പുരസ്‌കാരം മന്ത്രി കെ കെ ശൈലജ ഏറ്റുവാങ്ങി

തിരുവനന്തപുരം: എമര്‍ജന്‍സി മെഡിസിന്‍ അസോസിയേഷന്‍ ലീഡര്‍ഷിപ്പ് അവാര്‍ഡ്-2018 മന്ത്രി കെ കെ ശൈലജ ഏറ്റുവാങ്ങി.
ഉത്തര്‍പ്രദേശിലെ വാരണാസി ബനാറസ് ഹിന്ദു യൂനിവേഴ്‌സിറ്റിയില്‍ നടന്ന എമര്‍ജന്‍സി മെഡിസിന്‍ അസോസിയേഷന്റെ ഇഎം ഇന്ത്യ-2018 നാഷന ല്‍ കോണ്‍ഫറന്‍സിലാണ് മന്ത്രിക്ക് അവാര്‍ഡ് സമ്മാനിച്ചത്. നിപ വൈറസ് മഹാവ്യാധിയെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സഹായകരമായ മികച്ച നേതൃപാടവത്തിനാണ് പുരസ്‌കാരം നല്‍കിയത്. ദീര്‍ഘവീക്ഷണം, പിന്തുണ, ആത്മാര്‍ഥ സേവനം, നേതൃത്വം എന്നിവയൊന്നുമില്ലാതെ ഇത്തരമൊരു സാഹചര്യം മറികടക്കാനാവില്ലെന്നും അതിനാലാണ് ആരോഗ്യമന്ത്രിയെ ആദരിച്ചതെന്നും എസിഇഇ ഇന്ത്യ ഡീന്‍ പ്രഫ. പ്രവീണ്‍ അഗര്‍വാ ള്‍ പറഞ്ഞു. സമയോചിതമായ ഇടപെടലിലൂടെ നിപയെ പ്രതിരോധിക്കാന്‍ കഴിഞ്ഞതിനെ ചടങ്ങി ല്‍ പങ്കെടുത്തവര്‍ പ്രത്യേകം അഭിനന്ദിച്ചു.
അടിയന്തര ചികില്‍സയിലും തീവ്രപരിചരണത്തിലും കേരളം കൈവരിച്ച സുപ്രധാന സംഭാവനകളെക്കുറിച്ച് മന്ത്രി പ്രഭാഷണം നടത്തി. നിപ പ്രതിരോധത്തില്‍ കേരളം സ്വീകരിച്ച മാതൃകാപരമായ പ്രവര്‍ത്തനങ്ങളും മന്ത്രി വിവരിച്ചു.
ഇഎം ഇന്ത്യ-2018 ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. എസ് കെ ശുക്ല, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എമര്‍ജന്‍സി മെഡിസിന്‍ വിദഗ്ധര്‍ ചടങ്ങില്‍ പങ്കെടുത്തു. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിലെ ഇന്ത്യയിലെ ഒരേയൊരു പ്രഫഷനല്‍ കോണ്‍ഫറന്‍സാണ് ഇഎം ഇന്ത്യ.
Next Story

RELATED STORIES

Share it