Flash News

'പുറത്തുവന്നത് സരിതയുടെ സോളാര്‍ റിപോര്‍ട്ട്'



തിരുവനന്തപുരം: സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ടല്ല, സരിതയുടെ റിപോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സോളാര്‍ കേസ് ഉപയോഗിച്ച് മുഖ്യമന്ത്രി പ്രതികാര രാഷ്ട്രീയം കളിക്കുകയാണോയെന്ന് സംശയമുണ്ട്.സോളര്‍ കമ്മീഷന്‍ റിപോര്‍ട്ടില്‍ സര്‍ക്കാരിന്റെ ഇടപെടലുണ്ടായി. സഭയില്‍ വച്ച റിപോര്‍ട്ടിലെ നാലു വാള്യത്തില്‍ ഒരു ബുക്കില്‍ കമ്മീഷന്‍ ഒപ്പിട്ടിരുന്നില്ലെന്ന് ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. എല്ലാ പുസ്തകത്തിലും കമ്മീഷന്‍ ഒപ്പിടേണ്ടതാണ്. റിപോര്‍ട്ടില്‍ മറിമായം നടന്നിട്ടുണ്ടോയെന്നു സംശയിക്കാമെന്നും അദ്ദേഹം പറഞ്ഞു. നിയമപരമായ നടപടിയെ താനോ യുഡിഎഫോ ഭയക്കുന്നില്ല. നിയമപരമായ എല്ലാ അവകാശങ്ങളും ലഭിക്കാന്‍ തനിക്ക് അര്‍ഹതയുണ്ട്. 50 വര്‍ഷമായി പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നു. തനിക്കെതിരെയുള്ള അഴിമതി, ലൈംഗിക ആരോപണങ്ങളില്‍ ഒരു ശതമാനം സത്യമുണ്ടെങ്കില്‍ പൊതുജീവിതം അവസാനിപ്പിക്കും. സര്‍ക്കാര്‍ നിശ്ചയിച്ച ടേംസ് ഓഫ് റഫറന്‍സില്‍നിന്ന് കമ്മീഷനു പുറത്തുപോവാനാവില്ല. സര്‍ക്കാരിന്റെ ടേംസ് ഓഫ് റഫറന്‍സ്, കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സ് എന്നിവയും കടന്നുപോയാണ് ശിവരാജന്‍ കമ്മീഷന്‍ റിപോര്‍ട്ട് തയ്യാറാക്കിയത്. എന്നിട്ടും തുറന്ന മനസ്സോടെയാണ് താന്‍ നിലകൊണ്ടതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. റിപോര്‍ട്ടില്‍ കേസെടുത്ത് അന്വേഷിക്കാന്‍ കാബിനറ്റ് തീരുമാനിച്ചു എന്നായിരുന്നു മുഖ്യമന്ത്രി നേരത്തേ പറഞ്ഞത്. എന്നാല്‍, സുപ്രിം കോടതി മുന്‍ ജഡ്ജി അരിജിത്ത് പസാത്തി ന്റെ നിയമോപദേശം കിട്ടിയതിന് ശേഷം കഴിഞ്ഞദിവസം പറഞ്ഞത് അന്വേഷിച്ച് തെളിവുണ്ടെങ്കില്‍ കേസെടുക്കുമെന്നാണ്. എന്തിനാണു സര്‍ക്കാര്‍ നിലപാട് മാറ്റുന്നതെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു. കണ്ണാടിക്കൂട്ടിലല്ല താന്‍ കഴിയുന്നത്. ആരോപിക്കപ്പെട്ട രണ്ടു കാര്യങ്ങളിലും തനിക്ക് ബലഹീനതയുണ്ടെന്ന് ആരും പറയില്ല. നാല് വര്‍ഷമായി തെറ്റായ ആരോപണങ്ങളുടെ പേരില്‍ തന്നെ വേട്ടയാടുകയാണ്. ഒരിക്കല്‍ പോലും സമചിത്തതയില്ലാതെ താന്‍ പ്രതികരിച്ചിട്ടില്ല. കേസ് നിയമപരമായി നേരിടുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
Next Story

RELATED STORIES

Share it