Pathanamthitta local

പുലിയിറങ്ങിയ ആനച്ചന്തയില്‍ കാമറ സ്ഥാപിച്ചു

ചിറ്റാര്‍: പുലിപ്പേടിയില്‍ കഴിയുന്ന നാട്ടുകാര്‍ക്ക് ആശ്വാസമായി ആനച്ചന്തയില്‍ വനംവകുപ്പ് പുലിക്കൂടും ക്യാമറയും സ്ഥാപിച്ചു. ആനച്ചന്തയില്‍ ഇരുപത്തിരണ്ടാം ബ്ലോക്കില്‍ ചെറുതോമ്പില്‍ ബിനുവിന്റെ പറമ്പിലാണ് പുലിക്കൂടും ഇതിന് സമീപത്ത് 150 മീറ്റര്‍ അകലെയായി റബര്‍തോട്ടത്തില്‍ രണ്ടു വശങ്ങളിലുമായി രണ്ട് കാമറയും സ്ഥാപിച്ചത്. വനാതിര്‍ത്തിയോടുചേര്‍ന്ന പ്രദേശമാണ് ആനച്ചന്ത.
ഇവിടെ കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ പുലിയിറങ്ങിയതോടെ ജനം ഭീതിയിലാണ് കഴിയുന്നത്. ജനവാസം ഏറെയുള്ള കാര്‍ഷിക മേഖല കൂടിയായ ഇവിടെ അടുത്തടുത്ത ദിവസങ്ങളില്‍ പുലിയിറങ്ങിയ വാര്‍ത്ത പരന്നതോടെ പുലര്‍ച്ചെയുള്ള റബര്‍ ടാപ്പിങ് പോലും പലരും ഉപേക്ഷിച്ചു.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ പുതുപ്ലാക്കല്‍ തോമസ് കുട്ടി, ചെറുതോമ്പില്‍ ബിനു എന്നിവരുടെ വളര്‍ത്തു നായ്ക്കളെ പുലി പിടിച്ചു കൊണ്ടുപോയിരുന്നു. അടുത്ത ദിവസം ഈ ഭാഗത്തു നിന്നും ഒരു നായയെക്കൂടി പുലി കൊണ്ടുപോകുകയും മറ്റൊരു നായയെ കടിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്തു. ഇവിടെ കണ്ടത് പുലിയുടെ കാല്‍പ്പാദമാണെന്ന് വനംവകുപ്പും സ്ഥിരീകരിച്ചതോടെയാണ് ജനം പരിഭ്രാന്തിയിലായത്.കൊച്ചുകോയിക്കല്‍ ഫോറസ്റ്റ് പരിധിയാണിവിടം. കോന്നിയില്‍ നിന്നാണ് ഇവിടേക്കുള്ള പുലിക്കൂട് കൊണ്ടുവന്നത്.
ഗൂഡ്രിക്കല്‍ റേഞ്ച് ഓഫിസര്‍ കെ എ സാജു, കൊച്ചുകോയിക്കല്‍ ഫോറസ്റ്റ് ഓഫിസര്‍ പ്രസന്നകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പുലിക്കൂടും ക്യാമറയും സ്ഥാപിച്ചത്. ആങ്ങമൂഴി പാലത്തടിയാര്‍ ഭാഗത്ത് പുലിയുടെ സാന്നിധ്യം ഉള്ളതിനാല്‍ അവിടെ അഞ്ച് കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിനു പുറമേ പുലിക്കൂടും സ്ഥാപിച്ചിട്ടുണ്ട്. ക്യാമറയില്‍ രണ്ടു തവണ പുലിയുടെ ചിത്രം പതിഞ്ഞിരുന്നു.
Next Story

RELATED STORIES

Share it