പുനത്തില്‍ ട്രസ്റ്റ്; രാഷ്ട്രീയവല്‍ക്കരണം നടത്തിയിട്ടില്ലെന്ന് മന്ത്രി എ കെ ബാലന്‍

വടകര: വിടപറഞ്ഞ മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുല്ലയുടെ സ്മാരകം പണിയുന്നതിനായി വടകരയില്‍ രൂപീകരിച്ച ട്രസ്റ്റ് രാഷ്ട്രീയവല്‍ക്കരിച്ചു എന്ന് പറയുന്നതില്‍ കഴമ്പില്ലെന്ന് സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍. ട്രസ്റ്റിന്റെ യോഗത്തില്‍ പങ്കെടുക്കാനും പുനത്തിലിന് ഉചിതമായ സ്മാരകം പണിയാന്‍ ഉദ്ദേശിക്കുന്ന സ്ഥലം സന്ദര്‍ശിക്കാനുമെത്തിയ മന്ത്രി മാധ്യമപ്രവര്‍ത്തകരോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.
17 അംഗ ട്രസ്റ്റില്‍ 15 പേരെ മാത്രമേ ഇപ്പോള്‍ തിരഞ്ഞെടുത്തിട്ടുള്ളൂ. ബാക്കിയുള്ള രണ്ടുപേരെ പിന്നീട് തീരുമാനിക്കും. പല ആശയങ്ങളിലും ഉള്ളവര്‍ നിലവില്‍ ട്രസ്റ്റിലുണ്ട്. എന്നാല്‍, ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ സ്വീകരിക്കാന്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു. നേരത്തേ ട്രസ്റ്റ് രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന ആരോപണവുമായി കോ ണ്‍ഗ്രസ്സും ബിജെപിയും പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഏകപക്ഷീയമായി നടപടി സ്വീകരിക്കാതെ കുറവ് പരിഹരിച്ച് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാപനമാക്കി മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ആക്ഷേപം ഉന്നയിക്കുന്നവര്‍ക്ക് ഇതിനു സമയം കണ്ടെത്താന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.
ട്രസ്റ്റിന്റെ ബൈലോയുടെ കരട് തയ്യാറായി വരുകയാണ്. അവസാന മിനുക്കുപണി കഴിഞ്ഞാല്‍ ബൈലോ അംഗീകരിക്കും. സ്മാരക നിര്‍മാണത്തിനായി പാക്കയില്‍ പടന്നയില്‍ ഭാഗത്ത് രണ്ടേക്കര്‍ സ്ഥലം വിലയ്ക്ക് വാങ്ങിയിട്ടുണ്ട്. സാംസ്‌കാരിക നിലയം സ്ഥാപിക്കാനും സ്ഥലം വാങ്ങാനുമായി രണ്ടു കോടി രൂപയോളം സ്വരൂപിക്കണം. ഇതിന്റെ മുന്നോടിയായി എം ടി വാസുദേവന്‍ നായരുടെ സാന്നിധ്യത്തില്‍ കോഴിക്കോട് വച്ചു യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.
മണ്‍മറഞ്ഞ കേരളത്തിലെ സാംസ്‌കാരിക നായകന്‍മാര്‍ക്കായി സംസ്ഥാനത്തെ 14 ജില്ലകളിലായി അതത് ജില്ലകളില്‍പ്പെട്ട സാംസ്‌കാരിക നായകരുടെ പേരില്‍ നിലയങ്ങള്‍ സ്ഥാപിക്കും. ഇതിന്റെ അനുബന്ധമായാണ് വടകരയിലും പുനത്തിലിന് ഉചിതമായ സ്മാരകം പണിയുന്നത്. ഇതിനായി ഫണ്ട് കണ്ടെത്താന്‍ സാംസ്‌കാരിക പരിപാടി സംഘടിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. യോഗത്തിനു ശേഷം നിര്‍ദിഷ്ട സ്ഥലവും മന്ത്രി സന്ദര്‍ശിച്ചു. നഗരസഭാ ചെയര്‍മാന്‍ കെ ശ്രീധരന്‍, യുഎല്‍സിസിഎസ് ചെയര്‍മാന്‍ പാലേരി രമേശന്‍ തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it