പുനത്തിലിനെ കാണാന്‍ മുകുന്ദനെത്തി

കോഴിക്കോട്: വര്‍ഷങ്ങള്‍ മുമ്പ് തങ്ങള്‍ കണ്ടുമുട്ടിയ ഓര്‍മകള്‍ പങ്കുവച്ച് എം മുകുന്ദനും പുനത്തില്‍ കുഞ്ഞബ്ദുല്ലയും. രോഗശയ്യയില്‍ കഴിയുന്ന പുനത്തില്‍ കുഞ്ഞബ്ദുല്ലയെ കാണാന്‍ എത്തിയതായിരുന്നു മുകുന്ദന്‍. കോഴിക്കോട്ടെ ഫഌറ്റില്‍ കഴിയുന്ന കുഞ്ഞബ്ദുല്ലയെ കാണാന്‍ മുകുന്ദന്‍ എത്തിയതറിഞ്ഞ് മാധ്യമപ്രവര്‍ത്തകരും ഒപ്പംകൂടി. മാധ്യമപ്പടയെക്കണ്ട് കുഞ്ഞബ്ദുല്ല ആദ്യമൊന്ന് അമ്പരന്നു. അമ്പരപ്പ് മനസ്സിലാക്കി നിനക്ക് ജ്ഞാനപീഠം കിട്ടിയിട്ടുണ്ടെന്നും അതുകൊണ്ടാണ് ഇവരെല്ലാം എത്തിയതെന്നും മുകുന്ദന്‍ പറഞ്ഞു. തനിക്ക് 21 വയസ്സുള്ളപ്പോഴാണ് ആദ്യമായി കുഞ്ഞാക്കയെ കാണുന്നതെന്ന് മുകുന്ദന്‍ പറഞ്ഞു. ഡല്‍ഹിയില്‍വച്ചായിരുന്നു ആത്. അന്ന് പനിപിടിച്ച് മുറിയില്‍ ചുരുണ്ടുകൂടി കിടക്കുകയായിരുന്നു. അപ്പോഴാണ് കുഞ്ഞാക്ക തന്നെ കാണാനെത്തുന്നത്. അന്ന് തുടങ്ങിയ സൗഹൃദം ജീവിതത്തില്‍ ഇന്നുവരെ നിലനിര്‍ത്താന്‍ സാധിച്ചു. മുകുന്ദന്‍ പറഞ്ഞു നിര്‍ത്തുന്നതിനു മുമ്പുതന്നെ കുഞ്ഞാക്കയുടെ മറുപടി വന്നു. ഞാന്‍ അന്ന് ഡല്‍ഹിയിലെ റൂമില്‍ കണ്ടത് ഒരു കൊതുകിനെയായിരുന്നു. സൂക്ഷിച്ചുനോക്കിയപ്പോഴാണ് ഒരു കൊതുകിനെപ്പോലെ മുകുന്ദന്‍ കട്ടിലില്‍ ചുരുണ്ടുകൂടി കിടക്കുന്നത് കണ്ടത്. കോഴിക്കോടിന്റെ ഹൃദയഭാഗത്തെ ഫഌറ്റിലാണ് പുനത്തില്‍ താമസിക്കുന്നത്. അതും 10ാം നിലയില്‍. അവിടെനിന്നു നോക്കിയാല്‍ നഗരത്തിന്റെ നാനാഭാഗങ്ങളും കാണാന്‍ സാധിക്കും. ഒരിക്കലും അദ്ദേഹം ഒറ്റയ്ക്കല്ല. അഞ്ച് മിനിറ്റ് നീണ്ട സംഭാഷണത്തിനൊടുവില്‍ ഇനിയും നമുക്ക് കുറേ അവാര്‍ഡുകള്‍ വാങ്ങിക്കണമെന്നും അടുത്ത പുലിറ്റ്‌സര്‍ അവാര്‍ഡ് നമുക്കാണെന്നും മുകുന്ദന്‍ കുഞ്ഞാക്കയോട് പറഞ്ഞു. എന്തായാലും അവാര്‍ഡ് നമുക്ക് വാങ്ങിക്കാമെന്നും പക്ഷേ, ഈ പുലിറ്റ്‌സറിലെ പുലി എവിടെനിന്നുവന്നുവെന്നു മനസ്സിലായില്ലെന്നുമായിരുന്നു കുഞ്ഞാക്കയുടെ മറുപടി. മകള്‍ നാസിമയും കുടുംബവുമാണ് അദ്ദേഹത്തെ പരിചരിക്കുന്നത്. സഹോദരന്‍ ഇസ്മയില്‍ പുനത്തിലും സഹായത്തിനുണ്ട്.
Next Story

RELATED STORIES

Share it