'പുലിമുരുകന്‍' ഗാനം ഓസ്‌കറിനെന്ന വാര്‍ത്ത അടിസ്ഥാനരഹിതം

പൊന്നാനി: മോഹന്‍ലാല്‍ നായകനായ 'പുലിമുരുകനി'ലെ ഗാനത്തിന് ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ചെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാനരഹിതമെന്ന് സംവിധായകന്‍ ഡോ. ബിജു. ഇതു സംബന്ധമായി മാധ്യമങ്ങള്‍ തെറ്റിദ്ധാരണ പരത്തുകയാണ്.  നോമിനേഷനുള്ള ലോങ്‌ലിസ്റ്റില്‍ ഉള്‍പ്പെടുക മാത്രമാണ് ഉണ്ടായത്. അപേക്ഷിക്കുന്ന എല്ലാ സിനിമകളുടെയും പട്ടിക ഇങ്ങനെ നല്‍കും. ഇതാണു ചിലര്‍ നോമിനേഷന്‍ ആയി തെറ്റിദ്ധരിച്ചതെന്നു ഡോ. ബിജു പറഞ്ഞു. ഇംഗ്ലീഷില്‍ അല്ലാതെ നിര്‍മിക്കപ്പെട്ട ചിത്രങ്ങള്‍ ഓസ്‌കറിനായി പരിഗണിക്കുന്നതു മികച്ച വിദേശഭാഷാ ചിത്രം എന്ന വിഭാഗത്തിലാണ്. ഇതിനായി അമേരിക്ക ഒഴികെയുള്ള ഓരോ രാജ്യത്തിനും ഒരു ചിത്രം സമര്‍പ്പിക്കാം. ഇത്തവണ 'ന്യൂട്ടന്‍' എന്ന സിനിമ ആണ് ഇന്ത്യ അയച്ചത്. ഇങ്ങനെ നൂറോളം രാജ്യങ്ങളില്‍ നിന്നു സമര്‍പ്പിക്കുന്ന ചിത്രങ്ങളില്‍ നിന്ന് ഒമ്പതു സിനിമകള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യും. പിന്നീട് അഞ്ചു ചിത്രങ്ങള്‍ നോമിനേഷനായി തിരഞ്ഞെടുക്കും. ഇന്ത്യക്ക് ഇതേ വരെ ഈ നോമിനേഷനില്‍ മൂന്നു തവണ മാത്രമേ ഉള്‍പ്പെടാന്‍ സാധിച്ചിട്ടുള്ളൂ.   ഈ വ ര്‍ഷത്തെ ഓസ്‌കര്‍ നോമിനേഷനുകള്‍ ഏതൊക്കെ എന്നതു ജനുവരിയില്‍ പ്രഖ്യാപിക്കാന്‍ പോവുന്നതേയുള്ളൂ- ഡോ. ബിജു പറഞ്ഞു.
Next Story

RELATED STORIES

Share it