പുനരുദ്ധാരണം: ചെലവ് ദേവസ്വം വഹിക്കണമെന്ന് എങ്ങനെ പറയാനാവും

ശബരിമല, പമ്പ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ചെലവ് ദേവസ്വംബോര്‍ഡ് വഹിക്കണമെന്ന് സര്‍ക്കാരിന് എങ്ങനെ പറയാനാവുമെന്ന് ഹൈക്കോടതി. ശബരിമലയിലെയും പമ്പയിലെയും പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കി സപ്തംബര്‍ മൂന്നിന് സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം ഇന്നലെ ഹാജരാക്കിയപ്പോഴാണ് ദേവസ്വം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം വാക്കാല്‍ ചോദിച്ചത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മാത്രമാണോ പുനരുദ്ധാരണ പ്രവര്‍ത്തനത്തിനുള്ള ബാധ്യത. ശബരിമലയിലെ ക്ഷേത്രം മുഖേന സംസ്ഥാനത്തിന് നേട്ടമില്ലേ? പുനരുദ്ധാരണപ്രവൃത്തികള്‍ക്ക് വാട്ടര്‍ അതോറിറ്റി, ട്രാന്‍സ്‌പോര്‍ട്ട് തുടങ്ങിയ വകുപ്പുകള്‍ക്കും ബാധ്യതയില്ലേയെന്നും ചെലവു മുഴുവന്‍ വഹിക്കണമെന്ന വിജ്ഞാപനത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് എതിര്‍ക്കാത്തതെന്തുകൊണ്ടാണെന്നും ഡിവിഷന്‍ ബെഞ്ച് വാക്കാല്‍ ചോദിച്ചു.
പ്രളയത്തെത്തുടര്‍ന്ന് ശബരിമലയിലും പമ്പയിലുമുണ്ടായ നഷ്ടങ്ങള്‍ വ്യക്തമാക്കി ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ നല്‍കിയ റിപോര്‍ട്ടില്‍ ഡിവിഷന്‍ ബെഞ്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിശദീകരണം തേടിയിരുന്നു. ഇന്നലെയിതു പരിഗണനയ്ക്കു വന്നപ്പോഴാണ് സര്‍ക്കാര്‍ വിജ്ഞാപനം ഹാജരാക്കിയത്. സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപോര്‍ട്ടില്‍ വിശദീകരണം നല്‍കാന്‍ കൂടുതല്‍ സമയം തേടിയതോടെ ഹരജി ഈ മാസം 17ന് പരിഗണിക്കാന്‍ മാറ്റി.

Next Story

RELATED STORIES

Share it