Big stories

പുറന്തള്ളപ്പെടുന്നവരുടെ രാഷ്ട്രീയം

ഇ.എം. അബ്ദുര്‍റഹ്മാന്‍

തേജസ് ദൈ്വവാരിക ഓഗസ്റ്റ് 1

അധികാരത്തിലേക്കുള്ള വഴിയാണ് രാഷ്ട്രീയം. അധികാരമില്ലായ്മയുടെ ഫലം അടിമത്തമാണ്. ഭൂരിപക്ഷ ഭരണം ജനാധിപത്യമാവുന്നത് സാങ്കേതികമായി മാത്രമാണ് ശരി. എല്ലാ ജനവിഭാഗങ്ങളുടെയും മതിയായ അധികാര പങ്കാളിത്തമാണ് ശരിയായ ജനാധിപത്യം. ഭൂരിപക്ഷം തങ്ങള്‍ക്കു തോന്നുന്നത് കൊടുക്കുന്നവരും ന്യൂനപക്ഷം ഇരന്നുവാങ്ങുന്നവരുമാകുന്നത് ജനാധിപത്യത്തിന്റെ നിഷേധമാണ്. 68 വര്‍ഷം പ്രായമാകുന്ന അവസരത്തില്‍ വെല്ലുവിളികള്‍ ശക്തമാണെങ്കിലും, ഇന്ത്യന്‍ ഭരണഘടന ജനാധിപത്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും സത്ത ചോര്‍ന്നുപോകാതെ സൂക്ഷിച്ചിരിക്കുന്നു. ഇനിയും സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ലാത്ത ഏറ്റവും ഒടുവിലത്തെ സെന്‍സസ് പ്രകാരം ഇന്ത്യയില്‍ മുസ്‌ലിംകള്‍ പതിനേഴേകാല്‍ കോടിയും പതിനാലേകാല്‍ ശതമാനവുമാണ്. വിഭവങ്ങള്‍ വീതിക്കപ്പെടുന്നിടത്തും അധികാരങ്ങള്‍ പങ്കുവയ്ക്കപ്പെടുന്നിടത്തും ആളെണ്ണത്തിനൊത്ത വിഹിതം അവരുടെ അവകാശമാണ്. എന്നാല്‍, സാമൂഹിക വളര്‍ച്ചയിലും ഭരണസാമീപ്യത്തിലും അവര്‍ പുറമ്പോക്കില്‍ തള്ളപ്പെട്ടവരത്രേ. 2006ലെ ജസ്റ്റിസ് സച്ചാര്‍ കമ്മീഷന്‍ അവര്‍ക്ക് നാട്ടിലെ ഏറ്റവും പിന്നാക്കമായ ജനതയെന്ന ഔദ്യോഗിക മുദ്ര നല്‍കി. എട്ടു വര്‍ഷത്തിനു ശേഷം സച്ചാര്‍ അനന്തരമുള്ള അവരുടെ സ്ഥിതിഗതികള്‍ പഠിക്കാന്‍ നിയോഗിക്കപ്പെട്ട പ്രഫ. കുണ്ടു കമ്മിറ്റി അവര്‍ ഇന്നും അതേ സ്ഥിതിയില്‍ തന്നെയാണെന്നു വിധിയെഴുതി. പ്രാഥമിക വിദ്യാഭ്യാസം ഒഴികെയുള്ള മേഖലകളില്‍ അവര്‍ കൂടുതല്‍ പിന്നാക്കംപോയതായാണ് കുണ്ടു കമ്മിറ്റിയുടെ കണ്ടെത്തല്‍. വില്ലേജ് ഓഫിസ് മുതല്‍ കേന്ദ്ര സെക്രട്ടേറിയറ്റ് വരെയും ശിപായി മുതല്‍ ചീഫ് സെക്രട്ടറി വരെയുമുള്ള ഉദ്യോഗശ്രേണികളിലുള്ള പ്രാതിനിധ്യമാണ് കാതലായ കാര്യം. മുസ്‌ലിംലീഗിന്റെ ഭരണസാന്നിധ്യവും സംവരണത്തിന്റെ ആനുകൂല്യവും സമുദായ സംഘടനകളുടെ ജാഗ്രതയുമൊക്കെ ഉണ്ടായിട്ടും കേരളത്തില്‍ പോലും ആളെണ്ണത്തിന്റെ പകുതിയില്‍ താഴെയാണ് അവരുടെ ഉദ്യോഗപ്രാതിനിധ്യം. കേന്ദ്ര സര്‍വീസിലെയും മറ്റു സംസ്ഥാനങ്ങളിലെയും കാര്യം പിന്നെ പറയേണ്ടതില്ലല്ലോ. ഹിന്ദുത്വ അജണ്ട നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമായ മോദി സര്‍ക്കാരിനു കീഴില്‍ ന്യൂനപക്ഷ അവകാശങ്ങളുടെ പരിരക്ഷയും മുസ്‌ലിം സംവരണമെന്ന ആവശ്യവും ആര്‍ത്തനാദങ്ങളായി അവശേഷിക്കാനാണ് സാധ്യത. ന്യൂനപക്ഷങ്ങള്‍ക്കു പ്രത്യേക സീറ്റ് സംവരണത്തിനു ഭരണഘടനയുടെ കരടുപതിപ്പില്‍ നിര്‍ദേശമുണ്ടായിരുന്നെങ്കിലും പിന്നീട് അത് പിന്‍വലിക്കപ്പെടുകയായിരുന്നു. ദലിതരും ആദിവാസികളും ഇന്നു മുസ്‌ലിംകളേക്കാള്‍ പാര്‍ലമെന്ററി പ്രാതിനിധ്യം അനുഭവിക്കുന്നതിന്റെ കാരണം ഭരണഘടനാപരമായ സീറ്റ് സംവരണവ്യവസ്ഥയാണ്. നമ്മുടെ തിരഞ്ഞെടുപ്പുചട്ടങ്ങള്‍ ആനുപാതിക പ്രാതിനിധ്യം എന്ന ആശയം പരിഗണിക്കാത്തതും മുസ്‌ലിംകള്‍ക്കു മുന്നിലെ കടമ്പയാണ്. മതന്യൂനപക്ഷങ്ങള്‍ക്കു സംവരണമണ്ഡലങ്ങളോ അല്ലെങ്കില്‍ ആനുപാതിക പ്രാതിനിധ്യ വ്യവസ്ഥയോ അംഗീകരിക്കപ്പെടുന്നതുവരെ മുസ്‌ലിം രാഷ്ട്രീയം പാര്‍ലമെന്റിനും അസംബ്ലികള്‍ക്കും പുറത്തു കഴിയാന്‍ തന്നെയായിരിക്കും വിധി. 16ാം ലോക്‌സഭയില്‍ 543 അംഗങ്ങളില്‍ 23 പേര്‍ മാത്രമാണ് മുസ്‌ലിംകള്‍. കഴിഞ്ഞ ലോക്‌സഭയില്‍ മുസ്‌ലിംകള്‍ 30 പേര്‍ ഉണ്ടായിരുന്നു. അതായത് 5.5 ശതമാനം. 14ാം ലോക്‌സഭയില്‍ മുസ്‌ലിംകള്‍ ഇതിനേക്കാള്‍ ഒരു ശതമാനം കൂടുതലുണ്ടായിരുന്നു. ഓരോ തിരഞ്ഞെടുപ്പിലും മുസ്‌ലിം എം.പിമാരുടെ എണ്ണം കുറഞ്ഞുവരുകയാണ്. ബി.ജെ.പി. ഫാക്ടര്‍ മാത്രമല്ല കാരണം. കോണ്‍ഗ്രസ്സിന്റെ സുവര്‍ണദശകളിലും മുസ്‌ലിം സാന്നിധ്യം ക്രമമായി കുറഞ്ഞുകൊണ്ടേയിരുന്നു. പുതിയ ലോക്‌സഭയിലെ മുസ്‌ലിം എം.പിമാരില്‍ ബിഹാറിലെ നാലു പേര്‍ മാത്രമാണ് ഹിന്ദിബെല്‍റ്റില്‍ നിന്നുള്ളവര്‍. മുസ്‌ലിംകള്‍ക്ക് സീറ്റ് കൊടുക്കാതിരിക്കുന്നതിനു മതേതര പാര്‍ട്ടി കളുടെ പക്കല്‍ ഒരു വിചിത്ര ന്യായമുണ്ട്: മുസ്‌ലിംകള്‍ നിര്‍ണായകമല്ലാത്ത ഇടങ്ങളില്‍ അവരില്‍പ്പെട്ടവനെ നിര്‍ത്തിയാല്‍ ഹിന്ദുക്കള്‍ വോട്ട് ചെയ്യുകയില്ലത്രേ. മുസ്‌ലിംകള്‍ക്ക് മതം നോക്കാതെ വോട്ട് ചെയ്യാതെ വേറെ നിര്‍വാഹമില്ലെന്നായിരിക്കാം. സെക്കുലര്‍ പാര്‍ട്ടികളിലൂടെയുള്ള നാമമാത്ര പ്രാതിനിധ്യം മുസ്‌ലിംകള്‍ക്കു സാമുദായികമായി ഗുണം ചെയ്യുകയുണ്ടായില്ല. മുസ്‌ലിം നേതാക്കള്‍ സമുദായത്തിനുള്ളില്‍ അവരുടെ പാര്‍ട്ടികളുടെ വക്താക്കളായി മാത്രം പരിണമിച്ചു. നിയമനിര്‍മാണസഭകളിലോ സ്വന്തം പാര്‍ട്ടികളില്‍ പോലുമോ സമുദായത്തിനു വേണ്ടി ശബ്ദിക്കാന്‍ യജമാനകോപത്തെക്കുറിച്ചുള്ള ഭയം അവരെ അനുവദിച്ചില്ല. മുന്നണിരാഷ്ട്രീയത്തിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങേണ്ടിവന്ന മുസ്‌ലിംലീഗ്, എം.ഐ.എം. തുടങ്ങിയ സമുദായകക്ഷികള്‍ക്കും ഈ ദൗര്‍ബല്യം മറികടക്കാനായില്ല. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോഴും സിമി നിരോധിക്കപ്പെട്ടപ്പോഴും മുസ്‌ലിം എം.പിമാര്‍ മൗനത്തിന്റെ വാല്‍മീകത്തില്‍ ഒളിക്കുകയായിരുന്നുവല്ലോ. ഒറ്റപ്പെട്ട അനുസരണക്കേടുകള്‍ക്കു കടുത്ത ശിക്ഷ വിധിക്കപ്പെടുകയും ചെയ്തു. ഇപ്പോള്‍ യു.എ.പി.എ. എന്ന ഭീകരനിയമത്തിനെതിരേ അങ്ങാടിയില്‍ ആയിരം നാവിട്ടടിച്ചു മത്സരിക്കുന്നവര്‍, പാര്‍ലമെന്റിനകത്ത് ഓരോ ഭേദഗതിവേളയിലും സമുദായതാല്‍പ്പര്യം വെടിഞ്ഞ് അധികാരതാല്‍പ്പര്യം സംരക്ഷിക്കാനാണ് യത്‌നിച്ചത്. ഈ നിഷേധ രാഷ്ട്രീയത്തില്‍ നിന്നു പുറത്തുകടക്കാന്‍ മുസ്‌ലിംകള്‍ക്കു കഴിയണം. മുസ്‌ലിംകളുടെയും അരികുകളില്‍ കഴിയുന്ന മറ്റു ജനവിഭാഗങ്ങളുടെയും തുല്യശാക്തീകരണത്തിനും സമനീതിക്കും വേണ്ടിയുള്ള ഒരു രാഷ്ട്രീയമുന്നേറ്റമാണ് ഉയര്‍ന്നുവരേണ്ടത്. അവഗണന നേരിടുന്ന ഇതര വര്‍ഗങ്ങളുമായി ഐക്യപ്പെട്ടുകൊണ്ടല്ലാതെ മുസ്‌ലിംകള്‍ക്ക് രാഷ്ട്രീയാസ്തിത്വം ഉറപ്പിക്കാനാവില്ലെന്നത് ശരിയാണ്. അതേസമയം, പിന്നാക്കവര്‍ഗ ഐക്യം എന്ന മുദ്രാവാക്യവുമായി രംഗപ്രവേശം ചെയ്ത എസ്.പി., ആര്‍.ജെ.ഡി., ബി.എസ്.