Kollam Local

പുനലൂരിലെ എംഎല്‍എ റോഡ്: അവഗണന തുടരുന്നു

പത്തനാപുരം: കോടിക്കണക്കിന് രൂപ മുടക്കിയിട്ടും പുനലൂരിലെ എംഎല്‍എ റോഡ് ഗതാഗതയോഗ്യമാക്കുവാനായില്ല. റോഡ് നശിച്ചിട്ടും ജനപ്രതിനിധികള്‍ക്ക് അനങ്ങാപ്പാറ നയമാണെന്നാണ് ആക്ഷേപം. നഗരത്തിലെ ഗതാഗത തിരക്കൊഴിവാക്കുവാന്‍ രണ്ട് ദശാബ്ദങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച പദ്ധതിയാണ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രയോജനപ്രദമാവാതെ അവശേഷിക്കുന്നത്. കെഎസ്ആര്‍ടിസി ജങ്ഷനില്‍ നിന്നും ആരംഭിച്ച് നഗരത്തിലെ പ്രധാന റോഡിനും വെട്ടിപ്പുഴ തോടിനും  സമാന്തരമായി ചെമ്മന്തൂര്‍ ജങ്ഷനിലെത്തും വിധമാണ് രണ്ട് കിലോമീറ്ററോളമുള്ള റോഡ് നിര്‍മിച്ചത്. പുനലൂര്‍ മധു എംഎല്‍എ  ആയിരിക്കെയാണ് നഗരത്തിലെ തിരക്ക് ഒഴിവാക്കുവാന്‍  എംഎല്‍എ റോഡ് പദ്ധതി പുനലൂരില്‍ പ്രാവര്‍ത്തികമാക്കിയത്. പൊതുമരാമത്ത് വകുപ്പും, പുനലൂര്‍ നഗരസഭയും ഇറിഗേഷന്‍ വകുപ്പും ഒക്കെ പല തവണയായി ഈ റോഡിന് വേണ്ടി കോടിക്കണക്കിന് രൂപയാണ് വിനിയോഗിച്ചത്. എന്നാല്‍ ഇന്നും റോഡ് വാഹനഗതാഗതത്തിന് യോഗ്യമാക്കുവാനായില്ല. ഈ റോഡില്‍ സ്ഥാപിച്ചിട്ടുള്ള കുടിവെള്ള പൈപ്പുകള്‍ നിരന്തരം പൊട്ടുന്നതാണ് റോഡ് തകരുന്നതിന് പ്രധാന കാരണം. കൂടാതെ റോഡിന്റെ വീതിക്കുറവും വളവുകള്‍ നിവര്‍ക്കുവാന്‍ നടപടികളില്ലാത്തതും വലിയ വാഹനങ്ങള്‍ കടന്ന് പോകുവാന്‍ പറ്റാതായി. മിക്ക ദിവസങ്ങളിലും ഈ റോഡില്‍ വാഹനങ്ങള്‍ കുടുങ്ങുന്നത് പതിവായതോടെ റോഡ് പ്രയോജനപ്രദമാകാതെയായി. നഗരത്തില്‍ ഗതാഗതക്കുരുക്കുണ്ടായാല്‍ സമാന്തരമായി ഉപയോഗിക്കേണ്ട റോഡാണ് അധികാരികളുടെ അവഗണനയും ദീര്‍ഘവീക്ഷണമില്ലായ്മയും മൂലംനശിച്ചത്.
Next Story

RELATED STORIES

Share it