പുനര്‍നിര്‍മാണത്തില്‍ അഴിമതിക്ക് സാധ്യത: ജേക്കബ് തോമസ്

തിരുവനന്തപുരം: എല്ലാ പ്രകൃതിദുരന്തങ്ങള്‍ക്കു പിന്നാലെയും വന്‍തോതിലുള്ള അഴിമതി അരങ്ങേറുമെന്ന് വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസ്. പുനര്‍നിര്‍മാണപ്രക്രിയയുടെ ചുവടുപിടിച്ചാണ് ഇതു നടക്കുകയെന്നും പ്രസ്‌ക്ലബ്ബിന്റെ പ്രളയാനന്തര കേരളം എന്ന വിഷയത്തില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. പ്രകൃതിദുരന്തങ്ങളില്‍ മരണം കൂടുന്നതിന് കാരണം അഴിമതിയാണ്. ദുരന്തം അഴിമതിക്കുള്ള അവസരംകൂടിയാണ്. അഴിമതി ദുരന്തങ്ങളുടെ ആക്കം വര്‍ധിപ്പിക്കും. കാര്യങ്ങള്‍ പെട്ടെന്നു ചെയ്യുമ്പോള്‍ അഴിമതിക്ക് സാധ്യത കൂടും. അഴിമതിക്കു സാധ്യതയുള്ള പദ്ധതികള്‍ മാത്രമേ പുനരുദ്ധാരണത്തില്‍ നടപ്പാവുകയുള്ളൂ. ദുരന്തങ്ങളുണ്ടായാല്‍ സഹായങ്ങള്‍ പല ഭാഗങ്ങളില്‍നിന്നും കിട്ടും. പണം ഏതെങ്കിലും പ്രത്യേക അക്കൗണ്ടില്‍ നിക്ഷേപിച്ചതുകൊണ്ട് അഴിമതി ഇല്ലാതാക്കാനാവില്ല. പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തിടുക്കത്തില്‍ നടത്താനുള്ള തത്രപ്പാടില്‍ സുതാര്യത നഷ്ടമാവും. ഇതു ലോകമെമ്പാടുമുള്ള കാര്യമാണ്. ഗവേഷണങ്ങളില്‍ ഇതു തെളിഞ്ഞിട്ടുമുണ്ട്. ലോകത്തെ പ്രധാന വ്യവസായം ഡാം വ്യവസായമാണെന്ന് ജേക്കബ് തോമസ് പറഞ്ഞു. തീരദേശം നശിപ്പിച്ചത് ഡാമുകളാണ്. മലനാടും തീരദേശവും തമ്മിലെ പ്രകൃതിബന്ധം ഡാമുകള്‍ ഇല്ലാതാക്കി. ഡാമിനു വേണ്ടി വാദിക്കുന്നവര്‍ എപ്പോഴും ലാഭം കൂട്ടിക്കാണിക്കുകയും ചെലവു കുറച്ചുകാണിക്കുകയും ചെയ്യുമെന്ന് ജേക്കബ് തോമസ് വ്യക്തമാക്കി. പ്രകൃതി എന്താണെന്ന് ഒരു വിവരവുമില്ലാത്തവരാണ് നമ്മെ നയിക്കുന്നതെന്നും ജേക്കബ് തോമസ് ചൂണ്ടിക്കാട്ടി. ഈ സര്‍ക്കാര്‍ തന്നെ തഴയുകയാണു ചെയ്തത്. ഇതിനു കാരണം ഈ സംവിധാനത്തില്‍ താന്‍ ഫിറ്റല്ല. അഴിമതിക്കെതിരേ ശക്തമായ നിലപാടെടുത്തതു തൊട്ടാണ് താന്‍ അനഭിമതനായത്. സീനിയറായ തന്നെ മാറ്റിനിര്‍ത്തിയാണ് ലോക്‌നാഥ് ബെഹ്‌റയെ സംസ്ഥാന പോലിസ് മേധാവിയാക്കിയത്. ഈ സര്‍ക്കാരിന്റെ ആദ്യ തീരുമാനങ്ങളിലൊന്ന് ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചതല്ലേയെന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Next Story

RELATED STORIES

Share it