Malappuram

പുല്ലങ്കോട് എസ്റ്റേറ്റിലെ തൊഴിലാളികള്‍ റോഡ് ഉപരോധിച്ചു

കാളികാവ്:  ജില്ലയിലെ ഏറ്റവും വലിയ റബര്‍ എസ്റ്റേറ്റായ പുല്ലങ്കോടിലെ തൊഴിലാളികളുടെ സമരം ശക്തിയാര്‍ജ്ജിക്കുന്നു. ഇന്നലെ തൊഴിലാളികള്‍ സംസ്ഥാനപാത മണിക്കൂറുകളോളം ഉപരോധിച്ചു. കാളികാവ് ജങ്ഷനിലാണ് റോഡ് ഉപരോധം നടന്നത്. പൊതുസമൂഹത്തിന്റെയും മറ്റിതര തൊഴിലാളി യൂനിയനുകളുടെ സഹകരണം റോഡ് ഉപരോധത്തിനു ലഭിച്ചു. ഒടുവില്‍ യൂനിയന്‍ നേതാക്കള്‍ ആഹ്വാനം ചെയ്തതനുസരിച്ച് ഉപരോധം അവസാനിപ്പിച്ചു. തിങ്കളാഴ്ച തോട്ടമുടമകളും തൊഴിലാളി പ്രതിനിധികളും സര്‍ക്കാറും നടത്തുന്ന സംയുക്ത ചര്‍ച്ചയില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ സമരത്തിന്റെ രൂപം മാറുമെന്നു യൂനിയന്‍ നേതാക്കള്‍ മുന്നറിയിപ്പു നല്‍കി. സമരം തുടങ്ങിയതിനു ശേഷം നടന്ന സംയുക്ത ചര്‍ച്ചയില്‍ തോട്ടമുടകള്‍ ആവശ്യം അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല.

അധ്വാനഭാരവും ഉല്‍പ്പാദനവും കൂട്ടാതെ വേതന വര്‍ധന നടപ്പാക്കാനാവില്ലെന്നാണ് ഉടമകളുടെ ഉറച്ച നിലപാട്. 500 രൂപ മിനിമം കൂലിയാക്കിയാല്‍ തോട്ടങ്ങള്‍ പൂട്ടിയിടേണ്ടി വരുമെന്ന തൊഴില്‍ മന്ത്രിയുടെ നേരത്തെയുള്ള പരാമര്‍ശം വിവാദമായിരുന്നു. നിയമാനുസൃതമായ കൂലിവര്‍ധനവ് നടപ്പാക്കി കാലാവധി കഴിഞ്ഞ് ഒരു വര്‍ഷത്തോളമായി. മിക്കയിടങ്ങളിലും സ്ത്രീ തൊഴിലാളികള്‍ സജീവമായി രംഗത്തുണ്ട്. ഒരുമണിക്കൂറിലേറെ സമയം സംസ്ഥാനപാത നിശ്ചലമായത് നോക്കി നില്‍ക്കാനേ പോലിസിനായുള്ളു. ഐ.എന്‍.ടി.യു.സി. നേതാവ് എന്‍ എ കരീം ഉപരോധം ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു. സെക്രട്ടറി പി ടി ഉമ്മര്‍, എ.ഐ.ടി.യു.സി. ജില്ലാ സെക്രട്ടറി മോഹന്‍ദാസ്, എസ്.ടി.യു. സംസ്ഥാന സമിതിയംഗം കെ ടി സി മുഹമ്മദ്, സി.പി.എം. ഏരിയാ സെക്രട്ടറി ഇ കെ പത്മാക്ഷന്‍, പി.എല്‍.സി. സെക്രട്ടറി ഇ കെ അബ്ദുസ്സലാം സംസാരിച്ചു.
Next Story

RELATED STORIES

Share it