Kottayam Local

പുനരുദ്ധാരണത്തിന്റെ പേരില്‍ കാഞ്ഞിരപ്പള്ളിയില്‍ പൊതുമാര്‍ക്കറ്റ് അടച്ചുപൂട്ടിയിട്ട് ഏഴു വര്‍ഷം



കാഞ്ഞിരപ്പള്ളി: പുനരുദ്ധരിക്കാനെന്ന് പറഞ്ഞ് പൊതുമാര്‍ക്കറ്റ്് അടച്ചുപൂട്ടിയിട്ട് ഏഴു വര്‍ഷം. മാര്‍ക്കറ്റിനു പകരം ഇവിടെ വനിതകള്‍ക്ക് വേണ്ടി കാര്‍ഷിക ഉല്‍പ്പന്ന വിപണന കേന്ദ്രം തുടങ്ങുന്നതിനായി. മാര്‍ക്കറ്റ് പൊളിച്ച് 70 ലക്ഷത്തിലേറെ രൂപ മുടക്കി ഇരുനിലകളിലായി 16 കടമുറികള്‍ നിര്‍മിക്കുകയും റോഡ് കോണ്‍ക്രീറ്റ് ചെയ്യുകയും ചെയ്തു.2015ല്‍ ഉദ്ഘാടനം കഴിഞ്ഞു കടകള്‍ ലേലം ചെയ്തു നല്‍കി.എന്നാല്‍ ഇതുവരെ വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തതിനാല്‍ ഇവിടെ ഒരു സ്ഥാപനവും പ്രവര്‍ത്തിക്കുന്നില്ല.ഇതോടെ നിലവില്‍ മാര്‍ക്കറ്റും വിപണന കേന്ദ്രവുമില്ലാത്ത അവസ്ഥയാണ്.ടൗണില്‍ മിനി സിവില്‍ സ്റ്റേഷനു മുന്നിലായി 25 സെന്റ് പൊതുസ്ഥലവും 16 കടമുറികളും പ്രയോജനമില്ലാതെ കിടക്കുകയാണ്. പുനരുദ്ധാരണത്തിന് എന്നു പറഞ്ഞ് 2011 ജൂണ്‍ 15ന് ആണ് മാര്‍ക്കറ്റ് അടച്ചു പൂട്ടിയത്.പുനരുദ്ധാരണത്തിനു തുക വകയിരുത്തിയുട്ടുണ്ടെന്ന് അന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞെങ്കിലും നടപ്പായില്ല. ആധുനിക രീതിയില്‍ പുതുക്കി നിര്‍മിക്കാന്‍ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നുവെന്നാണ് അന്നു പഞ്ചായത്ത് അധികൃതര്‍ അറിയിച്ചത്. മല്‍സ്യ-മാംസ മാര്‍ക്കറ്റില്‍ മാലിന്യ സംസ്‌കരണത്തിനോ ഇവ നീക്കം ചെയ്യുന്നതിനോ ആവശ്യമായ സംവിധാനങ്ങളില്ലായിരുന്നു. ഇതു മൂലം മാര്‍ക്കറ്റില്‍ നിന്നുള്ള മാലിന്യങ്ങളും മല്‍സ്യ-മാംസാവിശിഷ്ടങ്ങളും ചന്തയ്ക്കുള്ളിലും പരിസരത്തും അലക്ഷ്യമായി വലിച്ചെറിയുകയായിരുന്നു. അതിനാല്‍ മാര്‍ക്കറ്റില്‍ മാലിന്യ നിര്‍മാര്‍ജന സംവിധാനം ഉള്‍പ്പെടെ നിര്‍മിച്ച് ആധുനിക വല്‍ക്കരിക്കാന്‍ തീരുമാനിച്ചെന്നാണ് അന്നത്തെ പഞ്ചായത്ത് ഭരണസമിതി അറിയിച്ചത്. മാര്‍ക്കറ്റ് അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് ടൗണില്‍ മല്‍സ്യ-മാംസ വ്യാപാരം നടത്തുന്നതിനു പഞ്ചായത്ത് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ടൗണില്‍ ഈരാറ്റുപേട്ട റോഡില്‍ കെഎംഎ ഹാള്‍ റോഡ് വരെയും കെകെ റോഡില്‍ റാണി ആശുപത്രി പടി മുതല്‍ കുന്നുംഭാഗം കണ്ണാശുപത്രിപ്പടി വരെയും മണിമല റോഡില്‍ മണ്ണാറക്കയം വരെയും തമ്പലക്കാട് റോഡില്‍ കോമണ്‍സ് ക്ലബ്ബ് പടി വരെയും മല്‍സ്യ-മാംസ വ്യാപാരം കര്‍ശനമായി നിരോധിച്ചു. പിന്നീട് 2015ല്‍ ആണ് മാര്‍ക്കറ്റ് പൊളിച്ച് ഇരുനിലകളിലായി 16 മുറികള്‍ നിര്‍മിച്ചത്. വനിതകള്‍ക്ക് കാര്‍ഷിക വിപണന കേന്ദ്രം തുടങ്ങുന്നതിനാണ് ഇവ നിര്‍മിച്ചത്.
Next Story

RELATED STORIES

Share it