പി. തുടങ്ങിയ പാര്‍ട്ടികളും പ്രശ്‌നാധിഷ്ഠിതമായി മുസ്‌ലിംകള്‍ സംഘടിക്കുന്നതും മുസ്‌ലിം നേതൃത്വം രൂപപ്പെടുന്നതും തടയുകയാണ് ചെയ്തിട്ടുള്ളത്. മുസ്‌ലിംകള്‍ക്ക് അര്‍ഹിക്കുംവിധം മതിയായ പങ്ക് ലഭിക്കുന്ന പോസിറ്റീവ് പൊളിറ്റിക്‌സ് അഥവാ സക്രിയ രാഷ്ട്രീയം പുതുതായി ഉയര്‍ന്നുവരേണ്ടിയിരിക്കുന്നു. ജനകീയ സമരവും തിരഞ്ഞെടുപ്പു മത്സരവും ഒപ്പം വഹിക്കുന്ന രാഷ്ട്രീയ സംഘാടനം. ദേശീയമായി അത്തരം സാന്നിധ്യം യാഥാര്‍ഥ്യമാവാന്‍ തീര്‍ച്ചയായും സമയമെടുക്കും. എന്നാല്‍, മുസ്‌ലിം ജനസംഖ്യയുടെ പകുതിയിലധികം അധിവസിക്കുന്ന യു.പി. മുതല്‍ അസം വരെയുള്ള ഹിന്ദി, ഉര്‍ദു, ബംഗാളി സംസ്ഥാനങ്ങളില്‍ സ്വന്തം നിലയില്‍ രാഷ്ട്രീയ ശക്തി സമാഹരിക്കാന്‍ മുസ്‌ലിംകള്‍ക്ക് സാധിക്കേണ്ടതാണ്. മൊത്തം ഇന്ത്യയുടെ രാഷ്ട്രീയത്തിന്റെ ഭാഗധേയം നിര്‍ണയിച്ചുപോരുന്ന ആ മേഖലയില്‍ തുടരുന്ന രാഷ്ട്രീയ ശൂന്യത നികത്തേണ്ടത് അവരുടെ മാത്രം ആവശ്യമല്ല. ഇതര ഭാഗങ്ങളിലെ മുസ്‌ലിംകളുടെ കൂടി ഉത്തരവാദിത്തമാണ്. പോരായ്മകളും ദൗര്‍ബല്യങ്ങളും ഏറെയുണ്ടെങ്കിലും നിലവിലെ മുസ്‌ലിം രാഷ്ട്രീയപ്പാര്‍ട്ടികളെ അവഗണിക്കാവതല്ല. ന്യൂനപക്ഷവിരുദ്ധതയില്‍ ഊന്നിയ ഹിന്ദുത്വ രാഷ്ട്രീയം സര്‍വം കൈയടക്കി മുന്നേറി ക്കൊണ്ടിരിക്കുമ്പോള്‍, ആത്മപരിശോധന നടത്താനും തങ്ങള്‍ക്കിടയില്‍ സാധ്യമായ ഏകോപനത്തിനു ശ്രമിക്കാനും ചെറിയ സാന്നിധ്യങ്ങള്‍ മാത്രമായ എല്ലാ മുസ്‌ലിം പാര്‍ട്ടികളും വിനയവും വിവേകവും കാണിക്കണം. ആദര്‍ശത്തിനും ആര്‍ജവത്തിനുമുപരി, സ്ഥാനമാനങ്ങള്‍ മാത്രം ലാക്കാക്കി ഉണ്ടാക്കുന്ന നേട്ടങ്ങള്‍ താല്‍ക്കാലികവും കേവലം വ്യക്തിഗതവുമായിരിക്കും. വ്യക്തികേന്ദ്രീകൃതവും കുടുംബവ്യവസായബന്ധിയുമായ മുസ്‌ലിം രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് സ്ഥായിയായ നിലയില്‍ സമുദായത്തെ ശാക്തീകരണത്തിലേക്ക് നയിക്കാന്‍ കഴിയില്ല. വൈകാരികമായ പ്രതികരണങ്ങളും കത്തുന്ന പ്രസംഗങ്ങളും നെടുങ്കന്‍ ഡയലോഗുകളും മതി സമുദായത്തെ ഉദ്ദീപിപ്പിക്കാന്‍ എന്നത് യഥാര്‍ഥത്തില്‍ ഒരു പരാധീനതയാണ്. ആത്മവീര്യം ചോര്‍ത്തപ്പെട്ടും ഭയത്തിനടിപ്പെട്ടും നിരാശയുടെ നീര്‍ക്കയത്തിലേക്ക് എടുത്തെറിയപ്പെട്ടവര്‍ ഒരു ഉവൈസിയുടെ ഒന്നോ രണ്ടോ പ്രസംഗങ്ങളില്‍ അഭയം