thrissur local

പുത്തന്‍ചിറ മാതൃ ശിശു സംരക്ഷണ കേന്ദ്രം തകര്‍ച്ചാഭീഷണിയില്‍

മാള: പുത്തന്‍ചിറ കുടുംബക്ഷേമ പൊതുജനാരോഗ്യ മാതൃശിശു സംരക്ഷണ വിഭാഗം കെട്ടിടം തകര്‍ച്ചാഭീഷണിയി ല്‍. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പുത്തന്‍ചിറ സാമൂഹ്യരോഗ്യ കേന്ദ്രത്തോടനുബന്ധിച്ചാണ് കുടുംബക്ഷേമ കേന്ദ്രത്തിന്റെ കെട്ടിടം സ്ഥിതി ചെയ്യുന്നത്. കാലപ്പഴക്കത്താല്‍ കെട്ടിടം ശോച്യാവസ്ഥയിലായതിനെ തുടര്‍ന്ന് ഹെല്‍ത്ത്  ഡിപ്പാര്‍ട്ട്‌മെന്റ് ഓഫിസ്  പ്രവര്‍ത്തനം ലാബിന്റെ മുകളിലുള്ള റൂമിലേക്ക് മാറ്റിയിരിക്കുകയാണ്.
ലാബിന്റെ മുകളിലുള്ള ഇടുങ്ങിയ മുറിയിലെ അസൗകര്യങ്ങള്‍ കാരണം ജീവനക്കാര്‍ ഏറെ ബുദ്ധിമുട്ടുകയാണ്. ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നുള്ള സേവനങ്ങള്‍ ലഭിക്കുന്നത്  ഉപയോഗമില്ലാതെ കിടക്കുന്ന ഓപറേഷന്‍  തിയറ്ററില്‍ നിന്നാണ്. ആയിരം ചതുരശ്രയടി വലുപ്പമുള്ള വിശാലമായ കെട്ടിടത്തില്‍ നിന്ന് മാതൃശിശു സംരക്ഷണ കേന്ദ്രം ഒറ്റമുറിയിലേക്ക് മാറ്റിയതോടെ പ്രവര്‍ത്തനം താളം തെറ്റുകയാണ്. പുത്തന്‍ചിറ, വേളൂക്കര ഗ്രാമപഞ്ചായത്തുകളിലെ കുടുംബക്ഷേമ ഉപകേന്ദ്രങ്ങളിലേക്ക് സേവനത്തിനായി നേഴ്‌സുമാര്‍ ഇവിടെ നിന്നാണ് പോകുന്നത്.
കുടുംബക്ഷേമ ഉപകേന്ദ്രങ്ങളിലേക്കുള്ള പ്രതിരോധ മരുന്നുകളും മറ്റും ഇവിടെയാണ്  സൂക്ഷിക്കുന്നത്. 1985 ല്‍ നിര്‍മിച്ച കെട്ടിടത്തിന്റെ സീലിങ്ങില്‍ നിന്ന് സിമന്റ് അടര്‍ന്ന് പോയി കമ്പികള്‍ പുറത്ത് കാണുന്ന സാഹചര്യമാണുള്ളത്. ഹെല്‍ത്ത് റിസേര്‍ച്ച് ആന്റ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ  അഡ്മിനിസ്‌ട്രേറ്റീവ് ബ്‌ളോക്കിന്റെ കെട്ടിടമാണ് തകര്‍ച്ചാ ഭീഷണിയിലായിരിക്കുന്നത്. മാതൃ ശിശു സംരക്ഷണം, ഗര്‍ഭിണികളുടെ പരിശോധന, കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പുകള്‍, ജനനി ശിശു സുരക്ഷാ യോജന, ആരോഗ്യ പോഷണ ക്ലാസ്, ഗര്‍ഭ നിരോധന മാര്‍ഗങ്ങള്‍, കൗമാര പ്രായക്കാര്‍ക്കുള്ള ആരോഗ്യ ബോധവല്‍ക്കരണ ക്ലാസുകള്‍, സാംക്രമിക രോഗ നിയന്ത്രണ പരിപാടി, ഗര്‍ഭിണികഗള്‍ക്കും അമ്മമാര്‍ക്കുമുള്ള മരുന്ന് വിതരണം, പ്രഥമ ശുശ്രൂഷ നല്‍കല്‍, ജീവിത ശൈലി രോഗ പരിശോധന, മരുന്ന് വിതരണം, ജലസ്രോതസുകളുടെ ശുചീകരണം, വയോജന പരിചരണം, സാന്ത്വന പരിചരണം, അയേണ്‍ ഗുളിക, ബ്ലീച്ചിംഗ് പൗഡര്‍, ഒ ആര്‍ എസ് വിതരണം തുടങ്ങിയ സേവനങ്ങളാണ് ഇവിടെ നിന്ന് ലഭിച്ചിരുന്നത്.
അപകട ഭീഷണിയിലായ പുത്തന്‍ചിറ മാതൃ ശിശു സംരക്ഷണ കേന്ദ്രം  കെട്ടിടത്തിന്റെ സ്ഥാനത്ത് പുതിയ കെട്ടിടം  നിര്‍മിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. കെട്ടിടത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി ഫണ്ട്  അനുവദിക്കണമെന്ന് എംഎല്‍എയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബ്ലോക്ക് പഞ്ചായത്ത്  വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി കെ  ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it