World

പുരുഷന്‍മാര്‍ക്ക് മാത്രം തൊഴില്‍; ചൈനീസ് പരസ്യങ്ങള്‍ വിവാദത്തില്‍

ബെയ്ജിങ്: പുരുഷന്‍മാര്‍ക്ക് മാത്രം തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ടുള്ള ചൈനീസ് സര്‍ക്കാരിന്റെയും ടെക് സ്ഥാപനങ്ങളുടെയും പരസ്യങ്ങള്‍ വിവാദത്തില്‍. ആലിബാബ ഗ്രൂപ്പ്, ബൈദു ഇന്‍ കോര്‍പറേറ്റഡ്, ടെന്‍സെന്റ് ഹോള്‍ഡിങ്‌സ് തുടങ്ങിയ പ്രമുഖ ചൈനീസ് സാങ്കേതികവിദ്യാ സ്ഥാപനങ്ങളാണ് ലിംഗവിവേചനപരമായ പരസ്യങ്ങള്‍ നല്‍കിയത്.
വനിതാ ജീവനക്കാരെ തടയുന്ന പരസ്യങ്ങള്‍ക്കു പുറമേ, സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള മറ്റു പരസ്യങ്ങളും ഈ കമ്പനികള്‍ നല്‍കിയതായി മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പുറത്തുവിട്ട റിപോര്‍ട്ടില്‍ പറയുന്നു. സുന്ദരികളായുള്ള യുവതികള്‍ക്കൊപ്പം ജോലി ചെയ്യാമെന്നതടക്കമുള്ള പരാമര്‍ശങ്ങള്‍ പുരുഷ ജീവനക്കാരെ തേടിക്കൊണ്ടുള്ള ചില പരസ്യങ്ങളിലുണ്ട്.
സംഭവത്തില്‍ അന്വേഷണം നടത്തിയതായും അടിയന്തരമായി മാറ്റം വരുത്തുമെന്നും ടെന്‍സെന്റ് അധികൃതര്‍ അറിയിച്ചു. ക്ഷമ പറയുന്നതായും ഇത്തരം നടപടികള്‍ വീണ്ടും ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുതരുന്നതായും അവര്‍ വ്യക്തമാക്കി. ജീവനക്കാരെ സ്വീകരിക്കുന്നതിനായുള്ള പരസ്യങ്ങള്‍ കര്‍ശനമായി പരിശോധിക്കുമെന്ന് ആലിബാബ പ്രതികരിച്ചു.
2013 മുതലുള്ള പരസ്യങ്ങളാണ് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പരിശോധിച്ചത്. ചൈനീസ് സിവില്‍ സര്‍വീസ് തൊഴിലവസരങ്ങളുടെ പരസ്യങ്ങളും പുരുഷന്‍മാര്‍ക്ക് മാത്രം എന്ന വ്യവസ്ഥയോടെ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it