പ്രാപിക്കുന്നെങ്കില്‍ അതു നിവൃത്തികേടു മൂലമാണ്. ഒന്നോ രണ്ടോ വ്യക്തികള്‍ക്കോ അവരുടെ കുടുംബങ്ങള്‍ക്കോ നെടുനീളന്‍ തെരുവുപ്രസംഗങ്ങള്‍ക്കോ നികത്താന്‍ കഴിയുന്നത്ര ചെറുതല്ല ഇന്ത്യന്‍ മുസ്‌ലിംകള്‍ നേരിടുന്ന രാഷ്ട്രീയ ശൂന്യത. സമുദായമധ്യത്തില്‍ ശരിയായ തിരിച്ചറിവും ആത്മവിശ്വാസവും വളര്‍ത്തിയെടുത്തുകൊണ്ടും തൃണമൂലതലത്തില്‍ ജനങ്ങളെ അവകാശസമരങ്ങളില്‍ അണിനിരത്തിയും ഘട്ടംഘട്ടമായി മാത്രം സാധിച്ചെടുക്കാന്‍ കഴിയുന്നതാണ് രാഷ്ട്രീയ ശാക്തീകരണം. ക്ഷമാപൂര്‍വം നിര്‍വഹിക്കേണ്ട സമര്‍പ്പിത സേവനമാണത്. ഹിന്ദുവോട്ടുകളുടെ ബി.ജെ.പിയിലേക്കുള്ള ധ്രുവീകരണവും ഒഴുക്കും ആത്മാര്‍ഥത തൊട്ടുതെറിച്ചിട്ടില്ലാത്ത മതേതര പാര്‍ട്ടികളില്‍ ചിരി പടര്‍ത്തിക്കൊണ്ട് മുസ്‌ലിംകളുടെ ശാക്തീകരണ രാഷ്ട്രീയത്തെ വീണ്ടും പ്രതിസന്ധിയില്‍ എത്തിച്ചിട്ടുമുണ്ട്. ബി.ജെ.പിയെന്ന വലിയ തിന്മയെ തടയാന്‍ സെക്കുലര്‍ പാര്‍ട്ടിയെന്ന നിര്‍ഗുണ ബദലിനെ പിന്തുണയ്‌ക്കേണ്ടിവരുന്ന ഗതികേട്. ഹിന്ദുത്വ രാഷ്ട്രീയം ജയിച്ചുകയറുന്നത് ഇതര പാര്‍ട്ടികള്‍ തമ്മിലെ കിടമത്സരത്തിന്റെ പഴുതിലൂടെ യാണെങ്കിലും അതിന്റെ പഴി മുഴുവന്‍ മുസ്‌ലിംകള്‍ക്കത്രേ. മുസ്‌ലിം വോട്ടുകള്‍ ഭിന്നിപ്പിച്ചുകൊണ്ട് ബി.ജെ.പിയെ ജയിപ്പിച്ചുവെന്ന പഴി കേള്‍ക്കാതിരിക്കാന്‍ വേണ്ടി മുസ്‌ലിം കേന്ദ്രീകൃതമായ പാര്‍ട്ടികള്‍ പോസിറ്റീവ് പോളിറ്റിക്‌സില്‍ നിന്ന് തല്‍ക്കാലം തന്ത്രപരമായി പിന്‍വലിയേണ്ടിവന്നേക്കാം. പുറന്തള്ളപ്പെടുന്നവരുടെ ക്രിയാത്മക രാഷ്ട്രീയം കുറച്ചു കാലം കൂടി പുറമ്പോക്കില്‍ കാലുറപ്പിച്ചുകൊണ്ടുള്ള ചെറുത്തുനില്‍പ്പ് തുടരേണ്ടിവരും. സ്ഥായിയായ ഏതു മാറ്റവും നിരന്തരമായ സമര്‍പ്പണത്തിലൂടെയും ത്യാഗത്തിലൂടെയുമേ സാധിക്കൂ. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സംഭവിച്ചത് മോദിമാജിക്കിന്റെ വിജയമായിരുന്നുവെന്നത് അമിതമായ ലളിതവല്‍ക്കരണമാണ്. ഹിന്ദുത്വ രാഷ്ട്രീയം ഒരു നൂറ്റാണ്ട് കാലം പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് ഇപ്പോഴത്തെ ആര്‍.എസ്.