palakkad local

പുരാവസ്തുവകുപ്പിന് കൈമാറിയിട്ടും കട്ടില്‍മാടം കോട്ട നാശോന്മുഖം

വീരാവുണ്ണി  മുള്ളത്ത്

പട്ടാമ്പി: പാലക്കാട് പൊന്നാനി ഹൈവെയുടെ ഓരത്ത്, കൂറ്റനാടിനും പട്ടാമ്പിക്കുമിടയില്‍ സ്ഥിതി ചെയ്യുന്ന കട്ടില്‍മാടം കോട്ട സംരക്ഷകരില്ലാതെ നശിക്കുന്നു. ചതുരാകൃതിയിലുള്ള ഈ കരിങ്കല്‍ ശില്‍പം കരവിരുതിന്റേയും നിര്‍മാണ വൈദഗ്ദ്യത്തിന്റെയും സ്മാരകമാണ്. ദക്ഷിണേന്ത്യ മുഴുവന്‍ നൂറ്റാണ്ടുകളോളം ബുദ്ധജൈനമതങ്ങളുടെ സ്വാധീനതയിലായിരുന്ന കാലത്ത് നിര്‍മിച്ചതാണിതെന്ന് കരുതുന്നു. കരിങ്കല്‍ ശില്‍പത്തില്‍ ജൈനമത തീര്‍ത്ഥങ്കരന്‍മാരുടെ രൂപമാണ് കാണുന്നതെന്ന് ചരിത്ര ഗവേഷകര്‍ നിരീക്ഷിച്ചിട്ടുണ്ട്.
ജൈന  ബുദ്ധമത ആസ്ഥാനങ്ങളോട് ബന്ധപ്പെട്ടാണ് ‘കട്ടില്‍ ‘  എന്ന പദം പ്രയോഗിച്ചിരുന്നതെന്ന് ചരിത്ര ഗവേഷകനായിരുന്ന ഡോ. എന്‍ എം നമ്പൂതിരി നേരത്തെവ്യക്തമാക്കിയിരുന്നു. പാലക്കാട് ചുരം വഴി ഭാരതപ്പുഴയുടെ തീരഗ്രാമങ്ങളില്‍ ഒട്ടനവധി കുടിയേറ്റങ്ങള്‍ അക്കാലത്ത് നടന്നിരുന്നു. അതു കൊണ്ടു തന്നെ ബൗദ്ധരുടെ ഒട്ടനവധി ചരിത്രാവശിഷ്ടങ്ങള്‍ നിളാതടത്തിലുണ്ട്. അതിലൊന്നാണ് അപൂര്‍വ സ്മാരകമായ കട്ടില്‍മാടം കോട്ട. ഗോപുര സ്തംഭം, വാതായന സ്ഥാനം എന്നീ അര്‍ത്ഥങ്ങളാണ് കട്ടില്‍ എന്ന വാക്കിന് കല്‍പ്പിക്കപ്പെട്ടിട്ടുള്ളത്.
കണ്ണിന് കൗതുകം പകര്‍ന്നു നല്‍കുന്നതും ചരിത്രാന്വേഷികളെ ആകര്‍ഷിക്കുന്നതുമായ ഈ കരിങ്കല്‍ ശില്‍പത്തിന്റെ നിര്‍മിതിക്ക് പിന്നില്‍ ജൈനരാണെന്ന് കരുതുന്നു. തൃത്താലയുടെ എതിര്‍ കരയിലുള്ള പള്ളിപ്പുറം കുളമുക്ക് ഗ്രാമം നൂറ്റാണ്ടുകള്‍ക്കു മുമ്പ് കുളമുഖം പട്ടണമായിരുന്നുവെന്നും 1233 ലെ ഒരു കന്നഡ ലിഖിതത്തില്‍ ഈ പട്ടണത്തെപ്പറ്റി പരാമര്‍ശിച്ചിട്ടുണ്ടെന്നും ചില ഗവേഷകര്‍ എഴുതിയിട്ടുണ്ട്.
2004 ജനവരിയില്‍ ലാന്റ് റവന്യൂ കമീഷണര്‍ കട്ടില്‍ മാടം കോട്ടയുടെ സംരക്ഷണ ചുമതല പുരാവസ്തു വകുപ്പിന് കൈമാറിയിരുന്നു. നേരത്തെ ഇത് പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലായിരുന്നു. എന്നാല്‍ കൈമാറി കിട്ടിയിട്ടും പുരാവസ്തു വകുപ്പുകാരുംസംരക്ഷണ പരിചരണ നടപടികള്‍ ഇന്നേവരെ സ്വീകരിച്ചിട്ടില്ല. കാലപ്പഴക്കത്താല്‍ മുഖ കവാടത്തിലെ കൂറ്റന്‍ കരിങ്കല്‍ പാളികള്‍ അടര്‍ന്നുവീണെങ്കിലും പിന്‍ഭാഗത്ത് കാര്യമായ പോറല്‍ ഏറ്റിട്ടില്ല.
Next Story

RELATED STORIES

Share it