thrissur local

പുത്തന്‍ചിറ ഗ്രാമപ്പഞ്ചായത്ത് ഭരണം അനിശ്ചിതത്വത്തിലേക്ക്



മാള: പുത്തന്‍ചിറ ഗ്രാമപ്പഞ്ചായത്ത് ഭരണം അനിശ്ചിതത്വത്തിലേക്ക്. പുത്തന്‍ചിറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ വി സുജിത്ത്‌ലാല്‍ നേതൃത്വം നല്‍കിയിരുന്ന ജനകീയ കമ്മ്യൂണിസ്റ്റ് മൂവ്‌മെന്റ് കഴിഞ്ഞ 29ന് സി പി ഐയില്‍ ലയിക്കുകയും കോണ്‍ഗ്രസ് വിമതനായി മത്സരിച്ച് വിജയിച്ച എം പി സോണിയെ കോണ്‍ഗ്രസ് തിരിച്ചെടുക്കുകയും ചെയ്തതോടെയാണ് പുത്തന്‍ചിറ പഞ്ചായത്ത് ഭരണം അനിശ്ചിതാവസ്ഥയിലായത്. ഇതോടെ യുഡിഎഫിന് ഏഴും സുജിത്ത്‌ലാല്‍ അടക്കം എല്‍ഡിഎഫിന് ഏഴും അംഗങ്ങളായിട്ടുണ്ട്. ഇപ്പോള്‍  ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യമാണുള്ളത്. അതിനിടെ പഞ്ചായത്ത് പ്രസിഡന്റായ കെ വി സുജിത്ത്‌ലാലിനോട് സ്ഥാനം രാജിവെയ്ക്കാന്‍ സിപിഐ ഔദ്യോഗികമായി ആവശ്യപ്പെട്ടതായും സൂചനയുണ്ട്. പുത്തന്‍ചിറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ വി സുജിത്ത്‌ലാല്‍ നേതൃത്വം നല്‍കിയിരുന്ന ജനകീയ കമ്മ്യൂണിസ്റ്റ് മൂവ്‌മെന്റ് കഴിഞ്ഞ 29 നാണ് സിപിഐയില്‍ ലയിച്ചത്. സുജിത്ത്‌ലാല്‍ രാജിവെയ്ക്കണമെന്ന ഉപാധിയോടെയാണ് ലയനം സംബന്ധിച്ച് സിപിഐ ധാരണ ഉണ്ടാക്കിയത്. സിപിഎം പ്രതിനിധിയായി പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വഹിച്ചിട്ടുള്ള സുജിത്ത്‌ലാല്‍ പാര്‍ട്ടിയുമായി തെറ്റിയാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പ് ജനകീയ കമ്മ്യൂണിസ്റ്റ് മൂവ്‌മെന്റ് രൂപീകരിച്ചത്. തുടര്‍ന്ന് തിരഞ്ഞെടുപ്പില്‍ മത്സരിച്ച സുജിത്ത്‌ലാല്‍ വിജയിക്കുകയും ചെയ്തു. ആകെയുള്ള 15 അംഗ ഭരണസമിതിയില്‍ യുഡിഎഫിനും എല്‍ഡി എഫിനും ആറ് അംഗങ്ങള്‍ വീതവും ബിജെപിക്കും ജനകീയ കമ്മ്യൂണിസ്റ്റ് മൂവ്‌മെന്റിനും യുഡിഎഫ്. വിമതനുമായി ഓരോ അംഗവും ഉണ്ടായിരുന്നു. യുഡിഎഫ് വിമതനായ എം പി സോണിയെ എല്‍ഡിഎഫ് പ്രസിഡന്റ് സ്ഥാനത്തെത്തിച്ചു. തുടര്‍ന്ന് യുഡിഎഫ് സുജിത്ത്‌ലാലിനെ ഒപ്പം കൂട്ടി ബിജെപിയുടെ സഹായത്താല്‍ അവിശ്വാസ പ്രമേയം കൊണ്ടുവന്ന് സോണിയെ നീക്കി. പിന്നീട് പ്രസിഡന്റ് സ്ഥാനം സുജിത്ത്‌ലാലിന് യുഡിഎഫ് നല്‍കുകയായിരുന്നു. സുജിത്ത്‌ലാല്‍ പ്രസിഡന്റ് സ്ഥാനത്ത് എത്തിയതോടെ യുഡിഎഫില്‍ വലിയ പൊട്ടിത്തെറിയാണ് ഉണ്ടായത്. എന്നാല്‍ സുജിത്ത്‌ലാല്‍ സിപിഐയുമായി ചര്‍ച്ചകള്‍ തുടങ്ങിയപ്പോള്‍ യുഡിഎഫ് പിന്തുണ പിന്‍വലിച്ചു. പിന്തുണ പിന്‍വലിച്ചെങ്കിലും പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഇറക്കാനുള്ള അംഗബലം ഇല്ലാത്തത് യുഡിഎഫിനെ വെട്ടിലാക്കി. ഇതിനിടയില്‍ വിമതനായതിന്റെ പേരില്‍ നടപടി നേരിട്ട എം പി സോണിയെ കോണ്‍ഗ്രസ് തിരിച്ചെടുത്തിരിക്കുകയാണ്. സോണി കൂടി എത്തിയതോടെ യുഡിഎഫിന് ഏഴും സുജിത്ത്‌ലാല്‍ അടക്കം എല്‍ഡിഎഫിന് ഏഴും അംഗങ്ങളായിട്ടുണ്ട്. ഒരു അംഗം മാത്രമുള്ള ബിജെപി നിര്‍ണായകമാണ്. ബിജെപിയുടെ പിന്തുണ ആവശ്യമില്ലെന്നും അത്തരത്തില്‍ പ്രസിഡന്റ് സ്ഥാനത്ത് എത്തില്ലെന്നും ഇരു മുന്നണികളും നയപ്രഖ്യാപനം നടത്തിയതോടെ പുത്തന്‍ചിറയിലെ ഭരണം തുലാസിലാകും. വോട്ടെടുപ്പില്‍ ബിജെപി വിട്ടുനിന്നാല്‍ നറുക്കെടുപ്പിനാകും സാധ്യതയുള്ളത്. അതേസമയം പാര്‍ട്ടി വിട്ട് നിര്‍ണ്ണായക സമയത്ത് ഭരണം നഷ്ടപ്പെടുത്തുന്ന തരത്തില്‍ പരസ്യമായി വെല്ലുവിളി നടത്തി പ്രതിസന്ധി സൃഷ്ടിച്ച സുജിത്ത്‌ലാലിനേയും പാര്‍ട്ടിയേയും സിപിഐയില്‍ സ്വീകരിച്ചത് എല്‍ഡിഎഫില്‍ കല്ലുകടിയായിട്ടുണ്ട്. സുജിത്ത്‌ലാലുമായി അടുത്തിടെ ഉണ്ടായ തര്‍ക്കവും കയ്യാങ്കളിയും ഇതിന്റെ ഭാഗമായിരുന്നു. സുജിത്ത്‌ലാല്‍ സിപിഐ അംഗമായതോടെ പുത്തന്‍ചിറയിലെ എല്‍ഡിഎഫ്  നേതൃത്വവും വെട്ടിലായി. സുജിത്ത്‌ലാല്‍ കൊടും ചതിയാണ് ചെയ്തിട്ടുള്ളതെന്നാണ് സിപിഎമ്മിന്റെ നിലപാട്. അതേസമയം ജനകീയ കമ്മ്യൂണിസ്റ്റ് മൂവ്‌മെന്റും സുജിത്ത്‌ലാലും ബിജെപിയോട് അടുക്കാതിരിക്കാനാണ് സ്വാഗതം ചെയ്തതെന്നാണ് സിപിഐ നേതാക്കളുടെ വിശദീകരണം.
Next Story

RELATED STORIES

Share it