എസ്. ഭരണം. വരാനിരിക്കുന്ന ഒരു പൊതുതിരഞ്ഞെടുപ്പിനു വേണ്ടി അഞ്ചു വര്‍ഷത്തെ മുന്നൊരുക്കം പോലും നടത്താതെ മുസ്‌ലിം നേതാക്കള്‍ അദ്ഭുതം കാക്കുകയാണ്. തടസ്സങ്ങള്‍ക്കൊപ്പം കണ്ണു തുറന്നാല്‍ കാണാന്‍ കഴിയുന്ന സാധ്യതകളും ഇന്ത്യന്‍ മുസ്‌ലിംകളുടെ മുന്നിലുണ്ട്. മുസ്‌ലിംകള്‍ക്കു പ്രാമുഖ്യമുള്ള നൂറോളം ലോക്‌സഭാ മണ്ഡലങ്ങളുണ്ട്. അവര്‍ 20 ഇടങ്ങളില്‍ ഭൂരിപക്ഷവും മറ്റ് 80 ഇടങ്ങളില്‍ നിര്‍ണായകവുമാണ്. ഒരു പൊളിറ്റിക്കല്‍ പ്ലാനിങാണ് ആവശ്യമായിട്ടുള്ളത്. തൃണമൂലതലത്തിലെ യാഥാര്‍ഥ്യങ്ങള്‍ കണക്കിലെടുത്തുകൊണ്ടുള്ള ഒരു ദീര്‍ഘകാല മുസ്‌ലിം രാഷ്ട്രീയ പദ്ധതി ഇനിയും ഉരുത്തിരിഞ്ഞുവരേണ്ടിയിരിക്കുന്നു. നിരാശാഭരിതരും വികാരവിക്ഷുബ്ധരുമാണിന്ന് ഇന്ത്യന്‍ മുസ്‌ലിംകള്‍. എങ്കിലും ചിലപ്പോഴൊക്കെ നേതാക്കളേക്കാള്‍ യാഥാര്‍ഥ്യബോധം സാധാരണക്കാര്‍ പ്രകടിപ്പിക്കുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്. മുസ്‌ലിം പൊതുശാക്തീകരണത്തിന്റെ ഭാഗമായല്ലാതെ ആര്‍ക്കെങ്കിലും കൈവരുന്ന അധികാര പങ്കാളിത്തം സമുദായത്തിന്റെ ചില താല്‍ക്കാലിക മാറ്റങ്ങളേ ഉണ്ടാക്കൂ; അതും ഉപരിതല മേഖലകളില്‍ മാത്രം. സ്വതന്ത്ര ജനാധിപത്യ ഇന്ത്യയുടെ രണ്ടാം ശതകത്തിലേക്ക് ഇനി ബാക്കിയുള്ള മൂന്നു പതിറ്റാണ്ട് മുന്‍നിര്‍ത്തി സര്‍വതലസ്പര്‍ശിയായ ഒരു മുസ്‌ലിം ശാക്തീകരണ അജണ്ട ആസൂത്രണം ചെയ്തു നടപ്പാക്കാന്‍ സമുദായത്തിലെ വിവിധ ഘടകങ്ങളുടെ കൂട്ടായ യത്‌നത്തിലൂടെ കഴിയണം. വിദ്യാഭ്യാസം, സാമ്പത്തികം, ആരോഗ്യം, മീഡിയ, പൗരാവകാശം, ആഭ്യന്തര ശുദ്ധീകരണം, സമുദായ സൗഹാര്‍ദം, വിശാല ബഹുജന ഐക്യം തുടങ്ങിയ കര്‍മമേഖലകളോട് ബന്ധപ്പെട്ടുകൊണ്ടുള്ള രാഷ്ട്രീയ കാര്യപരിപാടിയെ അതിന്റെ ഭാഗമായി വേണം കാണാന്‍. തുരങ്കത്തിനൊടുവില്‍ വെളിച്ചമുണ്ടെന്നു വിശ്വസിക്കുന്നവരെ നമ്മുടെ ഗ്രാമങ്ങളിലും നഗരങ്ങളിലും കണ്ടെത്തി ശരിയായ ദിശാബോധവും കര്‍മപദ്ധതിയും നല്‍കി അണിനിരത്താന്‍ കഴിഞ്ഞാല്‍ വരുംതലമുറയ്ക്ക് തീര്‍ച്ചയായും ശോഭനമായൊരു രാഷ്ട്രീയ ഭാവി ആസ്വദിക്കാന്‍ കഴിയും.
Next Story

RELATED STORIES

Share it