ernakulam local

പുരസ്‌കാരം വാങ്ങാന്‍പോവുന്ന സംഘത്തില്‍ ഉള്‍പെടുത്തിയില്ല : പ്രതിപക്ഷാംഗങ്ങള്‍ വാക്കൗട്ട് നടത്തി



പള്ളുരുത്തി: കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയത്തിന്റെ സശാക്തീകരണ്‍ പുരസ്‌കാരം ലഭിച്ച പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ അവാര്‍ഡ് സ്വീകരിക്കുവാന്‍ പോവുന്ന സംഘത്തില്‍ പ്രതിപക്ഷത്തെ ഉള്‍പെടുത്താത്തത് ബഹളത്തിനിടയാക്കി. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ ഈ മാസം 24 നാണ് പുരസ്‌കാരങ്ങള്‍ സമര്‍പ്പിക്കുന്നത്. മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണ് കേന്ദ്ര മന്ത്രാലയത്തിലേക്ക് അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ ലിസ്റ്റ് അയച്ചതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. പ്രസിഡന്റ്, സെക്രട്ടറി, വനിത അംഗം, പട്ടികജാതി/പട്ടിക വിഭാഗത്തില്‍പ്പെട്ട അംഗം എന്ന നിലയില്‍ നാലുപേരാണ് ചടങ്ങില്‍ പങ്കെടുക്കേണ്ടത്. എന്നാല്‍ പ്രസിഡന്റ്, സെക്രട്ടറി, എന്നിവര്‍ക്ക് പുറമെ വനിത പ്രതിനിധി എന്ന നിലയില്‍ വൈസ് പ്രസിഡന്റിനേയും പട്ടികജാതി പ്രതിനിധി എന്നതിന് പകരം വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്റെയും ലിസ്റ്റാണ് അയച്ചത്. ഇടതുപക്ഷം ഭരിക്കുന്ന ബ്ലോക്ക് പഞ്ചായത്തിലെ ഏക പട്ടികജാതി അംഗം എ കെ വിശ്വംഭരന്‍ കോണ്‍ഗ്രസ് പ്രതിനിധിയാണ്. ഇദ്ദേഹത്തെയാണ് സംഘത്തില്‍ നിന്നും ഒഴിവാക്കിയത്.ബ്ലോക്ക് പഞ്ചായത്ത് നേരത്തെ ഭരിച്ചത് കോണ്‍ഗ്രസായിരുന്നു. ഈ ഭരണകാലയളവിലെ പ്രവര്‍ത്തന മികവിനാണ് അംഗീകാരം കിട്ടിയതെന്നിരിക്കെ പ്രതിപക്ഷത്തെ പാടെ ഒഴിവാക്കിയ നടപടിയാണ് ബഹളത്തിനിടയാക്കിയത്. ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി യോഗത്തില്‍ നിന്നും പ്രതിപക്ഷാംഗങ്ങളായ നെല്‍സണ്‍കോച്ചേരി, ഉഷ പ്രദീപ്, സോണി സേവ്യര്‍, സൗമ്യ സുബിന്‍, ലീല പത്മനാഭന്‍, എ കെ വിശ്വംഭരന്‍, കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് മാര്‍ട്ടിന്‍ ആന്റണി, കുമ്പളം പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി ജോര്‍ജ് എന്നിവര്‍ ഇറങ്ങിപോയി. തുടര്‍ന്ന് പ്രസിഡന്റിന്റെ ചേംബറിന് മുന്‍പില്‍ കുത്തിരുപ്പ് സമരവും നടത്തി.അതേസമയം കഴിഞ്ഞ ആറുമാസങ്ങളായി അസുഖബാധിതനായി കഴിയുന്നതിനാലാണ് പട്ടികജാതി പ്രതിനിധിയെ ഒഴിവാക്കിയതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എസ് പീതാംബരന്‍ പറഞ്ഞു. വ്യാഴാഴ്ച നടന്ന യോഗത്തില്‍ പോലും ശാരീരിക അസ്വസ്ഥത മൂലം കസേരയിലിരുത്തിയാണ് അംഗത്തെ കൊണ്ടുവന്നതെന്നും പ്രസിഡന്റ് പറഞ്ഞു.
Next Story

RELATED STORIES

Share it