Flash News

പുനരധിവസിപ്പിക്കപ്പെട്ട തമിഴ് വംശജര്‍ക്ക് ജാതിസര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തീരുമാനം



തിരുവനന്തപുരം: കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തമിഴ് വംശജരായ ശ്രീലങ്കന്‍ റിപ്പാട്രിയേറ്റുകള്‍ക്ക് ജാതിസര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. 1964ലെ സിരിമാവോ ശാസ്ത്രി ഉടമ്പടി പ്രകാരം ഇന്ത്യയിലേക്ക് വന്ന തമിഴ് വംശജരാണ് ഈ വിഭാഗത്തിലുള്ളത്. ഇവരുടെ പല തലമുറകള്‍ കേരളത്തില്‍ ജനിച്ച് വളര്‍ന്ന് വിദ്യാഭ്യാസം ചെയ്‌തെങ്കിലും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇവര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നില്ല. 2006 വരെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നെങ്കിലും പിന്നീട് അതും നിര്‍ത്തിവച്ചു. ഇതുകാരണം വിദ്യാഭ്യാസ, തൊഴില്‍ ആനുകുല്യങ്ങള്‍ക്ക് ഈ വിഭാഗത്തില്‍പ്പെട്ടവരെ പരിഗണക്കിപ്പെടാത്ത സാഹചര്യമായിരുന്നു. കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ ഈ വിഭാഗത്തിന് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കിവരുന്നുണ്ട്. പുനലൂര്‍ മണ്ഡലത്തിലെ നൂറുകണക്കിന് കുടുംബങ്ങളുടെ സാഹചര്യം പരിഗണിച്ച് മന്ത്രി കെ രാജു മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. തമിഴ്‌നാട് മാതൃകയില്‍ കേരളത്തിലെ റിപ്പാട്രിയേറ്റുകള്‍ക്ക്  ജാതിസര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് ഇന്നലെ ചേര്‍ന്ന യോഗം റവന്യൂ വകുപ്പിന് നിര്‍ദേശം നല്‍കിയത്. യോഗത്തില്‍ മന്ത്രിമാരായ കെ രാജു, ഇ ചന്ദ്രശേഖരന്‍, ടി പി രാമകൃഷ്ണന്‍, വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
Next Story

RELATED STORIES

Share it