Kollam Local

പുനലൂര്‍ ഇടമണ്‍ പാതയില്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ചു

പുനലൂര്‍: ഗേജുമാറ്റ പ്രവര്‍ത്തനങ്ങളിലെ അപാകത കാരണം ട്രാക്ക് മാറ്റി സ്ഥാപിക്കേണ്ടി വന്ന പുനലൂര്‍  ഇടമണ്‍ പാതയില്‍ ട്രെയിന്‍ സര്‍വീസ് കഴിഞ്ഞ ദിവസം പുനരാരംഭിച്ചു. നിറുത്തിവച്ചിരുന്ന മൂന്ന് ട്രെയിനുകളും ഓടിത്തുടങ്ങി.
ട്രാക്ക് മാറ്റുന്ന ജോലികള്‍ പൂര്‍ത്തിയായ ശനിയാഴ്ച വൈകീട്ട് ഇതുവഴി ട്രെയിന്‍ എന്‍ജിന്‍ പരീക്ഷണം ഓട്ടം നടത്തിയിരുന്നു.
ഇടമണ്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ ഗുരുവായൂര്‍ ട്രെയിനിന്റെ എന്‍ജിനാണ് പരീക്ഷണ ഓട്ടത്തിന് ഉപയോഗിച്ചത്.
നല്ല വേഗതയിലായിരുന്നു മാറ്റി സ്ഥാപിച്ച ക്രോസിംഗിലൂടെ എന്‍ജിന്‍ ഓടിച്ചത്. തുടര്‍ന്ന് ഇന്നലെ ട്രെയില ഗതാഗതം പുനരാരംഭിക്കുകയായിരുന്നു.മധുര ഡിവിഷനില്‍ നിന്നെത്തിയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് പുനലൂരില്‍ നിന്ന് ഇടമണ്‍ വരെയുളള ട്രെയിന്‍ സര്‍വീസ് താല്‍കാലികമായി നിറുത്തിവച്ചത്. ഇടമണ്‍ റെയില്‍വേ സ്‌റ്റേഷന് കിഴക്ക് ഭാഗത്തെ കൊടുംവളവിലെ ക്രോസിങ്ങില്‍ ഷണ്ടിങ്ങിനിടെ ട്രെയിന്‍ പാളം തെറ്റിയിരുന്നു. അലൈമെന്റില്‍ ഉണ്ടായ അപാകതയാണ് ഇതിന് കാരണമെന്നായിരുന്നു അധികൃതരുടെ കണ്ടെത്തല്‍. തുടര്‍ന്ന് അപാകത പരിഹരിച്ച ശേഷം പുതിയ ക്രോസിങ് സ്ഥാപിക്കുകയായിരുന്നു. മാര്‍ച്ച് 31ന് ആണ് കൊല്ലത്ത് നിന്ന് പുനലൂരില്‍ എത്തിയിരുന്ന മൂന്ന് ട്രെയിനുകള്‍ ഗേജുമാറ്റ ജോലികള്‍ പൂര്‍ത്തിയാക്കി ഇടമണ്‍ വരെ നീട്ടിയത്.
Next Story

RELATED STORIES

Share it