malappuram local

പുലാമന്തോള്‍ പാലത്തില്‍ സ്പാന്‍ ജോയിന്റ് തകര്‍ന്നു

പെരിന്തല്‍മണ്ണ: മലപ്പുറം-പാലക്കാട് ജില്ലാ അതിര്‍ത്തിയായ പുലാമന്തോള്‍ പാലത്തില്‍ സ്പാന്‍ ജോയിന്റുകള്‍ തകര്‍ന്ന് അപകടാവസ്ഥയില്‍. പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ യഥാസമയം നടത്താതെ കെആര്‍ബിഡിസി അധികൃതര്‍ ഒഴിഞ്ഞു മാറുന്നതായി ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ മാര്‍ച്ചില്‍ പാലത്തിന്റെ തകര്‍ന്ന സ്പാന്‍ ജോയിന്റുകളിലെ റബര്‍ ബുഷുകള്‍ മാറ്റി പുനരുദ്ധാരണം നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പാലത്തിലെ ദുരിതയാത്രയ്്ക്ക് ശമനമായിട്ടില്ല. സ്പാന്‍ ജോയിന്റുകള്‍ മാറ്റി സ്ഥാപിച്ച് പുനരുദ്ധാരണ പ്രവര്‍ത്തനത്തിന് 19 ലക്ഷത്തിലധികം രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. പാലത്തിലെ എട്ട് സ്പാന്‍ ജോയിന്റുകള്‍ തകര്‍ന്നു കിടങ്ങായിട്ടുണ്ട്. മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് ലക്ഷങ്ങള്‍ ചിലവിട്ട് ഒരുതവണ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നുവെങ്കിലും ദിവസങ്ങള്‍ക്കകം പഴയ പടിയായി. ഇതേ തുടര്‍ന്ന് പുലാമന്തോള്‍ വിവരാവകാശ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നല്‍കിയ പരാതിയില്‍ മാസങ്ങള്‍ക്ക് മുന്‍പ് വിജിലന്‍സ് അധികാരികള്‍ പാലം സന്ദര്‍ശിച്ചു നാട്ടുകാരില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
തുടര്‍ന്ന് വിജിലന്‍സ് നിര്‍ദേശത്തില്‍ പാലത്തിലെ അറ്റകുറ്റപ്പണികള്‍ക്കായി 19.5 ലക്ഷം അനുവദിച്ചു. എന്നാല്‍, ഫണ്ട് അനുവദിച്ചു മാസങ്ങള്‍ കഴിഞ്ഞെങ്കിലും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്താത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ജീവന്‍രക്ഷാ വാഹനങ്ങള്‍ അടക്കം കടന്നുപോവുന്ന പാലത്തിലെ വിള്ളലില്‍ വീണ് വാഹങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്കടക്കം പരിക്കേല്‍ക്കുന്നതും വാഹനങ്ങള്‍ക്കു കേടുപാടുകള്‍ സംഭവിക്കുന്നതും പതിവാണ്.
Next Story

RELATED STORIES

Share it