പുരുഷാധിപത്യത്തിനെതിരേ ഡല്‍ഹിയില്‍ വനിതാ മാര്‍ച്ച്

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വനിതാ ദിനത്തില്‍ പുരുഷാധിപത്യത്തില്‍നിന്നും പൗരോഹിത്യത്തില്‍നിന്നും കലാപങ്ങളില്‍ നിന്നും മൗനത്തില്‍നിന്നും സ്വാതന്ത്ര്യം ആവശ്യപ്പെട്ട് നൂറു കണക്കിന് സ്ത്രീകള്‍ ജെഎന്‍യു വിദ്യാര്‍ഥികള്‍ക്കൊപ്പം ജന്തര്‍മന്ദറിലേക്ക് മാര്‍ച്ച് നടത്തി. പ്ലക്കാര്‍ഡുകളേന്തി മുദ്രാവാക്യങ്ങളും പാട്ടുകളുമായി കോണോട്ട് പ്ലേസില്‍ നിന്നാരംഭിച്ച റാലിയില്‍ സ്ത്രീകള്‍ പങ്കെടുത്തത്. യങ് വിമന്‍സ് ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍, സാമ, സഹേലി വിമന്‍സ് റിസോര്‍സ് സെന്റര്‍, ജെഎന്‍യു വിദ്യാര്‍ഥികള്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്.
വിദ്യാഭ്യാസം മുതല്‍ അടിസ്ഥാന സൗകര്യം വരെയുള്ള മേഖലകളില്‍ നടക്കുന്ന ആക്രമണങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടാണ് മാര്‍ച്ച് സംഘടിപ്പിച്ചതെന്ന് സംഘാടകരിലൊരാളായ വാണി സുബ്രഹ്മണ്യം പറഞ്ഞു. ഈ വിഷയങ്ങളെല്ലാം സ്ത്രീകളെ ബാധിക്കുന്നവയാണ്.
രാജ്യത്തെ പൗരന്മാരെന്ന നിലയിലാണ് തങ്ങള്‍ സ്ത്രീകളെക്കുറിച്ചു പറയുന്നത്. എന്തു ചെയ്യണമെന്നും എന്ത് ചെയ്യരുതെന്നുമുള്ള നിയന്ത്രണങ്ങള്‍ എല്ലാ പൗരന്‍മാരും നേരിടുന്നുണ്ട്. എല്ലാവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് തങ്ങള്‍ സംസാരിക്കുന്നത്. അവര്‍ പറഞ്ഞു.
പാര്‍ലമെന്റില്‍ സ്ത്രീ സംവരണം 33 ശതമാനത്തില്‍നിന്ന് 50 ശതമാനമായി ഉയര്‍ത്തണമെന്നും ദുരഭിമാനക്കൊല, സദാചാര ഗുണ്ടാ ആക്രമണം, ആസിഡാക്രമണം തുടങ്ങി ഇന്ത്യയിലെ സ്ത്രീകള്‍ക്കെതിരേയുള്ള സാമൂഹിക തിന്മകള്‍ അവസാനിപ്പിക്കണമെന്നും റാലിയില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.
സര്‍ക്കാരും പോലിസും ആദിവാസി സ്ത്രീകളുടെ അവകാശ സംരക്ഷണത്തില്‍ പരാജയപ്പെട്ടതായി റാലിയില്‍ സംസാരിച്ച ആദിവാസി നേതാവ് സോണി സോറി ആരോപിച്ചു.
Next Story

RELATED STORIES

Share it