Kollam Local

പുത്തൂര്‍ അപകടം : കാര്‍ യാത്രികര്‍ റിമാന്‍ഡില്‍



കൊട്ടാരക്കര : പുത്തൂരില്‍ മദ്യപസംഘം സഞ്ചരിച്ചിരുന്ന കാറിടിച്ച് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ പോലിസ് കസ്റ്റഡിയിലെടുത്ത രണ്ടുപേരെ കൊട്ടാരക്കര കോടതി റിമാന്‍ഡ് ചെയ്തു. ശാസ്താംകോട്ട പുന്നക്കാട് പുത്തന്‍വീട്ടില്‍ സ്വരാജ്(25), കോട്ടൂര്‍ പടിഞ്ഞാറ്റതില്‍ മനു(24) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. കാര്‍ ഓടിച്ചിരുന്ന ശാസ്താംകോട്ട പള്ളിശ്ശേരിക്കല്‍ സന്ദീപ് കുമാര്‍(25) ആണ് കേസിലെ ഒന്നാം പ്രതി. ഇയാള്‍ പരിക്കുകളോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ആശുപത്രിയില്‍ പോലിസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേസിലെ മറ്റ് പ്രതികളായ ശാസ്താംകോട്ട സ്വദേശി സൂരജ് കൃഷ്ണന്‍, കണ്ണന്‍ എസ് കുമാര്‍, അഖില്‍ ശ്യാം എന്നിവര്‍ ഒളിവിലാണ്. ഞായറാഴ്ച വൈകീട്ട് 5.30ഓടെയായിരുന്നു അപകടം. സന്ദീപ് കുമാര്‍ അടക്കം ആറംഗ സംഘം സഞ്ചരിച്ച മാരുതി കാര്‍ എതിര്‍ ദിശയില്‍ വന്ന സ്‌കൂട്ടറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സ്‌കൂട്ടറിലുണ്ടായിരുന്ന കോട്ടാത്തല മൂഴിക്കോട് യഥുകുലത്തില്‍ കെ രാഹുലേയന്‍- സ്മിത ദമ്പതികളുടെ മകള്‍ മാളവിക(12) സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. മാളവികയുടെ സഹോദരി മായിക(എട്ട്), പിതൃസഹോദരിയുടെ മകള്‍ മഞ്ചു(35) എന്നിവര്‍ക്ക് സാരമായി പരിക്കേറ്റിട്ടുമുണ്ട്. കാറിലുണ്ടായിരുന്നവര്‍ മദ്യ ലഹരിയിലായിരുന്നു. നരഹത്യയ്ക്കാണ് ഇവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. മാളവികയുടെ മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്നലെ ഉച്ചയോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
Next Story

RELATED STORIES

Share it