thrissur local

പുത്തന്‍വേലിക്കര വി പി തുരുത്ത് പാലം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു

മാള: പുത്തന്‍വേലിക്കര വി പി തുരുത്ത് പാലം ഉദ്ഘാടനത്തിനായി ഒരുങ്ങുന്നു. പാലത്തി ന്റെ പണികളും അപ്രോച്ച് റോഡും പൂര്‍ത്തീകരിക്കപ്പെടുകയാണ്. ഇനി അവശേഷിക്കുന്നത് പാലത്തിന്റെ സ്ലാബുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന എക്‌സ്പാന്‍ഷന്‍ ജോയിന്റ് സ്ഥാപിക്കലും ഫുട്പാത്തില്‍ ടൈല്‍സ് വിരിക്കലുമാണ്. ഈ പണികള്‍ ദ്രുതഗതിയില്‍ നടന്നുകൊണ്ടിരിക്കയാണ്.
റോഡ് സേഫ്റ്റി സംവിധാനങ്ങളൊരുക്കുകയും വേണം. ചെകുരോ ഇന്റല്‍ കണ്‍സോര്‍ഷ്യമാണ് 2016 ഫെബ്രുവരി 22 മുതല്‍ ബാക്കിയുള്ള പണികള്‍ ഏറ്റെടുത്ത് നടത്തുന്നത്. പാലം ഗതാഗതത്തിനായി തുറക്കപ്പെടുന്നതോടെ മാളയില്‍ നിന്നും പറവൂരിലേക്ക് ആറ് കിലോമീറ്റര്‍ ദൂരം ലാഭിക്കാം. പുത്തന്‍വേലിക്കരയേയും വി പി തുരുത്തിനേയും(വലിയ പല്ലം തുരുത്ത്) ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിര്‍മ്മാണം ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. അനുബന്ധ റോഡിന്റെ നിര്‍മ്മാണം കൂടി പൂര്‍ത്തീകരിക്കുന്നതോടെ പാലം ഗതാഗതത്തിനായി തുറക്കാനാകും. മെയ്മാസം അവസാനത്തോടെ പാലം തുറക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് ബന്ധപ്പെട്ട അധികൃതര്‍.
പാലം തുറക്കുന്നതോടെ മാളയില്‍ നിന്നും പറവൂര്‍ വഴി ആലുവയിലേക്കും എറണാകുളത്തേക്കും പോകുന്നവര്‍ക്കുള്ള എളുപ്പമാര്‍ഗ്ഗമാകും. നിലവില്‍ 17 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചുവേണം മാളയില്‍ നിന്നും പറവൂരിലെത്താന്‍. പാലം തുറക്കുന്നതോടെ ഇത് 11 കിലോമീറ്ററായി കുറയും. 23.07 കോടി രൂപ ചെലവിലാണ് പാലത്തിന്റെ നിര്‍മ്മാണം. 11 സ്പാനുകളിലായാണ് നിര്‍മ്മാണം. 335 മീറ്റര്‍ നീളത്തിലും 11 മീറ്റര്‍ വീതിയിലുമാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്.
ഏഴര മീറ്റര്‍ വാഹന ഗതാഗതത്തിനും ഒന്നര മീറ്റര്‍ വീതം നടപ്പാതക്കും അര മീറ്റര്‍ ഹാങ്ങറിനുമായാണുള്ളത്. അപ്രോച്ച് റോഡുകളടക്കം 480 മീറ്ററാണ് മൊത്തം നീളം. സമീപങ്ങളിലുള്ളതില്‍ വച്ചേറ്റവും നീളം കൂടിയ പാലമാണിത്.  ആറ് വര്‍ഷം മുമ്പാണ് പാലം പണി ആരംഭിച്ചത്. എന്നാല്‍ പാലം പണി പകുതി പിന്നിടുന്നതിനുമുമ്പേ കരാറുകാരന്‍ പണി നിറുത്തിപോയി. കരാറുകാരനെ മാറ്റി പാലം നിര്‍മ്മാണം പിന്നീട് റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷനെ ഏല്‍പിക്കുകയായിരുന്നു. കോര്‍പ്പറേഷനില്‍ നിന്നും ഉപകരാറെടുത്തവര്‍ രണ്ട് വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിക്കുയും ചെയ്തു.
പാലത്തിന്റെ മറുകരയായ വലിയപഴംപിള്ളി തുരുത്തില്‍ നിലവില്‍ ഇടുങ്ങിയ റോഡാണുള്ളത്. തുരുത്തിലെ കരിപ്പായി കടവിന് കുറുകെ ഏതാനും വര്‍ഷം മുമ്പ് പാലം നിര്‍മ്മിച്ചുവെങ്കിലും അത് തീരെ ഇടുങ്ങിയതാണ്. ഒരു ബസ്സിന് കഷ്ടിച്ച് കടന്നുപോകാമെന്ന് മാത്രം. ഈ പാലവും റോഡും വീതികൂട്ടിയാല്‍ മാത്രമേ പാലം തുറക്കുന്നതോടെ വര്‍ദ്ധിക്കുന്ന വാഹനതിരക്കിനെ ഉള്‍ക്കൊള്ളാനാകുകയുള്ളൂ.
പറവൂര്‍ ഭാഗത്തുനിന്നുള്ളവര്‍ക്ക് മാള, ചാലക്കുടി, കൊടകര, തൃശൂര്‍ തുടങ്ങി വിവിധയിടങ്ങളിലേക്ക് എളുപ്പത്തില്‍ എത്താനുമാകും. ഇവിടങ്ങളില്‍ നിന്നും എറണാകുളം, പറവൂര്‍, വൈപ്പിന്‍, ചെറായി, മുനമ്പം, ചേന്ദമംഗലം, വല്ലാര്‍പ്പാടം, മാഞ്ഞാലി, മന്ദം തുടങ്ങി വിവിധയിടങ്ങളിലേക്കും എളുപ്പത്തില്‍ എത്താനാകും.
മാള ഭാഗത്ത് നിന്നും പറവൂരിലേക്ക് മാത്രം കുറഞ്ഞത് ആറ് കിലോമീറ്റര്‍ ദൂരമാണ് നിലവിലുള്ള വഴികളേക്കാള്‍ ലാഭം. എന്നാല്‍ പാലത്തിന് ഇരുവശങ്ങളിലുമുള്ള റോഡുകള്‍ക്ക് നിലവിലുള്ളതിനേക്കാള്‍ വീതി വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. വലിയൊരു സാദ്ധ്യതയിലേക്കാണ് പാലം തുറക്കപ്പെടുക. കടലോരങ്ങളില്‍ നിന്നും മലയോരങ്ങളിലേക്ക് തുറക്കപ്പെടുന്ന മറ്റൊരു പാലവും റോഡും സാമ്പത്തികമായും സാംസ്‌കാരികമായുമുള്ള ഉന്നമനത്തിന് ബലമേകും.
Next Story

RELATED STORIES

Share it