പുനര്‍നിര്‍മാണത്തിന് ശമ്പളം; വിസമ്മതപത്രം നിര്‍ബന്ധിക്കുന്നതിന് തുല്യം: ഹൈക്കോടതി

കൊച്ചി: പ്രളയത്തിനുശേഷമുള്ള പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യണമെന്ന സര്‍ക്കാര്‍ ഉത്തരവിലെ വിസമ്മതപത്രമെന്ന വ്യവസ്ഥ അവരെ നിര്‍ബന്ധിക്കുന്നതിന് തുല്യമാണെന്ന് ഹൈക്കോടതി. നല്‍കാന്‍ താല്‍പര്യമില്ലാത്ത ജീവനക്കാര്‍ വിസമ്മതപത്രം നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവിലെ 10ാം നിബന്ധന ചോദ്യം ചെയ്ത് കേരള എന്‍ജിഒ സംഘ് സമര്‍പ്പിച്ച ഹരജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം പറഞ്ഞത്.
സംഭാവന നല്‍കാത്ത ജീവനക്കാരുടെ പേരുവിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വാദം തുടങ്ങിയപ്പോള്‍ തന്നെ കോടതി ചോദിച്ചു. ഇല്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. സംഭാവന നല്‍കാന്‍ താല്‍പര്യമുള്ളവരുടെ അനുമതിയല്ലേ വാങ്ങേണ്ടതെന്നും സമ്മതമില്ലാത്തവര്‍ എന്തിനാണ് വിസമ്മതപത്രം നല്‍കുന്നതെന്നും കോടതി ചോദിച്ചു.
ശമ്പളം സംഭാവനയായി നല്‍കാന്‍ ആരെയും നിര്‍ബന്ധിക്കില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. പക്ഷേ, സര്‍ക്കാര്‍ ഉത്തരവ് മുഖ്യമന്ത്രിയുടെ ഉറപ്പിന് എതിരാണ്. ഇഷ്ടമുള്ളവര്‍ മാത്രമല്ലേ സംഭാവന ചെയ്യേണ്ട കാര്യമുള്ളൂവെന്നും കോടതി ചോദിച്ചു.
സംഭാവന നല്‍കാന്‍ ഉദ്യോഗസ്ഥരെ നിര്‍ബന്ധിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു. സംഭാവന നല്‍കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിര്‍ബന്ധിക്കുന്ന 10ാം നിബന്ധന പുനപ്പരിശോധിക്കേണ്ടതാണെന്ന് കോടതി വ്യക്തമാക്കി. ഇക്കാര്യം ആലോചിച്ച് അറിയിക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. കേസ് അടുത്തമാസം മൂന്നിന് വീണ്ടും പരിഗണിക്കും.
സഹകരണ സൊസൈറ്റികളിലെ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന സഹകരണ രജിസ്ട്രാറുടെ ഉത്തരവ് ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹരജി ഇന്നലെ മറ്റൊരു സിംഗിള്‍ ബെഞ്ച് പരിഗണിച്ചു. കേസില്‍ ഇന്നു വിശദമായി വാദം കേള്‍ക്കാമെന്ന് കോടതി അറിയിച്ചു.

Next Story

RELATED STORIES

Share it