്കാട് വാര്‍ഡില്‍ മുസ്‌ലിം ലീഗിന്റെ റിബല്‍ സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചിട്ടില്ല. കഴിഞ്ഞ തവണ ജനതാദളിന് നല്‍കിയ വാര്‍ഡിലും കോണ്‍ഗ്രസിന് നല്‍കിയ വാര്‍ഡിലും ലീഗ് റിബല്‍ ജയിച്ചിരുന്നു. ഈ തന്ത്രമാണ് ഇത്തവണയും പ്രയോഗിക്കുന്നത്. ഇത്തവണ മൂന്ന് പട്ടിജാതി സംവരണ സീറ്റില്‍ ഒന്നു പോലും അനുവദിച്ചിട്ടില്ല. 35 വര്‍ഷമായി ലീഗിന്റെ ആട്ടും തുപ്പും കേട്ടുകഴിയുന്ന പ്രവര്‍ത്തകര്‍ ഇതിന് ഇത്തവണ മറുപടി നല്‍കുമെന്നാണ് പാര്‍ട്ടിയുടെ മുന്നറിയിപ്പ്. ഇത് പരസ്യമായി പ്രഖ്യാപിക്കാന്‍ പാര്‍ട്ടി തയ്യാറല്ലെങ്കിലും പ്രവര്‍ത്തകര്‍ ഇടതിന് വോട്ടു ചെയ്താല്‍ ഞങ്ങള്‍ക്കൊന്നും ചെയ്യാനാവില്ലെന്ന് ഇവര്‍ മുന്‍കൂര്‍ ജാമ്യമെടുത്തിരിക്കുകയാണ്. ഇതിന് 1995 ലെ വ്യക്തമായ തെളിവ് ലീഗിന് മുന്നിലുണ്ടെങ്കിലും ലീഗ് പഠിക്കില്ലെന്നാണ് നിഷ്പക്ഷ വോട്ടര്‍മാര്‍ പറയുന്നത്.
ലീഗിന്റെ നിലപാട് മൂലം കാലങ്ങളായി മനം മടുത്ത കോണ്‍ഗ്രസുകാര്‍ പാര്‍ട്ടി വിടുന്നതിനെപ്പറ്റിയും ആലോചിച്ചു തുടങ്ങിയിട്ടുണ്ട്.
Next Story

RELATED STORIES

Share it