Alappuzha local

പുന്നപ്ര ശാന്തി ഭവന്‍ കരുണയുള്ളവരെ തേടുന്നു



അമ്പലപ്പുഴ: മനസില്‍ നന്മയുടെ ഉറവ വറ്റാത്തവരുടെ പ്രതീക്ഷയില്‍ പുന്നപ്ര ശാന്തി ഭവന്‍.ജയില്‍വാസത്തിനു ശേഷം മാനസാന്തരം വന്ന് മാത്യൂ ആല്‍ബിന്‍ തുടങ്ങിയ ശാന്തി ഭവനില്‍ ഇന്ന് 160 ഓളം അന്തേവാസികളുണ്ട്. 1997 ജനുവരി 30 ന് ആണ് തെരുവില്‍ നിന്നു കിട്ടിയ ഒരു വ്യക്തിയുമായി ശാന്തി ഭവന്‍ ആരംഭിക്കുന്നത്. ഇതിനിടയില്‍ ഇന്ത്യയുടെ നാനാഭാഗത്തുള്ള വിവിധ ഭാഷക്കാരും മതസ്ഥരുമായ നിരവധി പേരെ രോഗം ഭേദമാക്കി അവരുടെ സ്വന്തം ഭവനങ്ങളിലെത്തിക്കുവാന്‍ ശാന്തിഭവന് കഴിഞ്ഞു.ഓലമേഞ്ഞ ചോര്‍ന്നൊലിക്കുന്ന ഒരു കുടിലിലായിരുന്നു ശാന്തി ഭവന്റെ ആദ്യകാല പ്രവര്‍ത്തനം. എന്നാല്‍ മാത്യു കുഞ്ചെറിയ എന്ന വ്യക്തി അകാലത്തില്‍ പൊലിഞ്ഞ തന്റെ മകന്റെ ഓര്‍മക്കായി വെച്ചു നല്‍കിയ കെട്ടിടത്തിലാണ് ശാന്തി ഭവന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.പുതിയ കെട്ടിടത്തിന്റെ ഭംഗിയും വലിപ്പവും കണ്ട് സഹായിച്ചിരുന്നവര്‍ പലരും പിന്‍ വാങ്ങി.ഇതോടെ ശാന്തി ഭവന്റെ നിത്യ ചിലവുകളും കഷ്ടത്തിലായി. കൈകാലുകളില്ലാത്തവരും എയ്ഡ്‌സ് രോഗികളും അടക്കമുള്ളവരാണ് അന്തേവാസികള്‍. ഇവര്‍ക്ക് ഭക്ഷണത്തിനും മരുന്നിനുമായി ദൈനം ദിനം 15000 രൂപ ചിലവു വരും. നാനാജാതി മതസ്ഥരായ സുമനസുകള്‍ നല്‍കുന്ന അന്നദാനം മാത്രമാണ് ഇപ്പോള്‍ ഈ സ്ഥാപനത്തിനു ലഭിക്കുന്ന ഏക വരുമാനം. ശാന്തിഭവന്‍ തുടങ്ങി 21വര്‍ഷത്തിനിടയില്‍ ആകെ മൂന്ന് തവണ മാത്രമാണ് സര്‍ക്കാരില്‍ നിന്ന് ഗ്രാന്റ് ലഭിച്ചത്. ഫോണ്‍ 9447403 035. സൗത്ത് ഇന്ത്യന്‍ ബാങ്ക് ആലപ്പുഴ ശാഖ അക്കൗണ്ട് നമ്പര്‍ 000 105300000 7694 ഐ എഫ് സി കോഡ് എസ്‌ഐബിഎല്‍ 0000001.
Next Story

RELATED STORIES

Share it