malappuram local

പുലത്ത് കൈവെട്ട് കേസില്‍ ഒന്നാംപ്രതി കുറ്റക്കാരന്‍

മഞ്ചേരി: കാരക്കുന്ന് പുലത്ത് അബ്ദുല്‍ നാസര്‍ വധക്കേസിലെ പ്രതിയെ വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസില്‍ ഒന്നാം പ്രതി കുറ്റക്കാരനാണെന്ന് മഞ്ചേരി അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തി. കാരക്കുന്ന് പുലത്ത് പാറേങ്ങല്‍ ഖാലിദിനെതിരായ കുറ്റമാണ് തെളിയിക്കപ്പെട്ടത്. കേസില്‍ ജഡ്ജി എ വി നാരായണന്‍ ഇന്ന് വിധി പറയും. മറ്റു പ്രതികളും ഒന്നാം പ്രതിയുടെ സഹോദരന്മാരുമായ ഉമ്മര്‍ (58), സിറാജുദ്ദീന്‍ (27), സുനീര്‍ബാബു (32) എന്നിവരെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വിട്ടയച്ചു. 2012 ഡിസംബര്‍ 16ന് രാവിലെ 10ന് കാരക്കുന്ന പഴയിടം ആലിന്‍ചുവടിലാണ് സംഭവം. തിരുവാലി തായങ്കോട് പുലത്ത് പുലിക്കോട്ടില്‍ മുഹമ്മദിന്റെ മകന്‍ ഫയാസ്(36)നാണ് വെട്ടേറ്റത്. തിരുവാലി താഴംകോട് നടന്ന സെവന്‍സ് ഫുട്‌ബോള്‍ മല്‍സരത്തിനിടെയുണ്ടായ സംഘര്‍ഷത്തിനിടെ പുലത്ത് അബ്ദുല്‍ നാസര്‍ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയാണ് ഫയാസ്. കൊലക്കേസിന്റെ വിചാരണയ്ക്കായി മഞ്ചേരി ഒന്നാം അതിവേഗ കോടതിയിലേക്ക് പോവുന്ന സമയം വണ്ടൂര്‍ ഭാഗത്തുനിന്ന് ജീപ്പിലും ബൈക്കിലുമായി എത്തിയ അക്രമി സംഘം കാരക്കുന്ന് പഴയിടത്തുവച്ച് ബൈക്ക് തടഞ്ഞുനിര്‍ത്തി വടിവാള്‍ കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചുവെന്നാണ് കേസ്. അക്രമത്തില്‍ ഫയാസിന്റെ ഇടതു കൈ മുട്ടിനു താഴെയും വലത് കൈവിരലുകളും മുറിഞ്ഞുപോയിരുന്നു. പ്രോസിക്യൂഷനു വേണ്ടി അഡീഷനല്‍ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ പി പി ബാലകൃഷ്ണന്‍ ഹാജരായി.
Next Story

RELATED STORIES

Share it