പുറ്റിങ്ങല്‍ ദുരന്തം; സിപിഎം നിലപാട് ദൗര്‍ഭാഗ്യകരം: ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: ദുരന്തങ്ങളെപ്പോലും രാഷ്ട്രീയവല്‍ക്കരിക്കുന്ന പാര്‍ട്ടിയായി സിപിഎം അധപ്പതിച്ചിരിക്കുകയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പുറ്റിങ്ങല്‍ ദുരന്തത്തിനു കാരണം യുഡിഎഫ് സര്‍ക്കാരാണെന്ന സിപിഎം നേതാക്കളുടെ പ്രസ്താവന തന്നെ അദ്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന്റെ ചടയമംഗലത്തെ സ്ഥാനാര്‍ഥി എംഎം ഹസന്റെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആഭ്യന്തരമന്ത്രി.
ദുരന്തവുമായി ബന്ധപ്പെട്ട് ഏതെങ്കിലും പോലിസ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുക തന്നെ ചെയ്യും. പുറ്റിങ്ങലിലെ ദുരന്തവാര്‍ത്ത അറിഞ്ഞയുടന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ എല്ലാ ഏകോപനവും നടത്തി. തുടര്‍ന്ന്, നേരിട്ട് സംഭവസ്ഥലത്തെത്തുകയും ചെയ്തു. കേരളം ഒരേ മനസ്സോടെയാണ് ദുരന്തത്തെ നേരിട്ടത്. എന്നാല്‍, സിപിഎം നേതാക്കള്‍ സംഭവത്തെ രാഷ്ട്രീയവല്‍ക്കരിക്കുകയും ആഭ്യന്തരമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെടുകയും ചെയ്യുകയാണ്. ദുരന്തങ്ങളെപ്പോലും രാഷ്ട്രീയവല്‍ക്കരിക്കുന്ന സിപിഎം നിലപാട് അങ്ങേയറ്റം നിര്‍ഭാഗ്യകരമാണ്.
കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴാണ് ശബരിമലയില്‍ പുല്ലുമേട് ദുരന്തമുണ്ടായത്. 105 പേര്‍ മരിച്ചു. അന്ന് മരംകോച്ചുന്ന മഞ്ഞത്ത് പുല്‍മേട്ടില്‍ ഒരുമന്ത്രിയും വന്നില്ല. എന്നാല്‍, പ്രതിപക്ഷ നേതാവായിരുന്ന ഉമ്മന്‍ചാണ്ടിയും കെപിസിസി അധ്യക്ഷനായിരുന്ന താനും അവിടെയെത്തി. മന്ത്രിമാര്‍ വന്നത് രാവിലെയാണ്. തേക്കടി ബോട്ടപകടമുണ്ടായി 100ഓളം പേര്‍ മരിച്ചു. എന്നാല്‍, ഈ ദുരന്തങ്ങളുടെ പേരില്‍ കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് തങ്ങള്‍ ഒരിക്കല്‍പ്പോലും ആവശ്യപ്പെട്ടില്ല. ആള്‍ക്കാരുടെ കണ്ണീരിലും വേദനയിലും ദുരന്തങ്ങളിലും രാഷ്ട്രീയനേട്ടമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ഒരിക്കലും നിന്നിട്ടില്ല. ദുരന്തങ്ങളെപ്പോലും രാഷ്ട്രീയവല്‍ക്കരിക്കുന്ന തരംതാണ രാഷ്ട്രീയം സിപിഎം ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it