thrissur local

പുനരുദ്ധാരണം ഫലം കണ്ടു; പഴൂച്ചിറ ജലസമൃദ്ധിയില്‍

മാള: ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ ഒരേക്കര്‍ വിസ്തീര്‍ണ്ണമുള്ള പഴൂച്ചിറയുടെ നവീകരണം പൂര്‍ത്തീകരിച്ചതോടെ ജലസമൃദ്ധിയിലായി. കഴിഞ്ഞ സര്‍ക്കാരിന്റെ ഭരണകാലത്ത് ടി എന്‍ പ്രതാപന്‍ എംഎല്‍എയുടെ ശ്രമഫലമായിട്ടാണ് പഴൂച്ചിറ പുനരുദ്ധാരണത്തിനായി 78 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തിയത്.
പ്രദേശത്തെ ഏറ്റവും വലിയ  ശുദ്ധജല സ്രോതസായ പഴൂച്ചിറ കാലങ്ങളായി നവീകരണമില്ലാതെ ചെളിനിറഞ്ഞ്  കിടക്കുകയായിരുന്നു. പഴൂച്ചിറക്ക് ചുറ്റം താമസിക്കുന്ന നിരവധി കുടുംബങ്ങള്‍ കുളിക്കുന്നതിനും ആലക്കുന്നതിനും ഈ ചിറയെ ആശ്രയിക്കുന്നു. കൂടാതെ പ്രദേശത്തെ കിണറുകളില്‍ കുടിവെള്ള ലഭ്യത ഉറപ്പ് വരുത്തുന്നതില്‍ പഴൂച്ചിറ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
പഴൂച്ചിറയുടെ നവീകരണം പ്രദേശവാസികളുടെ ഏറെക്കാലമായുള്ള ആവശ്യങ്ങളിലൊന്നായിരുന്നു. പഴൂച്ചിറയുടെ ആഴം വര്‍ധിപ്പിച്ച് ജലസംഭരണശേഷി വര്‍ധിപ്പിച്ചും പാര്‍ശ്വഭിത്തി നിര്‍മിച്ചുമാണ് നവീകരിച്ചത്. ചിറയില്‍ നിന്ന് നീക്കുന്ന മണ്ണ് വില്‍പ്പനയില്‍ അഴിമതി ആരോപിച്ച് ഒരു വിഭാഗം രംഗത്ത് വന്നത് നവീകരണം തടസപ്പെടുത്തിയിരുന്നു.
നവീകരണം നിലച്ച പഴൂച്ചിറ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുനരുദ്ധാരണം പൂര്‍ത്തീകരിച്ചത്. ചിറക്കരികില്‍ പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി കുടിവെള്ള പദ്ധതിയുടെ മോട്ടോര്‍ ഷെഡ് നിര്‍മിച്ചിട്ടുണ്ടെങ്കിലും പദ്ധതി യാഥാര്‍ഥ്യമാക്കാത്തതില്‍ പ്രദേശവാസികള്‍ക്ക് പ്രതിഷേധമുണ്ട്.
കൂടാതെ ചാലക്കുടി പുഴയില്‍ നിന്ന് കനാല്‍ വഴി പഴൂച്ചിറയിലേക്ക് വെള്ളമെത്തിച്ച് പുത്തന്‍ചിറ പഞ്ചായത്തിലേക്ക് കൊണ്ടുപോകുന്ന ജലസേചന പദ്ധതിയും യാഥാര്‍ത്ഥ്യമായിട്ടില്ല. ഇവയും പൂര്‍ത്തീകരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Next Story

RELATED STORIES

Share it