palakkad local

പുലിപ്പേടിയില്‍ കിഴക്കഞ്ചേരി; കൈമലര്‍ത്തി വനംവകുപ്പ്

വടക്കഞ്ചേരി: കിഴക്കഞ്ചേരി  പഞ്ചായത്തിലെ ജനവാസ മേഖലകളില്‍ നിരന്തരം പുലിയിറങ്ങുന്നത് നാട്ടുകാരില്‍ ഭീതിപരത്തുന്നു. എന്നാല്‍  വന്യമൃഗ ഭീഷണിക്കെതിരെ വനം വകുപ്പ് അധികൃതര്‍ യാതൊരു വിധ നടപടിയും സ്വീകരിക്കാത്തതില്‍ പ്രദേശവാസികള്‍ രോഷാകുലരാണ്. കോട്ടേക്കുളം, ഒടുകിന്‍ ചുവട്, പാത്തിപ്പാറ പ്രദേശങ്ങളിലാണ് പുലിയുടെ ഭീഷണിയുള്ളത്. പാലക്കുഴി മലയോര മേഖലയിലും പുലിയെ കാണാറുണ്ട്.
ഒരു പുലിയും രണ്ട് പുലി കുട്ടികളെയും ഈ മേഖലയില്‍ കാണാന്‍ തുടങ്ങിയിട്ട് രണ്ടാഴ്ചയിലേറെയായി. ഓരോ ദിവസവും പ്രദേശവാസികള്‍ പലരും പുലിയെ കണ്ടിട്ടുണ്ട്. മാത്രമല്ല പല പ്രദേശങ്ങളിലും പുലിയുടെ കാല്‍പ്പാടുകളും കാണാറുണ്ട്. തുടര്‍ന്ന് വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധിച്ച് മേഖലയില്‍ പുലിയുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്തിരുന്നു. കൂട് സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ആഴ്ചകള്‍ കഴിഞ്ഞിട്ടും യാതൊരു വിധ നടപടിയും സ്വീകരിച്ചിട്ടില്ല.
പെട്ടെന്ന് കൂട് സ്ഥാപിക്കുന്നത് ബുദ്ധിമുട്ടാണെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഈ സാഹചര്യത്തില്‍ പ്രത്യക്ഷ സമരത്തിന് തയ്യാറെടുക്കുകായണ് പ്രദേശവാസികള്‍. കോട്ടേക്കുളത്തിന് പുറമെ കിഴക്കഞ്ചേരി, വണ്ടാഴി പഞ്ചായത്തുകളിലെ മലയോര മേഖലകളില്‍ വ്യാപകമായ തോതില്‍ പുലിയും കാട്ടുമൃഗങ്ങളും ഇറങ്ങുന്നത് നാട്ടുകാരില്‍ ആശങ്ക ഉളവാക്കായിട്ടുണ്ട്. അതിരാവിലെ റബര്‍ ടാപ്പിങ്ങിനും മറ്റും പോകുന്ന തൊഴിലാളികളും ഭീതിയിലാണ്.
വേനല്‍ കടുക്കുന്നതോടുകൂടി കൂടുതല്‍ മൃഗങ്ങള്‍ തീറ്റയും വെള്ളവും തേടി നാട്ടിന്‍ പുറങ്ങളിലേക്ക് ഇറങ്ങാന്‍ സാധ്യതയുണ്ട്. ആടുകളെയും വളര്‍ത്തുനായക്കളെയുമാണ് കൂടുതലായും പുലികള്‍ കൊണ്ട് പോവാറുള്ളത്. വനമേഖലയില്‍ ഉണ്ടാകുന്ന കാട്ട് തീയും ഇത്തരം മൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങാന്‍ കാരണമായി പറയുന്നു.പുലിയുടെയും മറ്റ് കാട്ടുമൃഗങ്ങളുടെയും ശല്യം നിയന്ത്രിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം പുലിയിറങ്ങിയ പ്രദേശങ്ങള്‍ കെ ഡി പ്രസേനന്‍ എംഎല്‍എയും സംഘവും സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് നെന്മാറ ഡിഎഫ്ഒയുമായി ബന്ധപ്പെട്ട് ഈ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് പുലിയെ പിടിക്കാന്‍ കൂട്  സ്ഥാപിക്കുന്നതുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it