പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം: സെന്‍കുമാര്‍ നേരിട്ട് ഹാജരാകാന്‍ ഉത്തരവ്

തിരുവനന്തപുരം: മുന്‍ ഡിജിപി ടി പി സെന്‍കുമാറിനെ സ്ഥാനഭ്രഷ്ടനാക്കാനായി പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഫയലില്‍ മുന്‍ ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ കൃത്രിമം കാട്ടിയെന്ന പരാതിയില്‍ സെന്‍കുമാര്‍ നേരിട്ടു ഹാജരാകാന്‍ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി-3 മുമ്പാകെ 31ന് ഹാജരാകാനാണ് ഉത്തരവ്.
കേസില്‍ സാക്ഷിമൊഴി നല്‍കാനായി മജിസ്‌ട്രേറ്റ് ടി മഞ്ജിത്താണ് സെന്‍കുമാറിനെ വിളിച്ചുവരുത്തുന്നത്. നേരത്തേ സമന്‍സ് കൈപ്പറ്റിയ ഹരജിയിലെ മറ്റു രണ്ടു സാക്ഷികളായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഹാജരാകാന്‍ സമയം തേടി.
2016ലാണ് പരാതിക്ക് ആസ്പദമായ സംഭവം. അന്നത്തെ സംസ്ഥാന പോലിസ് മേധാവിയായ സെന്‍കുമാറിനോടുള്ള വ്യക്തിവിരോധത്താല്‍ വെടിക്കെട്ട് അപകടം സംബന്ധിച്ച് ഏപ്രില്‍ 13നുള്ള സര്‍ക്കാര്‍ ഫയലില്‍ നളിനി നെറ്റോ സെന്‍കുമാറിന്റെ ഒമ്പതു നിര്‍ദേശങ്ങള്‍ അടങ്ങിയ പേജുകളും ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും കുറിപ്പുകള്‍ അടങ്ങിയ താളുകളും അടര്‍ത്തിമാറ്റി പകരം പുതിയ താളുകള്‍ ചേര്‍ത്ത് വ്യാജരേഖയുണ്ടാക്കി കൃത്രിമം കാട്ടിയെന്നാണ് പരാതി.
നളിനി അഡീഷനല്‍ ചീഫ് സെക്രട്ടറിയായിരിക്കെ കേന്ദ്ര ഡെപ്യൂട്ടേഷനിലായിരുന്ന എം എസ് വിജയാനന്ദിനെ കേരളത്തില്‍ ചീഫ് സെക്രട്ടറിയാക്കാന്‍ കാരണമായത് സെന്‍കുമാറാണെന്നും അല്ലാത്തപക്ഷം നളിനിക്ക് ആ പദവിയിലെത്താന്‍ കഴിയുമായിരുന്നുവെന്ന വൈരാഗ്യത്തില്‍ നളിനി വ്യാജരേഖ ഉണ്ടാക്കിയതാണെന്നും പരാതിയില്‍ പറയുന്നു.

Next Story

RELATED STORIES

Share it