പുല്‍ക്കൂടുമായി വേലുച്ചാമിയെത്തിക്രിസ്മസിന് ഒരുങ്ങാന്‍

നിഷ ദിലീപ്

കൊച്ചി: ക്രിസ്മസ് എത്തിയതോടെ വേലുച്ചാമിയുടെ പുല്‍ക്കൂട് വിപണിയും സജീവമായി. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഡിസംബറായാല്‍ വേലുച്ചാമിയും കൂട്ടരും എറണാകുളത്ത് എത്തും. മേനക ജങ്ഷനടുത്ത് പോലിസ് എആര്‍ ക്യാംപിനു മുന്നിലാണ് വേലുച്ചാമിയുടെ പുല്‍ക്കൂടു നിര്‍മാണം. ഇത്തവണയും പതിവു തെറ്റിച്ചില്ല. മുളയില്‍ തീര്‍ത്ത ഫ്രെയിമുകളും പുല്ലുമൊക്കെയായി കഴിഞ്ഞ ഞായറാഴ്ച തന്നെ എറണാകുളത്ത് എത്തി. പുല്‍ക്കൂടിന് ആവശ്യക്കാര്‍ കൂടുന്നത് അനുസരിച്ച് നിര്‍മാണവും പുരോഗമിക്കും. നിര്‍മാണത്തിന് ആവശ്യമായ മുളയില്‍ തീര്‍ത്ത ഫ്രെയിമുകള്‍ നാട്ടില്‍ നിന്ന് നിര്‍മിച്ചു കൊണ്ടുവന്നിട്ടുണ്ട്. മുളയും വൈക്കോലും ഉപയോഗിച്ചു നിര്‍മിച്ച പുല്‍ക്കൂട് വലുതിന് 270ഉം ചെറുതിന് 220ഉം രൂപയാണു വില. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20 രൂപയുടെ വ്യത്യാസമുണ്ട് ഇത്തവണ. കഴിഞ്ഞ വര്‍ഷം 250ഉം 200ഉം രൂപയായിരുന്നു വില. മുളയ്ക്കും വൈക്കോലിനും വില കൂടിയതിനാലാണ് വില കൂട്ടിയതെന്ന് വേലുച്ചാമി പറയുന്നു. 10 അടിയുടെ മുളയ്ക്ക് 160 രൂപ നല്‍കണം. ഒരു മുള കൊണ്ട് നാല് പുല്‍ക്കൂടു നിര്‍മിക്കാം. കഴിഞ്ഞ വര്‍ഷം വരെ വൈക്കോല്‍ കെട്ടിന് ഒന്നിന് 10 രൂപയായിരുന്നത് ഇത്തവണ 15 രൂപയായി. ഡിസംബര്‍ 15നു ശേഷമേ പുല്‍ക്കൂടിന് ആവശ്യക്കാര്‍ കൂടുതല്‍ വരുകയുള്ളൂ. ക്രിസ്മസ് തലേന്നു വരെ തിരക്കു തുടരും. മുത്തു, സുരേഷ്, രഞ്ജിത്ത്, ഗൗതം, ശേഖരന്‍, സെല്‍വം എന്നിവരും വേലുച്ചാമിക്കൊപ്പമുണ്ട്.
Next Story

RELATED STORIES

Share it