Flash News

പുനത്തിലിനും ഐ വി ശശിക്കും സ്മാരകം പണിയും : സാംസ്‌കാരിക മന്ത്രി



കോഴിക്കോട്: സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുല്ലയ്ക്കും ചലച്ചിത്ര സംവിധായകന്‍ ഐ വി ശശിക്കും ഉചിതമായ സ്മാരകം പണിയുമെന്നു സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ അറിയിച്ചു. അടുത്തടുത്ത ദിവസങ്ങളിലായി മലയാളത്തിനു നഷ്ടമായ കോഴിക്കോട്ടുകാരായ ഇരുവര്‍ക്കും അവരുടെ കര്‍മമേഖലയ്‌ക്കൊത്ത സ്മാരകങ്ങളാണ് സാംസ്‌കാരിക വകുപ്പിന്റെ മുന്‍കൈയില്‍ ഒരുങ്ങുക. പുനത്തില്‍ കുഞ്ഞബ്ദുല്ലയുടെ ജന്മനാടായ വടകരയിലും ഐ വി ശശിക്ക് കോഴിക്കോട് നഗരത്തിലുമാണ് സ്മാരകം ഉയരുക. അന്തരിച്ച പുനത്തിലിന്റെ മകള്‍ നാസിമയുടെ ചേവരമ്പലത്തെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. പുനത്തിലിന്റെ കൃതികളെയും സംഭാവനകളെയും പൊതുസമൂഹത്തിനും പുതിയ തലമുറയ്ക്കും അനുഭവിക്കാനും ആസ്വദിക്കാനും പറ്റുന്ന തരത്തിലുള്ള മനോഹരമായ സാംസ്‌കാരിക നിലയമാണ് സാംസ്‌കാരിക വകുപ്പിന്റെയും കേരള സാഹിത്യ അക്കാദമിയുടെയും സഹകരണത്തോടെ നിര്‍മിക്കുകയെന്നും മന്ത്രി പറഞ്ഞു.  കോഴിക്കോട് കോര്‍പറേഷന്റെ മേല്‍നോട്ടത്തിലാണ്് ഐ വി ശശിയുടെ സമരണയ്ക്കായി സ്മാരകമൊരുക്കുക. കാര്യം മേയറുമായി സംസാരിച്ചതായും മന്ത്രി വ്യക്തമാക്കി. സര്‍ക്കാറിന്റെയും സിനിമാ മേഖലയുടെയും യോജിച്ച ശ്രമത്തിലൂടെ സ്മാരകം സാക്ഷാല്‍ക്കരിക്കുകയാണ് ലക്ഷ്യം. സ്മാരകത്തിന് ആവശ്യമായ സ്ഥലവും രൂപരേഖയും നഗരസഭ തയ്യാറാക്കും. ശശിയുടെ സിനിമയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്നതാവും സ്മാരകമെന്നും എ കെ ബാലന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it