പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം; അന്വേഷണം ശരിയായ ദിശയിലല്ല: ക്ഷേത്രഭാരവാഹികള്‍

തിരുവനന്തപുരം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തില്‍ പോലിസ് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ക്ഷേത്രഭാരവാഹികള്‍. ഇപ്പോഴത്തേത് ഉപരിതല അന്വേഷണം മാത്രമാണെന്നും അപകടത്തിന് തൊട്ടുമുമ്പ് കമ്പപ്പുരയിലേക്ക് ഓടിക്കയറിയ അജ്ഞാതനെക്കുറിച്ച് അന്വേഷിക്കണമെന്നും ക്ഷേത്രസംരക്ഷണ സമിതിയും പുറ്റിങ്ങല്‍ ദേവസ്വം കരയോഗവും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
മല്‍സരക്കമ്പമല്ലെങ്കിലും പങ്കെടുക്കുന്ന ഓരോ വെടിക്കെട്ടുകാരും തങ്ങളാണ് കേമന്‍മാരെന്ന് കാണിക്കാന്‍ ഉഗ്രശേഷിയുള്ള വെടിക്കോപ്പുകള്‍ ഇതില്‍ ഉള്‍പ്പെടുത്താറുണ്ട്. ആവശ്യമായതില്‍ കൂടുതല്‍ സ്‌ഫോടകവസ്തുക്കളുണ്ടായിരുന്നത് ഈ ഇനത്തിലാവാം. ഇതെല്ലാം പരിശോധിക്കേണ്ടത് ക്ഷേത്രഭാരവാഹികളല്ല, ഭരണകൂടമാണെന്നും ഇവര്‍ പറഞ്ഞു.
ഒരു സുരക്ഷയും പാലിക്കാതെയാണ് കമ്പപ്പുരയില്‍നിന്ന് അമിട്ട് പുറത്തേക്ക് കൊണ്ടുവന്നതായി ദൃശ്യങ്ങളില്‍ കണ്ടത്. മാത്രമല്ല അജ്ഞാതനായ ഒരാള്‍ കമ്പപ്പുരയിലേക്ക് ഓടിക്കയറുകയും അയാള്‍ ഇറങ്ങി ഓടുകയും ചെയ്തതിന് പിന്നാലെയാണ് കമ്പപ്പുരയില്‍നിന്ന് പുറത്തേക്ക് കൊണ്ടുപോയ അമിട്ടില്‍ തീപ്പൊരി പതിച്ചത്. ഇതുസംബന്ധിച്ച് അന്വേഷണം നടക്കണം. അപകടമുണ്ടായ ഉടന്‍ ഒരുസംഘം ആളുകള്‍ ആയുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതും ശ്രദ്ധേയമാണ്. മാത്രമല്ല ക്ഷേത്രം ഓഫിസും മൂലസ്ഥാനത്തിന്റെ ചുറ്റുമതിലും അടിച്ചുതകര്‍ത്ത സംഭവത്തിലും വിശദമായ അന്വേഷണം ആവശ്യമാണ്.
പോലിസ് അന്വേഷണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്ര സംരക്ഷണസമിതി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിലും ഒരു സംഘം പ്രതിഷേധവുമായി എത്തിയിരുന്നു. ഇക്കാര്യങ്ങളിലെല്ലാം സത്യസന്ധമായ അന്വേഷണം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ക്ഷേത്ര സംരക്ഷണസമിതി കണ്‍വീനര്‍ മാങ്കുളം രാജേഷ്, പുറ്റിങ്ങല്‍ ദേവസ്വം സംയുക്ത കരയോഗം കമ്മിറ്റി സെക്രട്ടറി പരവൂര്‍ മോഹന്‍ദാസ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it