Thejas Special

പുറംകരാര്‍ വിവാദം; സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: സംസ്ഥാന സാങ്കേതികസര്‍വകലാശാല വെള്ളിയാഴ്ച തുടങ്ങാനിരുന്ന ബിടെക്, എംടെക് പരീക്ഷകള്‍ മാറ്റിവച്ചു. ഓണ്‍ലൈന്‍ പരീക്ഷാ നടത്തിപ്പ് സ്വകാര്യ ഏജന്‍സിക്ക് നല്‍കിയത് വിവാദമായ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്. അതേസമയം, ഇനി പരീക്ഷ എങ്ങനെ, എപ്പോള്‍ നടത്തുമെന്നത് അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഏറെ കൊട്ടിഘോഷിച്ച് സാങ്കേതിക സര്‍വകലാശാല പ്രഖ്യാപിച്ച ഓണ്‍ലൈന്‍ പരീക്ഷയാണ് വിവാദത്തെത്തുടര്‍ന്ന് മാറ്റിവച്ചത്. ഇതുസംബന്ധിച്ച് പൊതുസമൂഹവും വിദ്യാര്‍ഥി സംഘടനകളും ഉന്നയിച്ച ആശങ്കകളുടെ അടിസ്ഥാനത്തിലാണ് പരീക്ഷ മാറ്റുന്നതെന്ന് സര്‍വകലാശാല വെബ്‌സൈറ്റില്‍ അറിയിച്ചു.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു സര്‍വകലാശാല പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താന്‍ തീരുമാനിച്ചത്. ബംഗളൂരു ആസ്ഥാനമായ 'മെറിറ്റ് ട്രാക്ക് ' എന്ന ഏജന്‍സിക്ക് പരീക്ഷാനടത്തിപ്പ് പുറംകരാര്‍ നല്‍കിയതാണ് വിവാദമായത്. മുന്നൊരുക്കങ്ങളില്ലാതെ സ്വകാര്യ ഏജന്‍സി പരീക്ഷ നടത്തുന്നതിനെതിരേയാണ് പ്രതിഷേധം ഉയര്‍ന്നത്. കരാറില്‍ അഴിമതി ആരോപിച്ച പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ വിഷയത്തില്‍ സമഗ്രാന്വേഷണം നടത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് സുതാര്യത ഉറപ്പാക്കിയാവണം പരീക്ഷ നടത്തേണ്ടതെന്ന് മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും സാങ്കേതിക സര്‍വകലാശാലയോട് നിര്‍ദേശിച്ചു.
പരീക്ഷ തടയുമെന്ന പ്രഖ്യാപനവുമായി വിദ്യാര്‍ഥി- യുവജനസംഘടനകളും രംഗത്തെത്തി. ഈ സാഹചര്യത്തിലാണ് പരീക്ഷ മാറ്റിവയ്ക്കാന്‍ സര്‍വകലാശാല ഒടുവില്‍ തീരുമാനിച്ചത്. പുതിയ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. 41,000 ബിടെക് വിദ്യാര്‍ഥികളും 4,500 എംടെക് വിദ്യാര്‍ഥികളുമാണ് പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിരുന്നത്.
Next Story

RELATED STORIES

Share it